Thursday, March 6, 2014

ഫേസ്ബുക്ക്, അവഗണിക്കാനാകാത്ത മഹാമാധ്യമം

ഫേസ്ബുക്കില്‍ കുറേ പേര്‍ പച്ചയും കത്തിച്ചിരിക്കുന്നത് കൊണ്ട് കുറച്ചെങ്കിലും കാര്യമുണ്ടായില്ലേ,
രണ്ട് മൂന്ന് ഒണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലെ ത്രസിപ്പിക്കുന്ന ഇക്കിളി വര്‍ത്തമാനം മാത്രമായി ഒതുങ്ങുമായിരുന്ന ഒരു വാര്‍ത്ത, അതും ലോകം മുഴുവന്‍ ആരാധകവൃന്ദവും അതിലേറെ കോടിക്കണക്കിന് സമ്പത്തുമായി വിരാജിക്കുകയായിരുന്ന ഒരു പെണ്ണിന്‍റെ തനിനിറം പുറത്ത് കാണിക്കുന്ന ഒരു ഒരു വെളിപ്പെടുത്തല്‍ ഇന്ന് കാണുന്ന രീതിയില്‍ വിവാദമായതിന്‍റെ നൂറ് ശതമാനം ക്രഡിറ്റും ഫേസ്ബുക്കിനാണ്.
ഈ വിവാദമുണ്ടായ അന്ന് പലരും എഴുതിയിരുന്നു ഇത് രണ്ട് ദിവസത്തെ ഫേസ്ബുക്ക് സ്റ്റാറ്റസിനപ്പുറം കടക്കില്ലെന്ന്.
ആരും അതിലപ്പുറം പ്രതീക്ഷിച്ചിട്ടില്ല.
എന്നാല്‍ ആ വാര്‍ത്ത ചാനലുകള്‍ക്ക് തിരസ്കരിക്കാനാകാത്ത വിധം ഫേസ്ബുക്കില്‍ ചര്‍ച്ചയാവുകയുണ്ടായി. ഈ വിഷയത്തില്‍ മുന്‍നിര മാധ്യമങ്ങളുടെ മൌനവും ഏറെ വിമര്‍ശനം വരുത്തിവെച്ചു. അത് പോലെ ചില രാഷ്ട്രീയനേതാക്കളുടെ അസാമാന്യ വിധേയത്വവും. ഇത് പലരും ഫേസ്ബുക്കിലൂടെ തുറന്നെഴുതുകയും ചെയ്തു. ഇതിനെതിരെ നിയമനടപടി ഉണ്ടാവുമെന്ന പത്രവാര്‍ത്തയെയും പലരും പുച്ഛിച്ച് തള്ളി.
അവസാനം പല മാധ്യമങ്ങളും ആ മൌനം ഭജ്ഞിക്കേണ്ടി വന്നു. അല്ല, അതിന് നിര്‍ബന്ധിതരാവേണ്ടി വന്നു എന്ന് വേണം പറയാന്‍.
ഒരു പടി കൂടി കടന്ന് തട്ടിപ്പിന്‍റെ പല കഥകളും തെളിവ് സഹിതം അവതരിപ്പിക്കാന്‍ മുന്നോട്ട് വന്ന ചാനലുകാരെ അഭിനന്ദിക്കാതെ വയ്യ.
ഇന്നലെ കൈരളി ചാനല്‍ എം.ഡി. ജോണ്‍ ബ്രിട്ടാസ് ആരോപണമുന്നയിച്ച് സ്ത്രീയെ അങ്ങോട്ട് പോയി കണ്ട് അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്യുകയുണ്ടായി. അഭിമാനം തോന്നുന്നു, മാധ്യമധീരത ഇനിയും അവശേഷിക്കുന്നുണ്ടല്ലോ.

ഇനി മഠത്തിനും അമ്മക്കും ചെയ്യാവുന്ന ഒന്നുണ്ട്.
ഈ വെളിപ്പെടുത്തലിനെതിരെ കേസ് കൊടുക്കുക. ഇത് പ്രക്ഷേപണം ചെയ്ത ചാനലിനെതിരെയും. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തേ അമ്മ ഇത് ചെയ്യാത്തത്. വെളിപ്പെടുത്തല്‍ വന്ന അന്ന് ഇതിനെതിരെ പ്രതികരിക്കാതിരുന്നത് ന്യായീകരിക്കാം, വെറുതെ പ്രതികരിച്ച് കുളമാക്കണ്ട എന്ന് കരുതിയായിരിക്കാം,
ഇതിപ്പോ ഇത്ര വ്യക്തമായും സ്പഷ്ടമായും പേര് സഹിതവും ചാനല്‍ പുറത്ത് വിട്ടിരിക്കുകയാണ്. അതും കേരളം കേള്‍ക്കെ മകള്‍ വിളിച്ച് പറഞ്ഞിരിക്കുന്നു അമ്മയുടെ ചീഞ്ഞു നാറുന്ന ഇക്കിളിക്കഥകള്‍.

ഇപ്പോള്‍ ഒന്ന് മനസ്സിലായി ഫേസ്ബുക്ക് വെറും മുഖപുസ്തകം മാത്രമല്ല,
പലരുടെയും മുഖം മൂടി പിച്ചിച്ചീന്താനുള്ള ഒരു പുസ്തകം കൂടിയാണ്.

മറ്റൊന്ന് മുന്‍നിര ചാനല്‍ പത്ര മുതലാളിമാര്‍ മനസ്സിലാക്കണം,
നിങ്ങളൊക്കെ മൂടിവെച്ചാല്‍ കുഴിച്ച്മൂടാനാവില്ല ഈ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് യുഗത്തിലെ വാര്‍ത്തകളെ,
പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമായിരിക്കും.
പക്ഷെ, ഇവിടെ കണ്ണും കാതും കൂര്‍പ്പിച്ച് ഫേസ്ബുക്ക് എന്ന മഹാമാധ്യമവും അതിലെ അംഗങ്ങളും ലൈവാണ്.

8 comments:

  1. സത്യവും..അസത്യവും..അതും പുറം ലോകം അറിയണമെന്നില്ല പലപ്പോഴും!,,,rr

    ReplyDelete
    Replies
    1. അതിന് കടിഞ്ഞാണിട്ട് നിര്‍ത്തിയിരിക്കയാണ് പണച്ചാക്കുകള്‍

      Delete
  2. ഈ വാർത്തയിൽ സത്യമേത് അസത്യമേത് എന്നറിയില്ല.

    ഏതായാലും മൂടിവയ്ക്കാൻ രഹസ്യങ്ങളുള്ളവർക്ക് സോഷ്യൽ നെറ്റ്വർക്ക് ഒരു തലവേദന തന്നെയാണ്‌ . ഫേസ്ബുക്ക് അമേരിക്കൻ ചാരന്മാരുടെ വിദ്യായാണെന്നും അതുകൊണ്ട് ഇന്ത്യയിൽ നിരോധിക്കണമെന്നും മുൻപ് വാർത്തകൾ വന്നിരുന്നു. എങ്ങനെയെങ്കിലും പൂട്ടിക്കണമല്ലോ.

    ReplyDelete
    Replies
    1. ഈ മാധ്യമത്തെ ഇത്ര ഉപയോഗപ്രദമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കിത്തന്നത് അറബ് വസന്തം പോലോത്ത വിപ്ലവങ്ങളാണ്,
      തങ്ങള്‍ക്കും പലതും ചെയ്യാനറിയുമെന്ന് പലര്‍ക്കും ഒരു തിരിച്ചറിവ് കിട്ടി.
      രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ ഇതൊരു തലവേദന തന്നെയാണ്.
      എന്നാലും നിരോധിക്കാനൊന്നും മെനക്കെടില്ല.
      ഇല്ലാതിരിക്കട്ടെ

      Delete
  3. വേഡ് വേരിഫിക്കേഷന്മാറ്റൂ.

    ReplyDelete
  4. ആയിരം കുടങ്ങളുടെ വായ മൂടാം. അരമനുഷ്യന്റെ വായ മൂടാനാകുമോ എന്ന് പഴഞ്ചൊല്ല് പോലെ നവമാദ്ധ്യമങ്ങള്‍!!!

    ReplyDelete
    Replies
    1. ഇവിടെ ആയിരം വായകള്‍ ഒന്നിച്ച് ഒരേ ശബ്ദം പുറപ്പെടുവിക്കുന്നു,
      അവഗണിക്കാനാവില്ലാര്‍ക്കും

      Delete