Wednesday, February 26, 2014

സുധീര-സുകുമാര പതനം

സാധാരണയായി ഏത് വിവാദമുണ്ടായാലും ഏതെങ്കിലും ഒരു ഭാഗത്തിന് ഗുണവും മറുഭാഗത്തിന് ദോശവുമായി ഭവിക്കാറാണ് പതിവ്.
എന്നാല്‍ ഇന്നലെയുണ്ടായ സുകുമാര-സുധീര വിവാദത്തില്‍ രണ്ട് പേരുടെയും ഇമേജിന്‍റെ ഗ്രാഫ് താഴോട്ട് കൂപ്പുകുത്തുകയാണുണ്ടായത്.
സുധീരന്‍റെത് 80 ല്‍ നിന്ന് 55 ലേക്ക്,
സുകുമാരന്‍ നായരുടെത് 30 ല്‍ നിന്ന് 15 ലേക്ക്.

രാഷ്ട്രീയ നേതാക്കള്‍ സമുദായ സംഘടനകളുടെ ആസ്ഥാനത്തേക്ക് പോകരുതെന്ന വിലക്കൊന്നുമില്ല. മുസ്ലിം - ഹൈന്ദവ - കൃസ്ത്യന്‍ ആസ്ഥാനങ്ങളിലേക്ക് സാധാരണയായി രാഷ്ട്രീയ നേതാക്കള്‍ പോകാറുമുണ്ട്. രാഷ്ട്രീയത്തിനുപരി മതത്തിന് പരിഗണന കൊടുക്കുന്ന കേരളീയരുടെ ചിന്താഗതി കാരണം നാല് വോട്ട് കിട്ടണമെങ്കില്‍ ഇത് ചെയ്തേ ഒക്കൂ.

എന്നാല്‍ എല്ലാ സമുദായ ആസ്ഥാനങ്ങളെയും പോലെയല്ല എന്‍.എസ്.എസ് ആസ്ഥാനം.
അവിടെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് സന്ദര്‍ശനം നടത്തിയാല്‍ അതിന് കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിക്കാറുണ്ട്. എതിരാളികള്‍ അതിനെ വോട്ടുകച്ചവടമെന്നും അരമന കയറി നിരങ്ങിയെന്നൊക്കെ വിളിച്ച് ആക്ഷേപിക്കാറുമുണ്ട്.
തൊട്ടടുത്ത ദിവസം ആക്ഷേപിച്ചവര്‍ തന്നെ അങ്ങോട്ടേക്ക് ടിക്കറ്റ് തരപ്പെടുത്തുകയും ചെയ്യും.
വേദിയില്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ തറ ടിക്കറ്റെടുത്ത് സദസ്സിലിരിക്കാനും ഇവര്‍ മടികാണിക്കാറില്ല.
കേരളത്തിലെ വലിയൊരു വോട്ടുബാങ്കായ നായന്മാരുടെ ആസ്ഥാനമാണിതെന്നത് തന്നെയാണ് കാരണം.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ പോയിട്ട് മുഴുവന്‍ നായന്‍മാരുടെ പിന്തുണ തന്നെ ഇവര്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും പണ്ടുമുതലേയുള്ള ഒരു കീഴ്വഴക്കം ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ഇന്നലെ ആദര്‍ശ ധീരനായ ശ്രീമാന്‍ സുധീരനും അങ്ങോട്ടേക്ക് പോവുകയുണ്ടായി. സമുദായ നേതാക്കള്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് തെറിച്ച് പോട്ടെ എന്നൊക്കെ പ്രസ്താവിച്ച വി.ഡി സതീഷന്‍റെയും പ്രതാപന്‍റെയുമൊക്കെ ഉസ്താദായ സുധീരനാണിതെന്നോര്‍ക്കണം.
ഗ്രൂപ്പ് / സമുദായിക / പ്രാദേശിക പരിഗണനകളൊക്കെ കാറ്റില്‍ പറത്തി ആദ്യമായി കേരളത്തിലൊരു കെ.പി.സി.സി. പ്രസിഡന്‍റിനെ കണ്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ജനാധിപത്യ വിശ്വാസികളായ പരശ്ശതം കേരളീയര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ വരവിനെ സ്വാഗതം ചെയ്തത്.
അധികാരക്കസേരയും ആദര്‍ശവും ഒത്ത് നോക്കുമ്പോള്‍ സുധീരന്‍റെ മനസ്സിന് അല്‍പം ചെരിവുണ്ടായെങ്കില്‍ തെറ്റ് പറയുന്നവര്‍ കേരള രാഷ്ട്രീയം ആഴത്തില്‍ പഠിച്ചില്ലെന്ന് മനസ്സിലാക്കണം.
വിളിച്ചിട്ടല്ല ചെന്നതെന്ന നായരുടെ പ്രസ്താവനയും തെരഞ്ഞെടുപ്പ് അടുത്തതും എല്ലാം കൂട്ടിവായിച്ചാല്‍ സുധീരന്‍റെ നടപടിയും സ്വാഭാവിക തിണ്ണ നെരങ്ങലായേ കണക്കാക്കിക്കൂടൂ.

പിന്നെയുള്ളത് സുകുമാരന്‍ നായര്‍,
മന്നത്ത് പത്മനാഭന്‍ മുതല്‍ നാരായണപ്പണിക്കര്‍ വരെയുള്ള സമുന്നതരായ നേതാക്കളിരുന്ന കസേരയിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് നായര്‍.
ശരീരഭാഷയും മുഖത്തെ ഭാവങ്ങളും കണ്ടാല്‍ അഭിമാനിയാണെന്ന് തോന്നിക്കുമെങ്കിലും വായ തുറന്നാല്‍ മനസ്സിലാവും അത് അഹന്തയുടെയും അഹങ്കാരത്തിന്‍റെതുമാണെന്ന്.
എത്ര എതിര്‍പ്പുള്ളയാളാണെങ്കിലും വീട്ടില്‍ കയറി വന്നാല്‍ മാന്യതയോടെ സ്വീകരിക്കുന്ന "അഥിതി ദേവോ ഭവ" എന്ന ഭാരതസംസ്ക്കാരം നായര്‍ മറന്ന് പോയതോ, അതോ അന്ധമായ വ്യക്തി വൈരാഗ്യവും അഹന്തയും കാരണം മറന്ന് കളഞ്ഞതോ.
എസ്.എന്‍.ഡി.പിയുമായി കൈ കോര്‍ത്തുണ്ടാക്കിയ സഖ്യം ദിവസങ്ങള്‍ കൊണ്ട് പടിയടച്ച് പിണ്ഡം വെച്ചതും ഈ അഹങ്കാരം കാരണം തന്നെ.

ഏതായാലും ഒന്നുണ്ട്,
കേരളത്തിലെ എന്‍എസ്എസെന്ന മഹത്തായ പ്രസ്ഥാനത്തെ കൊളം തോണ്ടിയിട്ടേ ഇയാള്‍ അടങ്ങുള്ളൂ.
അതില്ലാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

Thursday, February 20, 2014

ഉമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം

ഇന്ന് നാട്ടില്‍ നിന്ന് ഏട്ടന്‍ വരികയുണ്ടായി...
വന്നപാടെ നീട്ടിതന്നത് ഒരു പൊതി
അതിലുണ്ടായിരുന്നത് ഉമ്മാന്‍റെ കൈ കൊണ്ടുണ്ടാക്കിയ
കുയ്യപ്പ (ഉണ്ണിയപ്പം) വും ചക്ക പൊരിച്ചതും...

അതങ്ങനെയാ ഗള്‍ഫുകാര്‍ തിരിച്ച് വരുന്പോള്‍ അത്യാവശ്യ സാധനങ്ങളെക്കാള്‍ ഉണ്ടാവുക കോഴിയടയും അച്ചാറും വാഴക്കാ ചിപ്സുമാണ്....
പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ മറന്നാലും
കോഴിയട എടുക്കാതെ ആരും തിരിച്ച് വരാറില്ല...

പണ്ടൊക്കെ പലപ്പോഴും പലരുടെയും പെട്ടി കെട്ടുംപോള്‍ ചിന്തിക്കാറുണ്ട്,
ഇവരൊക്കെ ഗള്‍ഫില്‍ പോവുന്നത് തിന്നാനാണോയെന്ന്...
ഇപ്പോഴാ അതിന്‍റെയൊക്കെ ഒരു ഗുട്ടന്‍സ് പിടികിട്ടുന്നത്.
അഞ്ച് റിയാല്‍ കൊടുത്താല്‍‌ ഉണ്ണിയപ്പത്തിന്‍റെ ഒരു പാക്കറ്റ് കിട്ടും എല്ലാ ഗ്രോസറികളിലും...
എന്നാലും ഉമ്മാന്‍റെ കൈ കൊണ്ടുണ്ടാക്കിയത് തിന്നുന്പോള്‍ വേറൊരു ടേസ്റ്റാണ്...
ഓരോ സുലൈമാനിയിലും മുഹബ്ബത്തുണ്ട് എന്ന് പറഞ്ഞ പോലെയാ,
ഓരോ ഉണ്ണിയപ്പത്തിലും ഉമ്മാന്‍റെ സ്നേഹം ചാലിച്ചിട്ടുണ്ട്....

കോളേജില്‍ പഠിക്കുന്ന കാലത്ത് മാസത്തിലൊരിക്കല്‍
ഉപ്പ വരുന്പോള്‍ കടലമിട്ടായി കൊണ്ട് വരാറുണ്ട്,
അന്നൊക്കെ അത് ഒറ്റക്ക് തിന്ന് തീര്‍ക്കലായിരുന്നു...
ആര്‍ത്തി മാത്രമല്ല കാരണം,
ആര്‍ക്കെങ്കിലും കൊടുത്താലും അവര്‍ക്കത് കടലമിട്ടായിയുടെ ഒരു കഷ്ണം മാത്രം,
എനിക്കാണെങ്കില്‍ അത് ഉപ്പ കൊണ്ടത്തന്നതാണ്, അത് തന്നെ വ്യത്യാസം.

പക്ഷെ, ഇവിടെയങ്ങനെയല്ല കെട്ടോ, ഇവിടെ ആര് എന്ത് നാട്ടില്‍ നിന്ന് കൊണ്ട് വന്നാലും എല്ലാരും കൂടി തിന്നങ്ങ് തീര്‍ക്കും...
ആര് കൊണ്ടുവന്നതായാലും ഏതെങ്കിലും ഒരു ഉമ്മ ഉണ്ടാക്കിയതല്ലേ....

കഥ പറയുന്ന കുഞ്ഞുപുസ്തകം

പാസ്പോര്‍ട്ട്,
കാണുന്നവര്‍ക്കത് ഒരു കുഞ്ഞുപുസ്തകം,
ഉള്ളില്‍ തുടക്കത്തിലും അവസാനത്തിലും കുറച്ച് വ്യക്തികത വിവരങ്ങള്‍ മാത്രം,
ബാക്കിയെല്ലാം കാലി പേജുകള്‍,

എന്നാല്‍ പലതും വായിച്ചെടുക്കാനുണ്ടിതില്‍...
ഒരായുസ്സിന്‍റെ മുഴുവന്‍ ചരിത്രങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടതില്‍,
ആദ്യമായി പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുന്നവര്‍ സ്വപ്നങ്ങളുടെ ആകാശക്കോട്ടകള്‍ കെട്ടുമതില്‍,
ആ സ്വപ്നങ്ങളിലെ രാജകുമാരനായി താനൊരിക്കല്‍ വാഴുമെന്ന പ്രതീക്ഷയും,

പ്രവാസിയായിക്കഴിഞ്ഞാല്‍ കഥ മാറി,
ഓരോ പേജിലും പരാധീനതകളുടെയും പരിഭവങ്ങളുടെയും രേഖപ്പെടുത്തലുകള്‍,
മണപ്പിച്ച് നോക്കിയാല്‍ വിയര്‍പ്പും ഫോറിന്‍ അത്തറും
കൂടിച്ചേര്‍ന്ന ഗന്ധം,
കാതോരം ചേര്‍ത്ത് വെച്ചാല്‍ പലരുടെയും ആട്ടും തുപ്പും
സ്വന്തം ദീനരോദനവും കൂടിച്ചേര്‍ന്ന ശബ്ദം കേള്‍ക്കാം.

പ്രവാസം മതിയാക്കിയവനത് കാണുമ്പോ ഒരു തരം വെറുപ്പായിരിക്കും,
തന്‍റെ കൌമാര സ്വപ്നങ്ങളുടെയെല്ലാം തല്ലിക്കെടുത്തിയ കാലനോടെന്നപോലെ,

ഉള്ളതും കെട്ടിപ്പെറുക്കി കനവുകളുടെ മരഭൂവിലേക്ക്
വിമാനം കയറാന്‍ എല്ലാര്‍ക്കും വ്യഗ്രതയാണ്.
അകലങ്ങളില്‍ നിന്ന് നോക്കിക്കണ്ട പ്രവാസമല്ല യാഥാര്‍ത്ഥ്യങ്ങളുടെ പ്രവാസമെന്ന് മനസ്സിലാക്കാന്‍ അധികം വേണ്ടി വരില്ല,
പിന്നെ നാട്ടില്‍ പിടിക്കാനുള്ള വ്യഗ്രതയായി,
അതോടെ പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ സീലുകളുടെ എണ്ണവും കൂടും....

'ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം' എന്ന പറഞ്ഞ പോലെ പാസ്പോര്‍ട്ട് കണ്ടാലറിയാം ആളുടെ സാമ്പത്തിക സ്ഥിതി,
സ്ഥിരമായി വന്നും പോയുമിരിക്കുന്ന ശരാശരിക്ക് മുകളില്‍ സാമ്പത്തികാവസ്ഥയുള്ളവരാണെങ്കില്‍ പാസ്പോര്‍ട്ട് പഴകിയപോലിരിക്കും,
ഉള്ളില്‍ എല്‍.പി. സ്കൂള്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ കുത്തിവരച്ച പോലെ അവിടെയുമിവിടെയും സീലടിച്ച് നിറച്ചിട്ടുണ്ടാവും
അല്ലാത്തവന്‍റെത് ഒന്നാം റാങ്കുകാരന്‍റെ ആന്‍സര്‍ഷീറ്റ് പോലെയും.....

ചുരുക്കത്തില്‍ എല്ലാത്തിനും സാക്ഷിയായി ഈ കുഞ്ഞുപുസ്തകം....

പ്രവാസിയുടെ ഫോണ്‍വിളി

വിളിച്ചില്ലല്ലോ,
ബാപ്പ വിളിച്ചില്ലല്ലോ...
ഫോണ് വിളിച്ചില്ലല്ലോ,
എന്‍റെപുന്നാര ബാപ്പാ.....

കത്ത് പാട്ടുകളില്‍ എന്നും നിറഞ്ഞ് നിന്നിരുന്ന വിഷയമായിരുന്നു പ്രവാസിയുടെ ഫോണ്‍വിളി,
കാലാന്തരങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നെന്നത് നേര് തന്നെ,
പണ്ടൊക്കെ ഫോണ്‍ വിളിക്കാന്‍ കിലോ മീറ്ററോളം നടന്ന് പോയി ലൈന്‍ നിന്ന് ബുക്ക് ചെയ്ത് വിളിക്കേണ്ടി വന്നിരുന്നെന്ന് പഴയകാല പ്രവാസികള്‍ പറയുന്നത് കേള്‍ക്കുമ്പോ ന്യൂജനറേഷന്‍ പ്രവാസികള്‍ക്ക് ഒരു പുച്ഛമാണ്.
പല ഗ്രോസറികള്‍ക്ക് മുന്നിലും പഴയ പ്രൌഡിയൊന്നുമില്ലാതെ ഒറ്റക്കാലില്‍ നില്‍ക്കുന്ന പബ്ലിക് ടെലഫോണുകള്‍ ആ കാലത്തേക്ക് വലിച്ച് കൊണ്ട് പോകും...

ടെലഫോണും മൊബൈലുമൊന്നും സജീവമാകാത്ത കാലത്ത് അക്കരെ നിന്നെത്തുന്ന ഫോണ്‍വിളി ഏറെ മധുരമുള്ളതായിരുന്നു. ടെലഫോണുള്ള വീട്ടിലെ കുട്ടികള്‍ക്കായിരുന്നു പണി കൂടുതല്‍,
ഫോണ്‍ നമ്പറുകള്‍ കൈമാറുമ്പോ അയല്‍വാസിയുടെ നമ്പറാണെങ്കില്‍ ബ്രാക്കറ്റില്‍ (PP) എന്ന് കൂടി നല്‍കും. "പോയി പറയുക" എന്നായിരുന്നു ഇതിന്‍റെ പൂര്‍ണരൂപം. ഈ പോയിപ്പറയല്‍ കുട്ടികളുടെ ട്യൂട്ടിയായിരിക്കും.
അങ്ങനെ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലെത്തുന്ന മാരന്‍റെ ശബ്ദത്തിനെങ്ങിനെ മധുരമില്ലാതിരിക്കും....

മൊബൈലുകള്‍ സജീവമായതോടെ പിന്നെ ട്രങ്ക് കോളുകളായി,
നാട്ടിലെ നമ്പറില്‍ നിന്ന് വിളിച്ച് പറയും, നിങ്ങള്‍ക്ക് ഗള്‍ഫില്‍ നിന്നൊരു കോളുണ്ടെന്ന്, ശേഷം ഗള്‍ഫില്‍ നിന്ന് കോണ്‍ഫ്രന്‍സ് കോളെത്തും. എന്തോ തരികിട പണിയാണെന്നത് കൊണ്ട് തന്നെ ഇതിന്‍റെ വിശദാംശങ്ങളന്വേഷിക്കാന്‍ പോയിട്ടില്ല.

നെറ്റ് കോളുകള്‍ വന്നതോടെ ഇതിനെല്ലാം മാറ്റം വന്നു.
ഗള്‍ഫ് വിളിക്ക് മധുരവും കുറഞ്ഞു.
വിളിക്കുന്നത് നെറ്റില്‍ നിന്നാണെങ്കില്‍ മൊബൈലില്‍ നമ്പര്‍ തെളിയും
+3354216 Calling......
അപ്പോ തന്നെ ഉപ്പ പറയും,
"ഞാന്‍ ഇവിടില്ലാന്ന് പറഞ്ഞേക്ക്,"
മോന്‍ പറയും
"ഞാന്‍ കളിക്കാന്‍ പോയെന്ന് പറഞ്ഞേക്ക്"
ആ സ്ഥിതിയായിപ്പോ കാര്യങ്ങള്‍...,
കാരണം മറ്റൊന്നുമല്ല, ഇത്ര ചീപ്പ്റേറ്റിന് വിളിക്കാനുള്ളത് കൊണ്ട് ഫോണ്‍ വെക്കൂല, പറയാനാണെങ്കീ വിഷയവുമുണ്ടാകില്ല...
"പിന്നെന്താ", "പിന്നെന്താ" എന്ന് ഒരു നൂറ് വട്ടം ചോദിക്കും,
പിന്നൊന്നും പറയാനില്ല, അത് തന്നെ കാരണം.
മൊബൈലില്‍ നിന്നാവുമ്പോ കാര്യം മാത്രം പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്തോളുമല്ലോ...

നെറ്റ് കോളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ സെറ്റ് ചെയ്ത് വെക്കുന്നവരുമുണ്ട്, അങ്ങനെ വെച്ചാല്‍ രണ്ടുണ്ട് കാര്യം,
വിളിക്കുമ്പോ മറുതലക്കന്ന് ചോദിക്കും,
" അല്ലാ, ഞ്ഞി മൊബൈല്ന്നാണോ വിളിക്കുന്നത്, പൈസ പോവൂലെ,"
"ആ, അതൊന്നും പ്രശ്നല്ല, ങ്ങള് പറീ..."
എന്ന് പറയുമ്പോ കിട്ടുന്ന വെയിറ്റ്...
അഥവാ അധികം പറയാനൊന്നൂല്ലെങ്കീ
" ആ, ഞാന്‍ പിന്നെ നെറ്റ്ന്ന് വിളിക്കാം"
ന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കുകയും ചെയ്യാലോ.....

പ്രവാസികളുടെ പരസ്പര ബന്ധത്തിന് വരെ നെറ്റ്കോളുകള്‍ കാരണമായിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാവില്ല, നെറ്റ് വിളി കാരണം പരസ്പരം സംസാരിക്കാന്‍ പോലും പലര്‍ക്കും നേരം കിട്ടാറില്ല പോലും....
വിളിവിളിച്ച് അപ്പുറത്തുള്ളവന്‍റെ ഉറക്കം കളയുകയും ചെയ്യും.

ന്നാലും കല്യാണം കഴിഞ്ഞെത്തുന്ന പുയ്യാപ്ലമാര്‍ക്ക് ഇത് വല്യ അനുഗ്രഹം തന്നെ, അതിനെ പറ്റിപ്പറയാന്‍ ഈ അവിവാഹിതനറിയാത്തത് കൊണ്ട് നിര്‍ത്തുന്നു...
ന്നാ ശരി....

പ്രവാസിയുടെ കത്ത്


ഏഷ്യാനെറ്റ് ന്യൂസില്‍ ഈയടുത്തൊരു ഫീച്ചര്‍ കാണാനിടയായി,
ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവയച്ച കത്തുകള്‍ ഒരുമിച്ച് കൂട്ടി സൂക്ഷിച്ച് വെച്ച ഭാര്യ,
കണ്ടപ്പോള്‍ ആദ്യം നട്ടപ്പിരാന്ത് എന്ന് തോന്നിയെങ്കിലും സംഗതി ഗംഭീരം തന്നെ,
എല്ലാം കൂടി അട്ടിക്ക് വെച്ചപ്പോള്‍ കെട്ട്കണക്കിന് കത്തുകള്‍,
ഇപ്പോഴും പരസ്പരം കത്തയക്കാറുണ്ടത്രെ അവര്‍....

പണ്ടൊക്കെ പ്രവാസികള്‍ നാട്ടിലേക്കും തിരിച്ചും വന്നാല്‍ ആദ്യം ചോദിക്കുക എഴുത്തുണ്ടോ എന്നായിരുന്നത്രെ,
പ്രിയപ്പെട്ടവര്‍ ഹൃദയം തുറന്നെഴുതുന്ന എഴുത്തുകള്‍ക്ക് മധുരമേറെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ...

“ഓ, നീയാരാ കത്തിനെക്കുറിച്ചെഴുതാന്‍, നിനക്കിതൊക്കെ പരിചയമുണ്ടോ” എന്ന് ചോദിക്കാന്‍ വരട്ടെ,
ജീവിതത്തില്‍ പത്താം വയസ്സ് മുതല്‍ അരപ്രവാസം അനുഷ്ഠിച്ചത് കൊണ്ട് തന്നെ കത്തുകളെകുറിച്ച് പറയാന്‍ കുറച്ചെങ്കിലും അവകാശമുണ്ടന്ന് വിചാരിക്കുന്നു,
പന്ത്രണ്ട് വര്‍ഷത്തെ (കോടതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവപര്യന്തം) ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ ആദ്യകാലങ്ങളില്‍ കത്ത് തന്നെയായിരുന്നു എന്‍റെയും വീട്ടുകാര്‍‌ക്കുമിടയിലുള്ള പാലം.

അന്നൊക്കെ വീട്ടിലേക്ക് കത്തെഴുതുന്നതില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.
കത്ത് തുടങ്ങുന്നതിങ്ങനെ,
“സനേഹം നിറഞ്ഞ ഉപ്പ, ഉമ്മ, ഉമ്മാമ,..............”
ഉമ്മാമയുടെ പേര് എഴുതിയതിന് ശേഷം അനിയന്മാരുടെ ഓരോരുത്തരുടെയും പേര് എഴുതണം, ഇല്ലെങ്കില്‍ അവര്‍ക്കത് വിഷമമാകുമത്രെ.
കത്ത് വീട്ടിലെത്തിയാല്‍ അനിയന്മാ‍രൊക്കെ സ്വന്തം പേര് കത്തിലുണ്ടോ എന്ന് ചോദിക്കുമായിരുന്നെന്ന് ഉമ്മ പറഞ്ഞപ്പോഴായിരുന്നു കത്തിലെന്തൊക്കെയോ അടങ്ങിയിട്ടുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്.

എല്ലാവരുടെയും പേരെഴുതിക്കഴിഞ്ഞാല്‍ അടുത്ത വാക്യം “എനിക്കിവിടെ സുഖം തന്നെ, നിങ്ങള്ക്കും അങ്ങനെയെന്ന് വിചാരിക്കുന്നു” എന്നായിരിക്കും,
ഇതെഴുതിയില്ലെങ്കില്‍ മോനെന്തെങ്കിലും അസുഖമുണ്ടെന്ന് വിചാരിക്കും ഉമ്മ,
പൊന്നുമ്മയുടെ ഈ ഹൃദയത്തിന് പകരമെന്തുണ്ട്....

അന്നൊക്കെ കാര്യമായി മാസാന്ത ലീവ് അറിയിക്കാനായിരുന്നു കത്തെഴുതിയിരുന്നത്, ലീവിന് രക്ഷിതാവിന്റെ കൂടെ മാത്രമേ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ, അത് കൊണ്ട് തന്നെ കത്തെഴുതുമ്പോള്‍ ലീവിന്‍‌റെ തിയ്യതി ഇന്ത്യ വേള്‍ഡ് കപ്പ് നേടിയ അന്നത്തെ മനോരമയുടെ ഹെഡിംഗിന്‍റെ അത്ര വലുപ്പത്തില്‍ എഴുതിക്കാണിക്കുമായിരുന്നു.
അഥവാ തിയ്യതി അറിയാതെ പോയാല്‍ മാസത്തില്‍ രണ്ട് ദിവസത്തെ ലീവാണ് നഷ്ടപ്പെടുന്നതെന്ന പേടി തന്നെ കാരണം. അമ്പത് പൈസയുടെ കാര്‍ഡി ല്‍ ഇതെഴുതിയാല്‍ തന്നെ സ്ഥലം തീര്‍ന്ന് പോവും....

വീണ്ടും പ്രവാസിയുടെ കത്തിലേക്ക് തന്നെ വരാം,
പണ്ടൊക്കെ കത്ത് വന്നാല്‍ എല്ലാവരും കൂടിയിരുന്ന് വായിക്കാറായിരുന്നത്രെ പതിവ്,
ഓരോരുത്തരുടെ വീട്ടിലെ വിവരങ്ങളും സഹമുറിയന്മാര്ക്ക് കാണാപാഠമായിരുന്നത്രെ,
ഇന്നിപ്പോ, ഫേസ്ബുക്കും ചാറ്റിംഗും സ്കൈപ്പുമൊക്കെയായതോടെ ഓരോരുത്തരും അവനവന്‍റെ ലോകത്തേക്ക് ചുരുങ്ങിപ്പോയെന്ന് മാത്രം,
സഹമുറിയന്മാരെ വിട്ട് സ്വന്തം ലാപ്ടോപ്പും കുറേ ഒണ്‍ലൈന്‍ സുഹൃത്തുക്കളും മാത്രമായിച്ചുരുങ്ങി പ്രവാസിയുടെ സൌഹൃദ് വലയം....

പ്രവാസികള്‍ക്ക് വീട്ടില്‍ നിന്നും തിരിച്ചുമുള്ള കത്തുകള്‍ എപ്പോഴും രണ്ട് ഭാഗമായിരിക്കുമെന്ന് കേട്ടിട്ടുണ്ട്.
ഒന്ന് പബ്ലിക്കായത്,
ആ വിവരങ്ങള്‍ വീട്ടിലെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതെല്ലാവരും കൂടിയിരുന്ന് വായിക്കും, നാട്ടില്‍ നിന്നുള്ളതാണെങ്കില്‍ റൂമിലെല്ലാവര്ക്കും വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും,
ഈ കത്തില്‍ പരിഭവങ്ങളോ ആവശ്യങ്ങളോ വേദനകളോ ഒന്നുമുണ്ടാകില്ല, വീട്ടിലെ കുറിഞ്ഞിപ്പൂച്ച പെറ്റത് മുതല്‍ അങ്ങട്ടേലെ രാഘവന്റെ് പെണ്ണുമ്പിള്ള ഒളിച്ചോടിയത് വരെ അതിലുണ്ടാകും....

രണ്ടാമത്തെ കത്ത് പുയ്യാപ്ലക്ക് മാത്രമായി പെണ്ണുമ്പിള്ള അയക്കുന്നതാണ്,
അതിലെന്താ ഉണ്ടാവാറെന്ന് പടച്ചോനാണെ, എനിക്കിത് വരെ അറിയാന്‍ കഴിഞ്ഞിട്ടില്ല, അറിയുന്നവര്‍ പറയട്ടെ.....

പ്രവാസം, അടുക്കളപ്പണിയുടെ പഠിപ്പുര

"മ്മാ...., ചോറ്ങ്ങെട്ത്തോ"
ന്നും പറഞ്ഞായിരിക്കും വീട്ടിലേക്ക് കയറിച്ചെല്ലാറ്,
ചോറും കറിയും മുന്നില്‍ കൊണ്ട് വച്ചാല്‍ മാത്രം തിന്ന് കൊടുക്കും,
ഇങ്ങനെയായിരുന്നു നമ്മിലധിക പേരും വീട്ടില്‍,
അടുക്കള കണ്ടവര്‍ ചുരുക്കം,
പീട്യേ പോയി വല്ല സാധനവും വാങ്ങാന്‍ പറഞ്ഞാല്‍ കേട്ടഭാവം പോലും നടിക്കില്ല,

പക്ഷെ, ഇവരൊക്കെ ഗള്‍ഫില്‍ വന്നാല്‍ സൂപ്പര്‍ പണ്ടാരികളായി മാറിയിട്ടുണ്ടാവും,
നേരാം വണ്ണം ഒരു ഉള്ളി വെട്ടാന്‍ പോലും അറിയാത്തവരൊക്കെ ഗള്‍ഫില്‍ വന്ന് ബിരിയാണിയും മജ്ബൂസുമൊക്കെ വെക്കുന്നത് കണ്ടാല്‍ അന്തം വിട്ട് നിന്ന് പോകും,

പ്രവാസി ഭക്ഷണങ്ങള്‍ക്ക് പ്രത്യേകതകളേറെയാണ്,
ആദ്യമായി പ്രഭാത ഭക്ഷണം,
മുക്കാല്‍ ഭാഗം പ്രവാസികള്‍ക്കും പ്രഭാത ഭക്ഷണം എന്നൊന്നില്ലെന്നതാണ് സത്യം,
കയ്യില്‍ കാശില്ലാഞ്ഞിട്ടോ, ഉള്ളത് ചെലവാക്കാന്‍ മടിയായിട്ടോ, അല്ലെങ്കില്‍ വീ്ട്ടുകാര്‍ക്ക് വേണ്ടി കരുതി വെച്ചതാണെന്നും പറഞ്ഞ് വല്ലവന്‍റെയും സിമ്പതി വാങ്ങിക്കാന്‍ വേണ്ടിയോ ഒന്നുമല്ല കെട്ടോ,

രാവിലെ എട്ട് മണിക്ക് ഡ്യൂട്ടി തുടങ്ങുന്നവനാണേല്‍ എണീക്കുന്നത് ഏഴരക്ക്, പതിനഞ്ച് മിനിറ്റ് കൊണ്ട് പല്ല് തേപ്പും കുളിയും,
ബാക്കി പതിനഞ്ച് മിനിറ്റ് മതിയാകില്ല ജോലിസ്ഥലത്തെത്താന്‍, പിന്നെയെവിടെ രാവിലെ ചായ കുടിക്കാന്‍ നേരം...
പോകുന്ന വഴിക്ക് ഒരു സാന്‍റവിച്ചോ കാലിച്ചായയോ വാങ്ങിക്കുടിച്ചെങ്കിലായി..., അത്ര തന്നെ,

അത് കൊണ്ട് തന്നെ ഉച്ചക്കും രാത്രിയുമുള്ള ഭക്ഷണം മാത്രമാണ് പ്രവാസിക്ക് വിധിച്ചിട്ടുള്ളത്,

കാര്യമായി രണ്ട് ഭക്ഷണങ്ങളാണ് പ്രവാസിക്കുള്ളത്,
കുബ്ബൂസും മജ്ബൂസും,
മജ്ബൂസ് പതിയെപ്പതിയെ മലയാളക്കര പിടിച്ചിട്ടുണ്ടെങ്കിലും തനതായ കുബ്ബൂസിപ്പോഴും കേരളത്തിലെത്തിയിട്ടില്ല,
കുബ്ബൂസും മജ്ബൂസും വെറും ഭക്ഷണങ്ങളല്ല,
ഒരു സംസ്ക്കാരത്തിന്‍റെ കൂടി ഭാഗമാണ്.
അറബിയും മലയാളവും കുറേ ബുദ്ധിമുട്ടുകളും കുരുട്ടുബുദ്ധിയും കുനിഷ്ടുമെല്ലാം കൂടിച്ചേര്‍ന്ന ഒരു സംസ്ക്കാരത്തിന്‍റെ ഭാഗം,

ബാച്ചിലേഴ്സിന് ഒരനുഗ്രഹം തന്നെയാണ് കുബ്ബൂസ്,
തൊട്ടുകൂട്ടാന്‍ തക്കാളി ചാലിച്ച കറിയുണ്ടെങ്കില്‍ പ്രവാസിക്കത് മതി കൂട്ടിയടിക്കാന്‍...
അതും വേണമെന്നില്ല, ഗ്രോസറികളില്‍ കിട്ടും ഒരു രിയാലിന് തൈര് പാക്കറ്റ്, അത് തന്നെ ധാരാളം,

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏവരെയും കാണാം കുബ്ബൂസിന്‍റെ കസ്റ്റമേഴ്സില്‍, പണത്തിനും പദവിക്കുമനുസരിച്ച് ചിലപ്പോ കൂട്ടുകറിയില്‍ മാറ്റം വന്നേക്കാം, എന്നാലും കുബ്ബൂസായിരിക്കും താരം.

പിന്നെയുള്ളത് മജബൂസ്,
ബിരിയാണിയുടെ അനിയനായിട്ട് വരും,
അറബികള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണമെന്തെന്നറിയില്ല,
പ്രവാസികള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണം പാകം ചെയ്യാനുള്ള സുഖം തന്നെ,
മസാലയില്‍ ഇറച്ചിവേവിച്ച് അരിയുമിട്ട് വറ്റിച്ചെടുത്താല്‍ മജ്ബൂസായി,
നാടന്‍ ചോറാവുമ്പോ കറി, ഉപ്പേരി, മീന്‍ തുടങ്ങിയവയെല്ലാം വേണം, മജ്ബൂസാവുമ്പോ ഇതൊന്നും വേണ്ട, അത് തന്നെ,

ചുരുക്കിപ്പറഞ്ഞാല്‍ ഈ കുബ്ബൂസും മജ്ബൂസുമില്ലായിരുന്നെങ്കില്‍......

"ഇല്ലായിരുന്നെങ്കില്‍....??"

വേറെന്തെങ്കിലും ഒണ്ടാക്കിക്കഴിക്കും, അല്ല പിന്നെ....

പ്രവാസി ചിത്രങ്ങള്‍, ഫേസ്ബുക്കില്‍ കാണാത്തവ


ഫേസ്ബുക്കിലും വാട്ട്സപ്പിലുമൊക്കെ പോസ്റ്റുന്ന ഗള്‍ഫ് ഫോട്ടോകള്‍ മാത്രമല്ല പ്രവാസിയുടെ ചിത്രങ്ങള്‍
എഫ്ബിയിലോ മറ്റു സോഷ്യല്‍ സൈറ്റുകളിലോ കയറാത്ത പല ചിത്രങ്ങളുമുണ്ടിവിടെ,
ഒരു പക്ഷെ, മൊബൈലിന്‍റെ കാമറക്കണ്ണുകളില്‍ പോലും പതിയാത്തവ,
ആദ്യമേ പറയുന്നു, ഞാനടക്കം ആരും ഇതില്‍ പെടാത്തവരായില്ല,

എസിയുടെ തണുപ്പ് സഹിക്കാനാവുന്നില്ല എന്ന് പറയുമ്പോ വോയ്പ് കോളിലൂടെ കേള്‍ക്കുന്ന നാട്ടുകാരറിയുന്നുണ്ടോ ആവോ,
കവറ് പോലും ഇല്ലാതെ സൈഡില്‍ തുണി തിരുകി വെച്ച് ഇടയിലൂടെ ഓലപ്പുരയെ അനുസ്മരിപ്പിക്കുംവിധം ഉള്ളിലേക്ക് സൂര്യ പ്രകാശം അരിച്ചിറങ്ങുന്ന ഏ.സിയാണ് റൂമിലെന്ന്....

ഇന്നും ഖുബ്ബൂസിന് കൂട്ടാന്‍ കോഴിയാണെന്ന് പറയുമ്പോ കേള്‍ക്കുന്നോരറിയുന്നില്ലായിരിക്കാം, അറുത്തതിന് ശേഷം മാസങ്ങളോളം ഫ്രിഡ്ജില്‍ കിടന്ന് ഐസ് കട്ടയായിട്ടും മോക്ഷം കിട്ടാതെ പാകം ചെയ്ത ശേഷവും ഫ്രിഡ്ജില്‍ കിടന്ന് തണുത്ത കോഴിക്കറി ചൂടാക്കിയതും കൂട്ടിയിട്ടാ അവര്‍ കഴിക്കുന്നതെന്ന്....

at CITY CENTRE, Doha - Qatar എന്ന തലവാചകത്തിനടിയില്‍ മാളിലെ ഐസ് സ്കേറ്റിംഗിനടുത്ത് നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടും,
Nice...!!!, Wow....!!!!, എന്നൊക്കെ കമന്‍റും വരും, ലൈക്കും ധാരാളം,
എന്നാലും സാധനം വാങ്ങാന്‍ ഈ പ്രവാസിയൊക്കെ പോകുന്നത് പറ്റ് ബുക്കുമെടുത്ത് (പീടികയിലെ കണക്ക് ബുക്ക്) അടുത്തുള്ള മലയാളി ഗ്രോസറിയിലേക്കായിരിക്കും.

ഇനിയുമുണ്ടേറെ.....

ചുരുക്കത്തില്‍ പ്രവാസമെന്നത് ഒരു മുഖംമൂടിയാണ്,
തിരശ്ശീലക്ക് പിന്നിലെന്ത് സംഭവിക്കുന്നെന്ന് അനുഭവിച്ച് തന്നെ അറിയണം.

ഇതൊക്കെ വായിച്ചിട്ട്, ഇത്രയൊക്കെയാണെങ്കില്‍ ഇതൊക്കെ സഹിച്ചിട്ടെന്തിനാ അവിടെ നില്‍ക്കുന്നതെന്ന് ചോദിക്കരുത്,
ഇതൊക്കെ സഹിക്കാന്‍ തയ്യാറാണ് നൂറ് വട്ടം,
എഴുതിയെന്നേയുള്ളൂ....

ഇനിയും നടതള്ളണോ ഈ അച്ഛനമ്മമാരെ....

നടതള്ളല്‍ എന്ന പേരില്‍ വൃദ്ധരായ മാതാപിതാക്കളെ അനാഥാലയത്തില്‍ കൊണ്ടാക്കുന്നതായി ഏഷ്യാനെറ്റില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുന്നു,
ഹൃദയഭേദകം തന്നെ ഇവരുടെ അവസ്ഥ.
ഉറ്റവരും ഉടയവരുമില്ലാതെ നരകിച്ച് കൊണ്ടിരിക്കുന്നു ഇവര്‍...
പരിതാപകരമായ ജീവിത സാഹചര്യങ്ങള്‍,
വാര്‍ദ്ധക്യത്തില്‍ മക്കളോടൊത്ത് ജീവിക്കണമെന്ന് സ്വപ്നം കണ്ടവര്‍...

എന്താണ് ഇവരൊക്കെ ചെയ്ത തെറ്റ്

പത്ത് മാസം വയറ്റില്‍ ചുമന്ന് നിന്നെ നൊന്ത് പെറ്റതോ,

നിലത്ത് വെച്ചാല്‍ ഉറുമ്പരിക്കും, തലയില്‍ വെച്ചാല്‍‌ പേനരിക്കും എന്ന രീതിയില്‍ താലോലിച്ച് വളര്‍ത്തിയതോ....

ചോറുരുള ഓരോന്നോരോന്നായി ഉരുട്ടി വായില്‍ വെച്ച് തരുമ്പോള്‍ നിന്‍റെ മുഖത്തുള്ള സന്തോഷം കണ്ട് മനസ്സ് നിറഞ്ഞ് സന്തോഷിച്ചതോ....,
ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ച് കിടന്നപ്പോ മോന്‍ കഴിക്കുന്നില്ലെങ്കില്‍ എനിക്കും വേണ്ടെന്ന് പറഞ്ഞ് ഉണ്ണാതെ കിടന്നുറങ്ങിയതോ...
ഭക്ഷണം തികയാതെ വന്നപ്പോള്‍ എനിക്ക് വിശപ്പില്ലെന്ന് കള്ളം പറഞ്ഞ് ഉള്ള ഭക്ഷണം മുഴുവന്‍ നിനക്ക് തന്ന് നീ കാണാതെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയതോ....

വിശേഷ ദിവസങ്ങള്‍ വരുമ്പോള്‍ ഇല്ലാത്ത പണം സ്വരൂപിച്ചെടുത്ത് "എനിക്ക് പുതിയ ഡ്രസൊന്നും വേണ്ട, എന്‍റെതെല്ലാം പുതിയതാണെന്ന്" പറഞ്ഞ് നിന്‍റെ ഇഷ്ടത്തിനൊത്ത പുതുവസ്ത്രങ്ങള്‍ വാങ്ങിത്തന്നതോ....

രാവേറെ ചെന്നിട്ടും മോന്‍ വരുന്നതും കാത്തിരുന്ന് ഇരുന്ന ഇരുത്തത്തില്‍ ഉറങ്ങിപ്പോയതോ...

നീ വലിയ ഉദ്യോഗം നേടിയെടുത്ത് വലിയ വീടും കുടുംബവുമായി കഴിയുമ്പോ എല്ലാരും മോഡേണായി മാറിയപ്പോ അമ്മയും അച്ഛനും മാത്രം പഴഞ്ചനായി നിനക്ക് തോന്നിയോ ആവോ....

"വൈഫിന്‍റെയും ""കിഡ്സിന്‍റെയും" കൂടെ ഔട്ടിംഗിന് പോകുമ്പോള്‍ പ്രായമായ അമ്മയും അച്ചനും ഒരു അധികപ്പറ്റായി നിനക്ക് തോന്നിയോ ആവോ...

കൂടിയിരുന്ന് തമാശകള്‍ പറഞ്ഞ് ആര്‍ത്ത് ചിരിക്കുമ്പോ ചിലപ്പോ അമ്മ വന്ന് ചോദിച്ചിരിക്കാം,
"എന്തേ മോനെ പറഞ്ഞത്, ഞാനും കേള്‍ക്കട്ടെ" എന്ന്,
നിനക്കത് അലോസരമായി തോന്നിയിരക്കാം,
രണ്ടാമതും അമ്മ അത് തന്നെ ചോദിച്ചപ്പോ നീ പറഞ്ഞിരക്കാം, "നിങ്ങളതൊന്നും കേള്‍ക്കേണ്ട, ഇതിവിടെ പറഞ്ഞതാ"

അമ്മയുടെ വാര്‍ദ്ധക്യത്തിലെ കൂട്ട് നീയും നിന്‍റെ കുട്ടികളും മാത്രമല്ലേ,
നിനക്കോര്‍മയുണ്ടോ എന്നറിയില്ല,
ചെറുപ്പത്തില്‍ എന്തെങ്കിലും ചൂണ്ടിക്കാണിച്ച് "എന്താ അമ്മേ അത്" എന്ന് ചോദിക്കുമ്പോ അമ്മ അറിയുന്ന രീതിയില്‍ എല്ലാം വിശദീകരിച്ച് തരുമായിരുന്നു,
കുറച്ച് കഴിഞ്ഞാല്‍ നീ വീണ്ടും അത് തന്നെ ചൂണ്ടിക്കാണിച്ച് ചോദിക്കും "എന്താ അമ്മേ അത്,"
അമ്മ വീണ്ടും വിശദീകരിക്കും,
അമ്മക്കത് സന്തോഷമയിരുന്നു,
നിന്‍റെ നിഷ്കളങ്കമായ ആ ചോദ്യം അമ്മയുടെ മനസ്സില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തിച്ചിരുന്നു...

അത് കൊണ്ട് മോനെ,
നിന്‍റമ്മയും അച്ഛനും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലായിരിക്കാം പ്രായമായാല്‍ ഇങ്ങനെയൊക്കെ നരകിച്ച് ജീവിക്കേണ്ടി വരുമെന്ന്,
ഇപ്പോള്‍ നീ വിചാരിക്കുന്നത് പോലെ തന്ന,
മക്കളുണ്ടല്ലോ എന്നായിരുന്നു അവരുടെയും ധൈര്യം...

എല്ലാത്തിനും സാക്ഷിയായ ദൈവം ഇത് കണ്ടില്ലെന്ന് നടിക്കുമെന്ന് നീ വിചാരിച്ചെങ്കില്‍....
തെറ്റിപ്പോയി മോനേ.....

ഓര്‍ക്കാപ്പുറത്ത് ആ വിളി വന്നേക്കാം...

പ്രവാസികള്‍ എപ്പോഴും കൈയ്യില്‍ കരുതിവെക്കേണ്ടതാണ് നാട്ടിലേക്കുള്ള ടിക്കറ്റിന്‍റെ കാശ്,
ഏത് സമയത്താണെന്നറിയില്ല,
നാട്ടില്‍ നിന്ന് വിളി വരുന്നത്,
ഉറ്റവരുടെ ഉടയവരുടെ മരണ വാര്‍ത്തയുമായി,

ഇന്നലെ അശ്റഫ് പടിഞ്ഞാറത്തറ തന്‍റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോഴാണ് ഇത് കൂടുതല്‍ ബോധ്യമായത്,
ലീവ് കഴിഞ്ഞ് തിരിച്ചെത്തി കുറച്ച് ദിവസമേ ആയിട്ടുള്ളുവത്രെ, അവന്‍റെ സഹമുറിയനായ സുഹൃത്ത്...
ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികളുടെ ബാലന്‍സ് എത്രയാണെന്ന് പറയേണ്ടതില്ലല്ലോ,
പലപ്പോഴും തിരിച്ച് വരേണ്ട കാശ് പോലും കടം വാങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും.
ഇിവിടെയെത്തിയാല്‍ അടുത്ത മാസത്തെ ശമ്പളം കിട്ടുന്നത് വരെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ അടുത്ത് നിന്ന് കടം വാങ്ങി വേണം ചെലവ് കഴിക്കാന്‍,
പലപ്പോഴും ഇത്തരം അവസരങ്ങളില്‍ നേരത്തെ പറഞ്ഞപോലെയുള്ള അടിയന്തര ഫോണുകള്‍ അഥവാ മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ താങ്ങാവുന്നതിലപ്പുറമായിരിക്കും....

ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കാന്‍ സുഹൃത്തുക്കളും കുടുംബക്കാരും ഉണ്ടാവാറുണ്ട് എന്ന സത്യം വിസ്മരിക്കുന്നില്ല,
ഇനി നാട്ടിലേക്ക് വിമാനം കയറാനുള്ള ചെലവും മറ്റും റെഡിയായാലും വിസ, എക്സിറ്റ് പോലോത്ത പ്രശ്നങ്ങള്‍ വേറെയും,
ചിലപ്പോള്‍ വിസ കാലാവധി കഴിഞ്ഞിട്ടുണ്ടാവും, പുതുക്കിയിട്ടുണ്ടാവില്ല,
എക്സിറ്റിനായി കഫീലുമായി ബന്ധപ്പെട്ടാല്‍
കഫീല്‍ യാത്രയിലോ മറ്റോ ആയിരിക്കും,
അവസാനം വേദനകള്‍ കടിച്ചിറക്കി
തലയിണയില്‍ കണ്ണീരൊപ്പേണ്ടി വരും.....

പ്രവാസികളുടെ ദുഃഖങ്ങളില്‍ ഏറ്റവും വേദനാജനകമായ ഒന്നാണിത്.
ഉറ്റവരുടെയും ഉടയവരുടെയും മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാട്ടുകാരും കുടുംബക്കാരുമൊക്കെ റൂമിലേക്ക് വരും, ആശ്വസിപ്പിക്കാന്‍,
എല്ലാവരും കൂടിയിരുന്ന് ദുആ ചെയ്ത് പിരിയും,
പിറ്റേന്ന് യാന്ത്രികമായി ജോലിക്ക് പോവേണ്ടിയും വരും,
മേലെപറഞ്ഞ പല കാരണങ്ങളാലും നാട്ടിലേക്കുള്ള യാത്ര മുടങ്ങിയെന്നും വരും,

കുഞ്ഞുന്നാളില്‍ നൂറ് മുത്തം തന്ന് തന്നെ വാരിപ്പുണര്‍ന്ന ഉറ്റവരുടെ മുഖത്തേക്ക് അവസാനമായൊന്ന് നോക്കാനായില്ലെങ്കില്‍.....
ഒരു മുത്തമെങ്കിലും അവര്‍ക്ക് തിരിച്ച് നല്‍കാനായില്ലെങ്കില്‍.....
പിന്നെയീ ജീവിതത്തിനെന്തര്‍ത്ഥം.....
നീ കാക്കണേ നാഥാ.....

ഏത് സദ്യവട്ടത്തിലിരുന്നാലും മതിയാകില്ലെനിക്ക്,

ഏത് സദ്യവട്ടത്തിലിരുന്നാലും
മതിയാകില്ലെനിക്ക്,
ഈ ഇരുത്തത്തിന്‍റെ
സുഖം തന്നെ കിട്ടണം.

ബെല്ലടിച്ചാല്‍ പ്ലേറ്റുമെടുത്ത് ഓടണം,
ചോറ് വിളമ്പിക്കൊടുക്കുമ്പോള്‍
വരി നില്‍ക്കുന്നവരുടെ ഇടയിലൂടെ
വരി തെറ്റിച്ച് മുന്നിലെത്തണം,

ചോറും വാങ്ങി
സ്കൂളിന്‍റെ പിന്നിലെ
ഓലപ്പുരയിലെ
മണ്ണ് തേച്ച നിലത്തിരിക്കണം,

പച്ചമാങ്ങ കൂട്ടിയരച്ച്
വാഴയിലയില്‍ പൊതിഞ്ഞ്
ഉമ്മയുണ്ടാക്കിത്തന്ന
മുളകുചമ്മന്തി പകുത്തെടുക്കണം

അമ്പത് പൈസയുടെ
നാരങ്ങയച്ചാര്‍ വാങ്ങി മൂഞ്ചണം,
മൂഞ്ചിക്കഴിഞ്ഞ അച്ചാര്‍ പേക്കറ്റ്
വായിലിട്ട് ചവക്കണം

കോഴിബിരിയാണിയെക്കാള്‍
രുചിയുള്ള
ആ ചോറും ചെറുപയര് കറിയും
ഒന്ന് കൂടി നുണയാന്‍ പൂതി

ഓര്‍മകളേ നീയിന്നെവിടെ
ഒരുവട്ടം കൂടിയെ-
ന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...

അഭിമാനിക്കുന്നു, കോഴിക്കോട്ടുകാരനായതില്‍

അംബര ചുംബികളായ കെട്ടിടങ്ങളാണ് പലപ്പോഴും പല നഗരങ്ങളുടെയും അടയാളങ്ങള്‍...
എന്നാല്‍ കോഴിക്കോട് വ്യത്യസ്തമാണ്,
പ്രതാപകാലത്തിന്‍റെ സ്മരണകളുണര്‍ത്തി തിരമാലകളോട് സല്ലപിക്കുന്ന തകര്‍ന്ന കടല്‍പാലത്തിന്‍റെ തൂണുകള്‍,
അതാണ് കോഴിക്കോടിന്‍റെ മുഖമുദ്ര...

കഥകളേറെ പറയാനുണ്ടാവും ഈ തൂണുകള്‍ക്ക്,
സന്തോഷത്തിന്‍റയും, ദുഃഖത്തിന്‍റെയും കണ്ണീരിന്‍റെയുമെല്ലാം കഥകള്‍...

പാരാവാരം കണക്കെ ഒഴുകിയെത്തുന്ന പരസഹസ്രം ജനങ്ങളുടെ ആര്‍പ്പുവിളികളോടെയുള്ള സമ്മേളനങ്ങള്‍ക്കെല്ലാം മൂക സാക്ഷിയാണീ കല്ലുകള്‍....

സായാഹ്നങ്ങളെ പ്രേമസല്ലാപങ്ങളുടെ കളിത്തൊട്ടിലാക്കി കമിതാക്കളൊഴുക്കിയ കുഞ്ഞുവള്ളങ്ങളൊരുപാട് തട്ടിത്തകര്‍ത്തിട്ടുണ്ട് ഈ കല്‍ത്തൂണുകള്‍...

കിഴക്കുദിച്ച് പകല്‍ മുഴുവന്‍ വെളിച്ചം നല്‍കി ക്ഷീണിച്ച സൂര്യന്‍ അവസാനം കടലിലേക്ക് താഴുമ്പോള്‍ ഈ തൂണുകളുടെ കാതില്‍ നാളെ കാണാമെന്ന് മന്ത്രിച്ചാണ് കടന്ന് പോകുന്നത് ...

കക്കിരിയും പച്ചമാങ്ങയും ഉപ്പും മുളകും പുരട്ടി കഴിക്കുമ്പോഴും കുഞ്ഞുകുട്ടികള്‍ വരെ ആസ്വദിച്ചിട്ടുണ്ട് ഈ കല്‍തൂണുകളുടെ സൌന്ദര്യത്തെ....

ഈ തൂണുകള്‍ എവിടെക്കണ്ടാലും ഓര്‍മകളുടെനെയോടും കോഴിക്കോട്ടേക്ക്,
അഭിമാനിക്കുന്നു,
കോഴിക്കോട്ടുകാരനായതില്‍....

ഉമ്മാമ; ഓര്‍മകള്‍ മധുരിക്കുന്നു, ഒപ്പം വേദനയും

ചെറുപ്പം മുതലേ മധുരമുള്ള ഓര്‍മയാണ് ഉമ്മാമ
വീട്ടില്‍ കുട്ടികളെന്ന പോലെയാണ് ഓരോ വീട്ടിലും ഉമ്മാമമാരുടെയുടെ സാന്നിദ്ധ്യം,
മദ്രസയില്‍ പോകുമ്പോള്‍ ദിവസവും അന്‍പത് പൈസയുടെ വീതം വെപ്പുണ്ടാവും,

ഉമ്മാമയുടെ അളമാറയായിരുന്നു ബാങ്ക് ലോക്കര്‍,
അതിന്‍റെ ചാവി അരയിലെ ചരടില്‍ കോര്‍ത്ത് വെച്ചിട്ടുണ്ടാവും,
അളമാറ തുറക്കുമ്പോള്‍ ജന്നാത്തുല്‍ ഫിര്‍‌ദൌസ് അത്തറിന്‍റെ മണമുണ്ടാകും,
അമ്പത് പൈസ എനിക്ക്,
അമ്പത് അനിയന്,
ചെറിയ അനിയനോട് പറയും,
"നിനക്ക് ഇരുപത്തഞ്ച് പൈസ മതി, ഓല് ബല്യതല്ലേ, ഓല്ക്ക് അമ്പതിരിക്കട്ടെ,"
നേരിട്ട് കിട്ടിയ അമ്പതും ഉമ്മാമ കാണാതെ അടിച്ച് മാറ്റിയ അമ്പത് പൈസയും കൂടി എന്‍റടുത്ത് മൊത്തം ഒരു രൂപയായിട്ണ്ടാകും, അപ്പോഴേക്ക്.

അഥവാ കൈയ്യില്‍ നയാപൈസയില്ലെങ്കില്‍ ഉമ്മാമ പറയും
"കുഞ്ഞിക്കണ്ണന്‍റെ പീട്യേ പോയി അമ്പത് പൈസ വാങ്ങിക്കോ, ഞാന്‍ പറഞ്ഞാന്ന് പറഞ്ഞാ മതി"
ഉമ്മാമക്കറിയാം ഞാന്‍ പീട്യേ പോയി ഒരു രൂപ വാങ്ങിക്കൂംന്ന്.

കുരുത്തക്കേട് കളിച്ചാല്‍ ഉപ്പാന്‍റടുത്ത്ന്ന് അടി കിട്ടു
മ്പോ പിടിച്ച് വെക്കാന്‍ ഉമ്മാമ തന്നെ വേണ്ടിയിരുന്നു.

വയ്യാതായി കിടപ്പിലാകുന്നത് വരെ വീട്ടുപണികളില്‍ പലതും ചെയ്യാന്‍ ഉമ്മാമ മുന്നിലുണ്ടായിരുന്നു,

രോഗം മൂര്‍ച്ചിച്ച് ഹോസ്പിറ്റലിലായപ്പോള്‍ കൂട്ടിനിരിക്കേണ്ടി വന്നപ്പോള്‍ മരുന്ന് കൊടുക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴൊക്കെ കാണിച്ച വാശി കണ്ടപ്പോള്‍ മനസ്സിനോട് പറഞ്ഞു,
"മനസ്സേ വെറുക്കരുതേ"
ചെറുപ്പത്തിലെ എന്‍റെ പിടിവാശികള്‍ ഉമ്മാമക്കൊരിക്കലും വെറുപ്പ് തോന്നിയിട്ടുണ്ടാവില്ലല്ലോ....

ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ട് വീട്ടിലേക്ക് തിരികെ വന്ന് ഒരു മാസത്തോളമുണ്ടായിരുന്നു ഉമ്മാമ വീട്ടില്‍,
ഉള്ളിയേരിയിലെ ജോലിസ്ഥലത്ത് നിന്ന് ഒന്നിടവിട്ട് വരാറുണ്ടായിരുന്നു,
കുടുംബക്കാരെല്ലാം അടുത്തുണ്ടെങ്കിലും എനിക്ക് കാണണമല്ലോ ചെറുപ്പത്തിലെന്നെ കൊഞ്ചിച്ച് വളര്‍ത്തിയ ആ മുഖം...

മരണ ദിവസം ഒരു വ്യാഴാഴ്ചയായിരുന്നു,
ഉമ്മയുടെ വിളി വന്നപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല,
എന്നാലും വേഗം വീട്ടിലെത്തി,
കണ്ടപ്പോള്‍ ഹൃദയം തകര്‍ന്ന് പോയി,
ഉമ്മാമയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍,
മക്കളും പേരമക്കളുമായി തലമുറകളേറെയുണ്ട്,
എല്ലാവരുടെയും മുഖത്ത് കണ്ണീര് മാത്രം,
ഞാന്‍ ഖുര്‍ആനെടുത്ത് ഉസ്താദ് ഓതാന്‍ പറഞ്ഞ സൂറത്ത് ഏഴ് പ്രാവശ്യം ഓതി,
ഏഴാമത്തെ പ്രാവശ്യം ഓതി ഉമ്മാമയുടെ മുഖത്തേക്ക് ഊതിയ നിമിഷം....
ഉമ്മാമയുടെ ഈ ലോകത്തെ അവസാന നിമിഷമായിരുന്നത്...
പള്ളിയില്‍ നിന്ന് മഗരിബ് ബാങ്കുയര്‍ന്നു,
മരിക്കാന്‍ വെള്ളിയാഴ്ച രാവ് കാത്തിരുന്ന പോലെ,
ഉടനെ ശക്തമായ കാറ്റും മഴയും, കൂടെ ഇടിയും മിന്നും,
അരമണിക്കൂറോളം ആരെയും വിളിച്ചറിയിക്കാന്‍ പോലുമായില്ല ഫോണ്‍വിളിക്കാന്‍ പേടി തോന്നുന്നത്ര ഇടിയും മിന്നും,
എന്‍റുമ്മാമയുടെ മരണത്തില്‍ ആകാശം പോലും
കരഞ്ഞെന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം,

ഖബറിലേക്ക് വെച്ച് അവസാനം മൂന്ന് പിടി മണ്ണ് വാരിയിടാന്‍ പോലും കൈകള്‍ മടിച്ച് പോയി,
കുഞ്ഞുന്നാളില്‍ തലവെച്ചുറങ്ങിയ മാറത്തെങ്ങിനെ മണ്ണുവാരിയിടും....
മരിക്കാത്ത ഓര്‍മകള്‍ ഇന്നും കൂട്ടിനുണ്ട്....

പ്രാര്‍ത്ഥന മാത്രമാണ് പകരം നല്‍കാനുള്ളത്,
നാഥാ ആ ഖബറിടം സ്വര്‍ഗീയമാക്കിക്കൊടുക്കണേ...
ആമീന്‍....

ചിത്രങ്ങള്‍ സംസാരിക്കട്ടെ

രണ്ട് ചിത്രങ്ങള്‍,
ഒന്ന്)
പ്രവാസി ഭാരതീയ ദിവസ് എന്ന പേരില്‍ പ്രവാസികള്‍ക്കെന്ന് പറഞ്ഞ് നാല് ദിവസം ഭക്ഷണം കഴിച്ച് പിരിയുന്ന പരിപാടിയുടെ വേദി,
ആ കാണുന്ന പുഷ്പാലങ്കൃത വേദിക്ക് പിറകില്‍ സൂക്ഷിച്ച് നോക്കിയാല്‍ നാല് തലകള്‍ കാണാം,
പ്രവാസികളുടെ "ക്ഷേമ"ത്തിന് വേണ്ടി അരയും തലയും മുറുക്കിപ്പുറപ്പെട്ടവര്‍

രണ്ട്)
അതേ രാജ്യത്ത് നിന്ന് പ്രവാസികളായി ഗള്‍ഫിലെത്തിയ തൊഴിലാളികള്‍ കത്തുന്ന സൂര്യന് താഴെ ചുട്ടുപൊള്ളുന്ന മണല്‍പരപ്പില്‍
തലചായ്ച്ചുറങ്ങുന്നു.

അടച്ചാക്ഷേപിക്കുന്നൊന്നുമില്ല,
നാം പ്രവാസികള്‍ക്ക് വേണ്ടി അവര്‍ക്കെന്തെങ്കിലും ചെയ്യാനാവുമെന്ന് തന്നെ പ്രതീക്ഷിക്കട്ടെ,

കേജ്രിവാള്‍ നല്‍കുന്ന പാഠം

വെറും 49 ദിവസം കൊണ്ട് ഒരു കേജരിവാളും ഭരണ പരിചയമില്ലാത്ത കുറച്ച് അനുയായികളും വിചാരിച്ചാല്‍ ദില്ലി നന്നാക്കാനാകില്ല,

സമരം ചെയ്യുന്നത് പോലെ എളുപ്പമല്ല ഭരണം

അംബാനിയെപ്പോലോത്ത പണച്ചാക്കിനെ തൊട്ട് കളിക്കുന്നവര്‍ക്കെതിരെ ഭരണ വ്യത്യാസമില്ലാതെ ബി.ജെ.പിയും കോണ്‍ഗ്രസും കൈ കോര്‍ക്കും.

നൂല്‍പാലത്തിലുള്ള ദില്ലി ഭരണം പോയാലും അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ഏറ്റവും നല്ല ആയുധം കേജരിവാളന്‍ നല്ല പോലെ പ്രയോഗിക്കുമെന്ന് പ്രത്യാശിക്കാം.

അല്‍ മൊയ്തു; മാധ്യമങ്ങളുടെ മുഖമടച്ചുള്ള അടി

"ഒരു ഷോര്‍ട്ട് ഫിലിമിന്‍റെ ലിങ്കിതാ, കണ്ട് നോക്കൂ"
എന്ന് പറഞ്ഞ് ഒരു സുഹൃത്ത് അയച്ച് തന്ന ലിങ്കാണിത്,
https://www.youtube.com/watch?v=BLgr3hbMirI
തംബ്നൈല്‍ ഇമേജും പേരും കണ്ടപ്പോ മാമുക്കോയയുടെ ഏതോ വളിപ്പ് കോമഡിയാണെന്ന് വിജാരിച്ച് ഒഴിവാക്കിയതായിരുന്നു,
പിന്നെയാണ് യൂടൂബില്‍ സൂപ്പര്‍ ഹിറ്റാണെന്നും പറഞ്ഞ് മറ്റൊരുവന്‍റെ പോസ്റ്റ് കണ്ടത്.
അതോടെ ഒന്ന് കാണാമെന്ന് കരുതി ലിങ്കിനോക്കി.
പതിനെട്ട് മിനിറ്റ് മാത്രം നീളമുള്ള വീഡിയോ,
സാങ്കേതിക വര്‍ക്കുകളും കിടിലന്‍,

തീവ്രവാദത്തിന്‍റെ പേരില്‍ ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന തിരക്കഥകളെ തുറന്ന് കാണിക്കുകയാണ് "അല്‍മൌയ്തു" എന്ന ഷോര്‍ട്ട്ഫിലിം.
സമീപ കാലത്ത് കേരളത്തില്‍ പ്രചരിച്ച "ലൌ ജിഹാദ്" എന്ന മാധ്യമ സൃഷ്ടിയെ കണക്കറ്റ് വിമര്‍ശിക്കുന്നു ഈ ചിത്രം,
മലപ്പുറത്തെ ഒരു ഗ്രാമത്തിലുള്ള കള്ള് ഷാപ്പില്‍ കുടിക്കാനെത്തുന്നവരെ വീര്യംകൂടിയ കള്ള് നല്‍കി മയക്കിക്കിടത്തി തൊപ്പിയിട്ട് കൊടുത്ത് മത പരിവര്‍ത്തനം നടത്തുന്നതാണ് ചുരുക്കം.
പേര് "കള്ള് ജിഹാദ്".

"ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ,
മുസ്ലിംകള്‍ക്ക് കള്ള് ഹറാമല്ലേ" എന്ന ചോദ്യത്തെ,
"ഏതെങ്കിലും പെണ്ണിനെ പിടിച്ച് കൊണ്ട് പോയി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച് കല്യാണം കഴിച്ച് മുസ്ലിമാക്കുന്ന "ലൌ ജിഹാദ്" ആശയം വിശ്വസിച്ചവര്‍ ഇതും വിശ്വസിക്കും" എന്ന് പറഞ്ഞാണ് ചിത്രത്തില്‍ നേരിടുന്നത്.

പ്രമുഖ മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കുന്ന ഇത്തരം തീവ്രവാദ കഥകളെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിത്തരുന്നു ചിത്രം,
ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത, പ്രമുഖ നടന്‍ മാമുക്കോയ ഇതില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ചു എന്നത് തന്നെയാണ്.

ഇന്നലെ, ഈ വീഡിയോ യൂട്യൂബില്‍ വന്ന തൊട്ടടുത്ത ദിവസം തന്നെ മംഗളം പത്രത്തിന്‍റെ ഒണ്‍ലൈന്‍ എഡിഷനില്‍ വന്ന ഒരു വാര്‍ത്ത ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെയായിരുന്നു,
ആരോരുമില്ലാത്ത കുട്ടികളെ യത്തീംഖാനകളിലേക്ക് കൊണ്ട് വന്ന ശേഷം തീവ്രവാദികള്‍ക്ക് വില്‍ക്കുന്നു എന്നാണ് ലേഖകന്‍റെ കണ്ടെത്തല്‍,
ഇവിടെയും മലപ്പുറമാണ് ഫോക്കസ് ചെയ്യുന്നത്,
വ്യക്തമായ വിവരം ചേര്‍ത്തിട്ടില്ലെന്ന് മാത്രം, (അങ്ങനെയൊന്നില്ലല്ലോ)

മാധ്യമത്തമ്പുരാക്കന്മാര്‍ ഇതുള്‍ക്കൊള്ളുമെന്ന് തന്നെ വിചാരിക്കട്ടെ....,
കുറഞ്ഞ പക്ഷം ഇത്തരം വാര്‍ത്തകള്‍ വായിക്കേണ്ടിവരുന്ന വായനക്കാരെങ്കിലും...

ചിറ്റില്ലപ്പള്ളിയുടെ വീട്ടിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയ ജസീറത്തയോട്


കഴിഞ്ഞ അഞ്ചാറ് മാസത്തോളമായി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അപാരമായ മനക്കരുത്തോടെയും നിശ്ചയ ധാര്‍ഢ്യത്തോടെയും ഒറ്റയാള്‍ സമരം നടത്തിയ ജസീറ എന്ന "ആണ്‍കുട്ടി"യെ അഭിമാനത്തോടെ തന്നെയാണ് നോക്കിക്കണ്ടത്.
മാധ്യമശ്രദ്ധയേതുമില്ലാത്ത സയത്തും പിന്നീട് കേരളമൊന്നടങ്കം ശ്രദ്ധിച്ചപ്പോഴും നിങ്ങളുയര്‍ത്തിപ്പിടിച്ച ആശയത്തെ ഏവരും പിന്തുണച്ചു.
ഒരു പെണ്ണൊരുത്തി സെക്രട്ടറിയേറ്റ് നടയിലും പിന്നീട് ജന്ധര്‍മന്ദിറിലും ഒറ്റക്ക് സമരം ചെയ്യുന്നതിനെ പരിഹാസത്തോടെയും,
മക്കളുടെ പഠനം മുടങ്ങുന്നെന്ന് പറഞ്ഞ് മാനുഷിക വാദമുന്നയിച്ച് കപട ആദര്‍ശബോധത്തോടെയും പലരും സമരത്തെ എതിര്‍ക്കുകയുണ്ടായി.
എന്നിട്ടും കേരളം നിങ്ങളോടൊപ്പം നിന്നു...

ഡല്‍ഹിയിലെ കൊടും തണുപ്പില്‍ മക്കളെയും അണച്ചുപിടിച്ച് നിങ്ങളിരിക്കുന്ന ചിത്രം ഇന്നും ഉള്‍ക്കിടിലത്തോടെയല്ലാതെ ഞങ്ങള്‍ക്ക് നോക്കിക്കാണാനാകുന്നില്ല,
നിങ്ങളെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വന്നവരൊക്കെ തിരിച്ച് ഹോട്ടല്‍ മുറികളില്‍ പോയി സസുഖം ഉറങ്ങിയപ്പോഴും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന് വേണ്ടി താങ്കള്‍ നില കൊണ്ടു.
അവസാനം മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി വിജയശ്രീലാളിതയായി തിരിച്ച് വന്നപ്പോള്‍ അത് ജനങ്ങളുടെ വിജയമായി ഞങ്ങള്‍ കണ്ടു.

എന്നാല്‍ ചിറ്റില്ലപ്പിള്ളിയെന്നൊരു "ലോക്കല്‍" വ്യവസായിയുടെ വീട്ടുപടിക്കല്‍ അതും അഞ്ചുലക്ഷം രൂപക്ക് വേണ്ടി കുത്തിയിരുന്നപ്പോള്‍ ഇത്തയെ ഇത്രയും കാലം പിന്തുണച്ചവരുടെ മനസ്സില്‍ അല്‍പം നീരസം ഉണ്ടായോ എന്നൊരു സംശയം,
മാത്രവുമല്ല ഇത്രയും വലിയൊരു സമരം ജയിച്ചു വന്ന താങ്കള്‍
ഒരു സമ്മാനത്തിന്‍റെ പേരില്‍ സമരം ചെയ്യുന്നെന്നൊക്കെ പറയുമ്പോള്‍....
വേണ്ടില്ലായിരുന്നു ഈ എടുത്തുചാട്ടം....
ന്യായീകരണങ്ങള്‍ പലതുമുണ്ടാകാം,
(സമ്മാനം നല്‍കുമെന്ന് പറഞ്ഞത് പിന്‍വലിപ്പിക്കാനാണെന്ന ന്യായമടക്കം)

ഇത്രയൊക്കെപ്പറയാന്‍ എനിക്ക് അവകാശമില്ലെന്ന പൂര്‍ണ്ണ ബോധ്യത്തോടെ....
കാരണം ജസീറയും കുട്ടികളും ഡല്‍ഹിയിലെ തണുപ്പില്‍ വിറങ്ങലിച്ച് സമരം ചെയ്യുമ്പോള്‍ ഞാന്‍ സുഖസുന്ദരമായി കിടന്നുറങ്ങിയവനാണ്...

Friday, February 14, 2014

ഉമ്മത്തിക്കുട്ടികളുടെ കല്യാണം മുടക്കുന്നവരോട്....

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന്‍റെ ഏറ്റക്കുറച്ചിലുകളില്‍ മനംനൊന്ത് കഴിയുന്ന സംഘികളോടും, അവരുടെ അഭിപ്രായം കോപി+പേസ്റ്റ് ചെയ്താലേ ഒരു മതേതരലേബലുണ്ടാവൂ എന്ന് വിശ്വസിക്കുന്ന മൂഡന്‍മാരുമറിയാന്‍,

എന്തേ ഉമ്മത്തിക്കുട്ടികളുടെ കല്യാണക്കാര്യത്തില്‍ മാത്രം നിങ്ങള്‍ക്കിത്ര ആവലാതി,
ജാതിയൊക്കാത്തതിന്‍റെയും മുഹൂര്‍ത്തം തരപ്പെടാത്തതിന്‍റെയും കാരണത്താല്‍ കല്യാണം നടക്കാതെ കണ്ണീര് കുടിക്കുന്ന പെണ്ണുങ്ങളധികമുള്ള നാട്ടില്‍ അവരുടെ കാര്യം നോക്കിയിട്ട് മതി ഇങ്ങോട്ട് മേക്കിട്ട് കയറല്‍....

പതിനെട്ട് വയസ്സ് എന്ന പരിധി വേണ്ടെന്നേ ഇവരൊക്കെ പറഞ്ഞുള്ളൂ, പതിനാറാക്കണമെന്നത് നിങ്ങളുടെ വകയാണ്,
ഇസ്ലാമിക വിശ്വാസപ്രകാരം പെണ്ണ് ഋതുമതിയാകണമെന്നാണ്, അത് പതിനെട്ടിലും ആയിട്ടില്ലിങ്കില്‍ പിന്നെയും കാത്തിരിക്കുക തന്നെ,
പെണ്ണിന്‍റെ സമ്മതവും ഇവിടെ പ്രധാനമാണ്.
പതിനെട്ട് കഴിഞ്ഞാല്‍, അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന പതിനാറ് കഴിഞ്ഞാല്‍ പിറ്റേന്ന് തന്നെ ആണൊരുത്തന്‍റെ കയ്യില്‍ ഏല്‍പിക്കണമെന്നും ഇവിടെയാരും പറയുന്നില്ലല്ലോ.....
പതിനാറില്‍ പെണ്ണൊരുത്തിയുമായി ഇഷ്ടപ്രകാരം ലൈംഗികബന്ധം നടത്താന്‍ നിയമമുള്ള ഈ നാട്ടില്‍ അപ്പോള്‍ അവള്‍ക്കുള്ള പക്വതയും പാകതയും എന്തേ നിക്കാഹ് സമയത്ത് ഇല്ലാതായിപ്പോകുന്നു.....

പിന്നെ, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുമെന്ന്
മറ്റൊരു ദുഃഖം, നിങ്ങളീ പറയുന്ന പതിനെട്ടില്‍ ഒരു പെണ്‍കുട്ടി ഡിഗ്രീ പഠിക്കുന്ന സമയത്ത് കെട്ടിച്ചാല്‍ അവളുടെ വിദ്യാഭ്യാസത്തിലും വരുന്നില്ലേ ഈ പ്രശ്നം,
കല്യാണം കഴിഞ്ഞിട്ടും പഠനം തുടരുന്ന നിരവധി മുസ്ലിം പെണ്‍കുട്ടികളുണ്ട് ഈ നാട്ടില്‍....

പാവപ്പെട്ടവന്‍റെ മകളുടെ കല്യാണം ഈ വിധത്തില്‍ നടക്കുന്നില്ലെന്നാ മറ്റൊരു ദുഃഖം,
പ്രായവിഷയത്തില്‍ കോടതി കയറുന്ന ഈ മുസ്ലിം സഘടനകളൊക്കെ കേരളത്തിന്‍റെ മുക്കിലും മൂലയിലും പിരിവെടുത്ത് കെട്ടിച്ചയച്ച പെണ്‍കുട്ടികളുടെ കണക്കുകള്‍ ഇവിടെ നിരത്തുന്നില്ല, അതാരെയും ബോധിപ്പിക്കാനല്ല ചെയ്തത്, അതൊക്കെ വിശ്വാസത്തിന്‍റെ ഭാഗമായത് കൊണ്ട് തന്നെയാണ്....

പിന്നെ, സ്ത്രീധനത്തിനെതിരെ ശബ്ദിക്കുന്നില്ലെന്നാണ് പലരുടെയും ആവലാതി, മേല്‍പറഞ്ഞ പോലെ മുസ്ലിം സംഘടനകള്‍ മഹല്ലടിസ്ഥാനത്തിലും അല്ലാതെയും സ്ത്രീധനത്തിനെ നിരുല്‍സാഹപ്പെടുത്തുന്ന രീതിയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. അത് പൂര്‍ണ്ണമായും നിര്‍ത്തലാക്കാനായില്ലെങ്കിലും ഇന്ന് സ്ത്രീധന രഹിത വിവാഹങ്ങള്‍ ധാരാളം നടന്നുവരുന്നുണ്ടെന്ന്ത് വളരെ വ്യക്തമാണ്....

പിന്നെ, വ്യക്തിജീവിതവും കുടുംബജീവിതവുമൊക്കെ ഞങ്ങള്‍ക്ക് വിശ്വാസത്തിന്‍റെ കൂടി ഭാഗമാണ്, ഇതിന്‍റെ കാഴ്ചപ്പാടുകളും രീതികളും നൂറ്റാണ്ടുകള്‍ മുമ്പ് മുതലേ ഞങ്ങള്‍ അനുവര്‍ത്തിച്ച് വരുന്നവയാണ്, അന്നൊന്നുമില്ലാത്ത വേദനയും ദുഃഖവും എന്തേ ഇവര്‍ക്ക് ഇന്ന്.....

അത് കൊണ്ട് ഈ പറയുന്നവരൊക്കെ ആദ്യം സ്വന്തം കാലിലെ മന്ത് നേരെയാക്ക്, എന്നിട്ട് മതി മറ്റുള്ളവരുടെ കാലിലെ നീര് നോക്കല്‍....

Wednesday, February 5, 2014

ജീവിതത്തില്‍ കിട്ടിയ വലിയൊരു അംഗീകാരം.....

ഒരു നോമ്പിനായിരുന്നു സംഭവം,
ഉള്ള്യേരിയിലെ ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകവേ കൊയിലാണ്ടിയിലേക്കുള്ള ബസ്സിലായിരുന്നു യാത്ര
നോമ്പ് തുറക്കാന്‍ അല്‍പസമയം കൂടിയേ ബാക്കിയുള്ളു,
ഉള്ള്യേരിയില്‍ നിന്ന് നോമ്പ് തുറക്കാനുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സില്‍ കയറി,
ബസ് പകുതി പിന്നിട്ടിട്ടേയുള്ളു,
ഭയങ്കര തിരക്കും,
നോമ്പ് നോറ്റ് ക്ഷീണിച്ചത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും ഒന്നിരിക്കാന്‍ സീറ്റ് കിട്ടിയാല്‍.....

അതാ, മുന്നിലൊരുവന്‍ എണീക്കാനൊരുങ്ങുന്നു,
സീറ്റ് കിട്ടി,
ബസ്സ് ഒരു സ്റ്റോപ്പ് പിന്നിട്ടിട്ടേയുള്ളു,
രണ്ട് സീറ്റ് പിന്നില്‍ നിന്നൊരാള്‍ തോണ്ടുന്നു,
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു വൃദ്ധന്‍,
കറുത്ത മുണ്ടുടുത്ത് കഴുത്തില്‍ മാലയും ധരിച്ചിട്ടുണ്ട്,
ശബരിമലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും,
എന്നോട് പറഞ്ഞു,
മോനെ, മുട്ട് വേദനയാണ്, നില്‍ക്കാന്‍ വയ്യ,

നോമ്പ് നോറ്റ് ക്ഷീണിച്ചത് കൊണ്ട് തന്നെ എഴുന്നേറ്റ് കൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍,
മാത്രവുമല്ല, അയാളുടെ അടുത്തുള്ള സീറ്റിലൊക്കെ കൊറേ പേര്‍ ഇരിക്കുന്നുണ്ട്,
എന്നിട്ടും എന്നോട് തന്നെ,

എന്നാലും എഴുന്നേറ്റ് കൊടുത്തു,
ആ വൃദ്ധന്‍ അവിടെ ഇരുന്നു
പിന്നെ കൊയിലാണ്ടി എത്തുന്നത് വരെ നിന്നനില്‍പില്‍,

ഇറങ്ങാന്‍ നേരത്ത് അയാള്‍ വരുന്നുണ്ട് എന്‍റടുത്തേക്ക്,
എന്നിട്ടെന്നോട് പറയാ,
മോനേ, കാല് കൊണ്ട് വയ്യാഞ്ഞിട്ടാ,
സീറ്റിലിരിക്കുന്നവരുടെയൊക്കെ മുഖത്ത് നോക്കി, ആരും എണീറ്റ് തരുന്ന ലക്ഷണമില്ല, മോന്‍റെ വേഷവും മുഖഭാവവുമൊക്കെ കണ്ടപ്പോള്‍ എഴുന്നേറ്റ് തരുമെന്ന് തോന്നി,
അത് കൊണ്ടാ മോനോട് തന്നെ പറഞ്ഞത്,

ജീവിതത്തില്‍ കിട്ടിയ വലിയൊരു അംഗീകാരം.....

ഓരോ പ്രവാസിയെയും ജീവിതം മുന്നോട്ട് നീക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം....

പാലക്കാട്ടുകാരന്‍ ഒരു അയ്യരുണ്ട്,
തൊട്ടടുത്ത ഓഫീസിലാണ് ജോലി,
വയസ്സ് ഏകദേശം അമ്പതിനടുത്ത് കാണും,
പരമസാധുവാണ് ആള്‍,
വായില്‍ വിരല്‍ വെച്ച് കൊടുത്താലും കടിക്കില്ലെന്ന് കേട്ടിട്ടില്ലേ,
അതിയാളെക്കുറിച്ചാണ്,
പ്രവാസിയായിട്ട് വെറും രണ്ട് മാസമേ ആയുള്ളൂ,
ദിവസവും എന്‍റടുത്ത് വരാറുണ്ട്, എന്തെങ്കിലും സര്‍വീസിന്,

അദ്ദേഹത്തെക്കാള്‍ പ്രായക്കുറവുള്ള ഒരു മലയാളിയാണ് മൊതലാളി,
തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്ക് പറയും,
അതും എല്ലാവരുടെയും മുന്നില്‍ വെച്ച്,
എല്ലാം കേട്ട് സഹിച്ചങ്ങനെ നില്‍ക്കും അയാള്‍,
ഇന്നും എന്‍റടുത്ത് വന്നിരുന്നു ഇല്ലാത്ത ഒരു മെയില്‍ പ്രിന്‍റെടുക്കാന്‍,
മെയില്‍ വന്നിട്ടില്ലെന്ന് മൊതലാളിയോട് വിളിച്ച് പറഞ്ഞപ്പോള്‍ അതിനും കിട്ടി തെറി...

അയാളുടെ അവസ്ഥ കണ്ട് എനിക്ക് തന്നെ ഒരു വല്ലായ്മ തോന്നി,.
പലപ്പോഴായി അയാളുടെ ജീവിത കഥ എന്നോട് പറഞ്ഞ് തന്നിട്ടുണ്ട്,
ബ്രാഹ്മണനായിട്ടും വയസ്സ് അമ്പതിനോടടുത്തിട്ടും വിദേശത്ത് ജോലി ചെയ്യേണ്ടി വന്നത് നിര്‍ബന്ധിതനായിട്ടാണത്രെ,
വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം,

എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ അയാള്‍ സ്വയം സമാധാനിച്ചു
ആ ഒരു കൊല്ലം എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കണം
അത് കഴിഞ്ഞാല്‍‌ ജോലി മാറാമല്ലോ,
ഖത്തറിലെ വിസ നിയമപ്രകാരം എത്ര
കൊല്ലം കഴിഞ്ഞാലും കമ്പനി മാറണമെങ്കില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ എന്‍. ഒ. സി നിര്‍ബന്ധമാണെന്ന് പറഞ്ഞപ്പോള്‍ ആ പ്രതീക്ഷയും ഇല്ലാതായി അയാള്‍ക്ക്,

എന്‍റെ സംശയം അതല്ല,
എങ്ങിനെ അയാള്‍ ഇതെല്ലാം സഹിച്ചിങ്ങനെ പിടിച്ച് നില്‍ക്കുന്നു,
ചോദിക്കണമെന്ന് വിചാരിച്ച് നാവെടുത്തതെയുള്ളു,
അതറിഞ്ഞിട്ടാണെന്ന് തോന്നുന്നു, ഉടനെ അയാള്‍ പേഴ്സില്‍ നിന്നും ഒരു ഫോട്ടോയെടുത്ത് കാണിച്ചു,
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബ ഫോട്ടോ,
രണ്ട് പെണ്‍മക്കള്‍, ഒരാള്‍ കല്യാണപ്രായമടുത്ത് നില്‍ക്കുന്നു,

അയാളെന്നോട് പറഞ്ഞു: വല്ലാതെ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഈ ഫോട്ടോയെടുത്ത് ഒന്ന് നോക്കും,
ആ മുഖങ്ങള്‍ കാണുമ്പോള്‍ ദുഃഖങ്ങളെല്ലാം അലിഞ്ഞില്ലാതാകും....
ഒരു പക്ഷെ, ഓരോ പ്രവാസിയെയും ജീവിതം മുന്നോട്ട് നീക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം....

ഖത്തറുകാരുടെ പ്രിയപ്പെട്ട ഹാജിക്ക ഇനി മരണമില്ലാത്ത ലോകത്തേക്ക്


ഏകദേശം ഒരു വര്‍ഷം മുമ്പാണ് സംഭവം,
രാത്രി രണ്ട് മണിയായിക്കാണും.
ഖത്തറില്‍ ഒരു കോണ്‍ട്രാക്റ്റിംഗ് കമ്പനി നടത്തുന്ന ബന്ധുവിന്‍റെ നമ്പറില്‍ നിന്ന് അപ്രതീക്ഷിതമായ ഒരു കോള്‍,
കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ശ്രീലങ്കക്കാരന്‍ മരണപ്പെട്ടുവത്രെ,
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവാണമെങ്കില്‍ ഇഖാമ കാന്‍സല്‍ ചെയ്യണം. സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം അത്യാവശ്യ സര്‍വീസുകള്‍ ചെയ്യേണ്ടി വരാറുണ്ട്.

റോഡില്‍ നിര്‍ത്തിയിട്ട വണ്ടിയിലെത്തിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ മുന്നിലിരിക്കുന്ന വെളുത്ത നീളന്‍ കുപ്പായവും ചുവന്ന തലേക്കെട്ടും കൈയ്യില്‍ ഒരു വടിയുമായി വളരെ പ്രായം തോന്നിപ്പിക്കുന്ന ആളെ കണ്ടു.
ഹാജിക്ക എന്ന തൃശൂരുകാരന്‍ അബ്ദുല്‍ഖാദര്‍ ഹാജിയെ പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായാണ്.

ദോഹയില്‍ മരണപ്പെടുന്ന വിദേശികളുടെ മൃതദേഹം കുളിപ്പിക്കുന്നത് മുതല്‍ നാട്ടിലേക്ക് വിമാനം കയറ്റുന്നത് വരെ എല്ലാത്തിനും ഹാജിക്ക പ്രതിഫലേച്ഛയില്ലാതെ മുന്നിലുണ്ടാകും.
ഇത് വരെയായി മുവ്വായിരത്തോളം മയ്യത്തുകളുടെ അന്ത്യകര്‍മങ്ങള്‍ സ്വന്തം കൈ കൊണ്ട് ചെയ്തിട്ടുണ്ടത്രെ.
പ്രായം അറുപത്തഞ്ച് കഴിഞ്ഞിട്ടും ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാതിരുന്നിട്ടും നട്ടപ്പാതിരക്ക് പോലും ഹാജിക്ക ആര്‍ക്കോ വേണ്ടി ഓടിപ്പായുന്നു.
അത്യപൂര്‍വമായി മാത്രം കാണുന്ന വ്യക്തിത്തങ്ങളിലൊരാള്‍,

പിന്നെയും പല പ്രാവശ്യം ഹാജിക്ക എന്നെ വിളിച്ചു. എല്ലാം രാത്രി പന്ത്രണ്ട് മണിക്ക് ശേഷം തന്നെ, മരണപ്പെട്ടവരുടെ പേപ്പറുകള്‍ ശരിയാക്കാന്‍,
ഒരു ദിവസം പേപ്പറുകള്‍ ശരിയാക്കിക്കൊടുത്തതിന്‍റെ പിറ്റേന്ന് ഹാജിക്ക എന്നെ വിളിച്ചു
"മോനെ, ഇന്നലെ വന്ന കക്ഷികള്‍ മോന് എന്തെങ്കിലും തന്നോ"
"തന്നല്ലോ,"
"എത്ര തന്നു,"
"സര്‍വീസ് ചാര്‍ജ്, പത്ത് രിയാല്‍"
ഫോണ്‍ കട്ടു ചെയ്ത ഉടനെ ഹാജിക്ക നേരിട്ട് വന്നു എന്റടുത്തേക്ക്,
കീശയില്‍ നിന്ന് നൂറ് റിയാലെടുത്ത് എനിക്ക് തന്നു,
വേണ്ടാന്ന് പറഞ്ഞപ്പോള്‍ ഹാജിക്ക പറഞ്ഞു
"ഇത് മോനുള്ളതാണ്, നട്ടപ്പാതിര നേരത്ത് എനിക്ക് ഇനിയും വിളിക്കാനുള്ളതാണ് മോനെ, അത് കൊണ്ട് ഇത് വെച്ചോ,"
ആര്‍ക്കോ വേണ്ടി ചെയ്ത സര്‍വീസിന് സ്വന്തം കീശയില്‍ നിന്ന് കാശെടുത്തു തരാന്‍ മറ്റൊന്നാലോചിക്കേണ്ടി വന്നില്ല ഹാജിക്കാക്ക്,

വിദേശിയായ ഒരാള്‍ ഖത്തറില്‍ മരണപ്പെട്ടാല്‍ ചെയ്യേണ്ട നിയമ നടപടികള്‍ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷിലുള്ള ഒരു ചാര്‍ട്ട് എന്‍റടുത്ത് തന്നു ഹാജിക്ക, അറബിയിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍,
ട്രാന്‍സ്ലേറ്റ് ചെയ്ത ഡോക്യുമെന്‍റ് വാങ്ങാന്‍ ഹാജിക്ക വന്നില്ല, രണ്ട് മാസത്തിന് ശേഷം വിളിച്ചു എന്നിട്ട് പറഞ്ഞു
"മോനെ, ഞാന്‍ സുഖമില്ലാതെ ഹോസ്പിറ്റലിലാണ്, അത് കൊണ്ടാണ് പേപ്പര്‍ വാങ്ങാന്‍ വരാതിരുന്നത്, ഇന്‍ശാ അല്ലാ വരാം,"
പിന്നീടും പലപ്പോഴായി വിളിച്ചു, ആ പേപ്പര്‍ വാങ്ങാന്‍ വരാതിരുന്നതിന് ക്ഷമാപണം ചോദിച്ചുകൊണ്ട്.
ഇപ്പോഴും കൈയ്യിലുണ്ട് ആ ഡോക്യുമെന്‍റുകള്‍,
വാങ്ങാന്‍ ഹാജിക്ക വരില്ലെന്ന് മാത്രം...

ഇന്നലെ ഹാജിക്കയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.
ഒരു പാട് പേരുടെ മയ്യിത്ത് നാട്ടിലേക്കയക്കാന്‍ വളരെയേറെ ബുദ്ധിമുട്ടിയ ഹാജിക്ക പക്ഷെ, സ്വന്തം മയ്യത്ത് നാട്ടിലെത്തിക്കാന്‍ ആരും ബുദ്ധിമുട്ടരുതെന്ന് വിചാരിച്ച് കാണണം,
അത്കൊണ്ട് തന്നെയാണ് ഖത്തറില്‍ ജീവിച്ച് ഇവിടെത്തന്നെ മരിച്ച് ഇവിടെതന്നെ ഖബറടക്കണമെന്ന് പല അഭിമുഖങ്ങളിലുമായി അദ്ദേഹം പറഞ്ഞ് വെച്ചത്.
ആഗ്രഹം പോലെ ഹാജിക്കയുടെ മയ്യത്ത് നാട്ടിലേക്കെടുക്കേണ്ടി വന്നില്ല, ഖത്തറില്‍ തന്നെ ഖബറടക്കി,
ഖത്തറിനെയും ഇവിടത്തെ വിദേശികളെയും ഒരു പാട് സ്നേഹിച്ച ഒരു മനുഷ്യസ്നേഹിയുടെ ആഗ്രഹം പോലെത്തന്നെ....
നാഥന്‍ അദ്ദേഹത്തിന്‍റെ പരലോകം ധന്യമാക്കിക്കൊടുക്കുമാറാകട്ടെ....

കാറ്റടിച്ചാല്‍ മാഞ്ചോട്ടിലേക്കൊടുന്ന കാലം

നല്ല പൊളപ്പന്‍ പഴുത്ത മാങ്ങ (മാമ്പഴം എന്ന് പറഞ്ഞാല്‍ രുചി കുറയും) കണ്ടാല്‍ ഇന്നും നാവില്‍ വെള്ളമൂറും,
മനസ്സ് കാതങ്ങളകലെയുള്ല നാട്ടുമാവിന്‍ചോട്ടിലേക്കോടും,

മാമ്പഴക്കാലമായാല്‍ പിന്നെ ഉല്‍സവമേളമാണ്,
രാവിലെ നേരത്തെയെഴുന്നേറ്റ് ഓടും മാച്ചോട്ടിലേക്ക്,
സുബഹിക്കെഴുന്നേല്‍ക്കാന്‍ പൊതുവേ മടിയായിരുന്നേലും മാമ്പഴക്കാലമായാല്‍ ആവേശം കൂടും
തലേന്ന് രാത്രി നല്ല കാറ്റുണ്ടായിരുന്നെങ്കില്‍ ഓട്ടത്തിന് സ്പീഡ് കൂടും,
ഒളര്‍ മാങ്ങ യായിരുന്നു വീട്ടില്‍ കൂടുതലും,
മാങ്ങ മൂത്ത് പാകമായാല്‍ കയറ്റക്കാരന്‍ കണാരേട്ടനെ വിളിച്ച് കൊണ്ടുവരാനും മാങ്ങ പറിച്ച് ചൊന കളഞ്ഞ് തുടച്ച് പേപ്പറില്‍ ചുരുട്ടി ചാക്കിലാക്കി വെക്കാനും എല്ലാത്തിനും ഞങ്ങള്‍ കുട്ടികള്‍ക്കായിരുന്നു ആവേശം കൂടുതല്‍,
പഴുത്ത് പാകമാകുന്നതിന് മുമ്പ് തന്നെ ഓരോന്നോരോന്നായി എടുത്ത് ഞെക്കിപ്പഴുപ്പിച്ച് തിന്നാന്‍ തുടങ്ങും,
ക്ഷമ വേണ്ടേ ക്ഷമ,

ഹോസ്റ്റലില്‍ പോകാന്‍ തുടങ്ങിയതോടെ പലപ്പോഴും ഈ മാമ്പഴ സൌഭാഗ്യം കിട്ടാതെ പോയിട്ടുണ്ട്,
എന്നാലും എന്‍റെ ലീവിന്‍റെ ഒരാഴ്ച മുമ്പ് ഉമ്മ തന്നെ ആളെ വിളിപ്പിച്ച് മാങ്ങ പറിപ്പിച്ച് വെക്കും,
എനിക്ക് കിട്ടിയില്ലേല്‍ എന്നെക്കാള്‍ ടെന്‍ഷന്‍ ഉമ്മാക്കാ,
ഒരിക്കല്‍ ഞാന്‍ വരുമ്പോഴേക്ക് മാങ്ങ കെട്ട് പോകൂന്ന് കരുതി അപ്പറത്തെ വീട്ടിലെ ഫ്രിഡ്ജില്‍ ഒരാഴ്ചയോളം മാങ്ങ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഉമ്മ,
മാങ്ങയെക്കാള്‍ ഉമ്മാന്‍റെ സ്നേഹത്തിനായിരുന്നു അന്ന് മധുരം കൂടുതല്‍......

മറ്റൊരു കിടിലന്‍ സാധനമുണ്ട്, നാട്ടുമാങ്ങ
കാന്താരിമൊളകിനെപ്പോലെയാ,
ആള് ചെറുതാണെങ്കിലും ഉള്ളത് ഒന്നൊന്നരയാ,
സ്ക്കൂളിന് പരിസരത്തെ നാട്ടുമാവുകളെല്ലാം കാണാപാഠമാ,
ബെല്ലടിച്ചാല്‍ പിന്നെ കൂട്ടയോട്ടമായിരിക്കും,
ചിലപ്പോ ബെല്ലടിക്കുന്നതിന് മുമ്പ് തന്നെ മൂത്രമൊഴിക്കാന്‍ പോട്ടേന്ന് മാഷിനോട് കള്ളം പറഞ്ഞും ഓടും,
കുട്ടിക്കാലത്തെ കുസൃതികളെല്ലാം കൂടിച്ചേര്‍ന്ന മധുരമാണ് നാട്ടുമാങ്ങക്ക്......
ഇന്ന് അങ്ങാടീന്ന് വാങ്ങുന്ന മല്‍ഗോവന്‍ മാമ്പഴത്തിന് പോലുമുണ്ടാകില്ല ആ മധുരം...

അത്ര ഇഷ്ടമുള്ളത് കൊണ്ടായിരിക്കണം ആദ്യമായി പ്രവാസത്തിലേക്ക് വരുമ്പോള്‍ കൈയ്യിലുള്ള ഇരുപത്തേഴ് കിലോ ബാഗേജില്‍ ഇരുപതും പഴുത്തമാങ്ങയായിരുന്നു....

നബിദിനം, ഗൃഹാതുരത്വം വേട്ടയാടുന്ന ഓര്‍മകള്‍

നബിദിനം,
ഗൃഹാതുരത്വം വേട്ടയാടുന്ന നിമിഷങ്ങള്‍,
വ്യത്യസ്തമായ ഓര്‍മകള്‍.....

എഴുതിപ്പഠിച്ച പാട്ടും പ്രസംഗവും സ്റ്റേജില്‍ കയറി പാടി/പറഞ്ഞ് തീര്‍ക്കുന്ന കുട്ടിയുടെ വ്യഗ്രതയാണ് മദ്റസയിലെ നബിദിനത്തിന്,
മനഃപാഠമാക്കിയത് ഓര്‍മ വരാതാവുമ്പോള്‍ കേള്‍വിക്കാരുടെ ചിരി, നേരത്തെ പാട്ട് മറന്ന് കരഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിപ്പോന്ന കൂട്ടുകാരനപ്പോള്‍ ഇരട്ടി സന്തോഷമാവും.
സമ്മാനം കിട്ടിയ സോപ്പ്/പെന്‍/ പ്ലൈറ്റ്/ഗ്ലാസ് എന്നിവ വീട്ടുകാരെ കാണിക്കുമ്പോഴുണ്ടാകുന്ന സന്തോഷം വേറത്തന്നെ, വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ സമ്മാനം കിട്ടിയ പ്ലേറ്റില്‍ ഉമ്മ ഭക്ഷണം വിളമ്പും,
കഴിക്കുമ്പോ ഉമ്മ പറയും,
"ഓന് സമ്മാനം കിട്ടിയ പ്ലേറ്റാ അത്"
എന്നെക്കാള്‍ സന്തോഷം ഉമ്മാന്‍റെ മുഖത്തായിരിക്കുമപ്പോള്‍...

കോളേജിലെത്തിയതോടെ ഗ്രൂപ്പ് മല്‍സരങ്ങളായി,
അതോടെ നബിദിന ഓര്‍മകള്‍ക്ക് അല്‍പം വീറും വാശിയും വന്ന് ചേര്‍ന്നു. കണക്ക് കൂട്ടലുകളും തന്ത്രം മെനയലുകളും തകൃതിയായിരിക്കും,
സമ്മാനം കിട്ടിയ ഫൈബര്‍ പ്ലേറ്റ് സുഹൃത്തിന്‍റെ കൈയില്‍ നിന്ന് വീണ് പൊട്ടിയിട്ടും കവര്‍ പൊളിക്കാതെ മാസങ്ങളോളം പെട്ടിയില്‍ സൂക്ഷിച്ചത് ഇപ്പോഴും മറന്നിട്ടില്ല.

അധ്യാപക ജീവിതമാരംഭിച്ചതോടെ മല്‍സരങ്ങള്‍ നടത്തിപ്പുകാരനായി / വിധി കര്‍ത്താവായി മാറേണ്ടി വന്നു,
മല്‍സരങ്ങളില്‍ കുട്ടികളുടെ ആവേശം കാണുമ്പോള്‍ അവരിലൊരാളായില്ലല്ലോ എന്ന ദുഃഖം അന്നേ ഉണ്ടായിരുന്നു.
മല്‍സരത്തില്‍ ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന കുട്ടികളോട്, "ഒന്നും രണ്ടും മൂന്നും ഇല്ലെങ്കിലും നീ നാലാം സ്ഥാനത്താ" എന്ന് ഓരോരുത്തരോടും സ്വാകര്യമായി പറഞ്ഞ് സമാധാനിപ്പിക്കുമ്പോള്‍, അവരുടെ മുഖത്തുള്ള സന്തോഷം മനസ്സിലേക്ക് ആവാഹിക്കുമ്പോഴുള്ള നിര്‍വൃതി....

എല്ലാം നിറമുള്ള ഓര്‍മകള്‍.....
എല്ലാര്‍ക്കും ഹൃദ്യമായ നബിദിനാശംസകള്‍....

ജീവിതത്തോടുള്ള വാശി

കഴിഞ്ഞ ദിവസം രാത്രി റയ്യാനില്‍ നിന്ന് ദോഹയിലേക്ക് കര്‍വ ടാക്സിയില്‍ കയറിയതായിരുന്നു,
ടാക്സിക്കാരന്‍ മരണ സ്പീഡിലാ,
കൂടെയുണ്ടായിരുന്ന സുനീഷ് മുന്നിലെ വണ്ടി ചൂണ്ടിക്കാണിച്ചിട്ട് എന്നോട് ചോദിച്ചു: നമ്മളെ വണ്ടിക്കാരന്‍ മുന്നിലെ വണ്ടിക്കാരനുമായി വാശിയിലാണല്ലോ,
ഞാന്‍ പറഞ്ഞു:
"വാശിയിലാ,
മുന്നിലെ വണ്ടിക്കാരനോടല്ല,
ജീവിതത്തോട്...."
(ഒരു ജ്ഞാനിയുടെ ടോണില്‍ തന്നെയാണ് പറഞ്ഞത്)

"പിന്നേ,
നിന്‍റെ ഒടുക്കത്തെ ഡയലോഗ്..."

"അതല്ലെടാ,
മുമ്പൊരിക്കല്‍ രാത്രി ഒരു ടാക്സിയില്‍ കയറി,
നേപ്പാളിയായിരുന്നു ഡ്രൈവര്‍,
അവനോട് ടാക്സി സംവിധാനത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയത് കൊണ്ട് പറയുകയാ,

ദിവസം ഇരുന്നൂറ്റി അമ്പത് രൂപക്ക് വാടകക്കെടുക്കുകയാണത്രെ ഇവര്‍,
ഓടി ഇരുന്നൂറ്റി അമ്പതിലധികം ഉണ്ടാക്കിയാലേ കീശയിലെന്തെങ്കിലും തടയൂ,
സ്റ്റാന്‍റില്‍ നിന്ന് വണ്ടി എടുത്ത് ദോഹയിലെത്താനും തിരിച്ചും ഓരോ മണിക്കൂര്‍,
ബാക്കി പത്ത് മണിക്കൂര്‍ കൊണ്ട് ഓടിയാലും ദിവസ വാടക പോലും തികയാറില്ലത്രെ,

ഇറങ്ങാന്‍ നേരത്ത് മീറ്ററില്‍ ചാര്‍ജ് 19 രൂപ,
ചാര്‍ജ് കൊടുക്കുമ്പോ ഞാനയാളോട് ചോദിച്ചു,
ഇന്ന് എത്രയായി ഇത് വരെ ഓടിയിട്ട്,
അവന്‍ പറഞ്ഞു, ഇരുന്നൂറ്റി അമ്പതാവാന്‍ ഇനി ഒരു രിയാല്‍ കൂടി വേണം.
മടക്കി തരാനിരുന്ന ഒരു റിയാല്‍ അവന് തന്നെ തിരിച്ച് കൊടുത്തു,
(അതേ എന്നെക്കൊണ്ടൊക്കൂ)
ഇനി ഒരു മണിക്കൂറ് കൊണ്ട് ഓടിയിട്ട് കിട്ടുന്നതേ അവന്‍റെതെന്ന് പറയാനാകൂ,
അത് നേടിയെടുക്കാനാ അവരിത്ര തെരക്കിട്ട് ഓടുന്നത്,
പിന്നെങ്ങനെ ഇവര്‍ ഇത്ര വാശിയില്‍ ഓടാതിരിക്കും,
ഇനി നീ പറ,
അവന്‍ വാശി പിടിക്കുന്നത് മുന്നിലെ വണ്ടിക്കാരനോടോ ജീവിതത്തോടോ...."

കാണാതെ പോകുന്ന നന്മകള്‍


ഇന്ന് രാവിലെ റൂമില്‍ നിന്നിറങ്ങിയപ്പോ എന്നും കാണുന്ന ബലദിയ ക്ലീനിംഗുകാരന്‍ ഞങ്ങടെ കൊമ്പൌണ്ടിന് മുന്നില്‍ ക്ലീന്‍ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.

ബംഗാളിയാണ്
ഏകദേശം അറുപതിനോടടുത്ത് പ്രായം കാണും,
പ്രായക്കൂടുതല്‍ കാരണമുണ്ടാകുന്ന സ്വാഭാവിക ദേശ്യം എന്നും മുഖത്തുണ്ടാകാറുണ്ട്.
മാലിന്യങ്ങള്‍ അങ്ങിങ്ങ് വലിച്ചെറിഞ്ഞത് കാണുമ്പോ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണ് ക്ലീന്‍ ചെയ്യാറ്.

ഉടനെ ഒരു മിസ് രി എന്ന് തോന്നിക്കുന്ന ഒരാള്‍ ലാന്‍ക്രൂയിസറില്‍ വന്ന് റോഡില്‍ ബ്രേക്കിട്ടു,
ഗ്ലാസ് തുറന്ന് ക്ലീനിംഗുകാരനെ വിളിക്കുന്നുണ്ട്,
അയാള്‍ ശ്രദ്ധിക്കുന്നില്ല.
റോഡിന്‍റെ നടുവില്‍ തന്നെ വണ്ടി നിര്‍ത്തിയത് കൊണ്ട് പിന്നില്‍ വാഹനം വന്ന് റോഡ് ബ്ലോക്കാവുന്ന അവസ്ഥയെത്തി,
പിന്നിലുള്ള വണ്ടിക്കാര്‍ അയാളെ ചീത്ത വിളിക്കാനും,
മിസ്റി വണ്ടി മുന്നോട്ടെടുത്ത് സൈഡാക്കി,
വീണ്ടും വിളിച്ചു,
അവസാനം നമ്മുടെ ബലദിയക്കാരന്‍ അടുത്തേക്ക് ചെന്നു,
മിസ്റി കീശയില്‍ കൈയ്യിട്ട് ഒരു നോട്ടെടുത്ത് അയാള്‍ക്ക് നീട്ടുന്നു,

എവിടെയാണ് നന്മ ഒളിച്ച് കിടക്കുന്നതെന്ന് മനസ്സിലാക്കാതെ പോവുന്ന നിമിഷങ്ങള്‍,
അതിലപ്പുറം നാമൊക്കെ ചെയ്തു എന്ന് പറയുന്ന കാര്യങ്ങള്‍ ഒന്നുമല്ലെന്ന തോന്നലും....

Tuesday, February 4, 2014

മരുഭൂമിയിലെ കിണര്‍

 ഓരോ പ്രവാസി റൂമിലെയും അഭിവാജ്യ ഘടകമാണ് ഈ കിണര്‍.
തോടും പുഴയുമൊക്കെയുണ്ടെങ്കിലും കുടിവെള്ളം വേണെങ്കീ കിണറിനെത്തന്നെ ആശ്രയിക്കേണ്ടി വരുമല്ലോ,
അത് പോലെയാണിതും,
പമ്പ് ഉപയോഗിച്ച് പുഷ് ചെയ്ത് കുടിക്കുമ്പോ കിണറ്റീന്ന് വെള്ളം കോരിയെടുക്കുന്ന പോലെത്തന്നെ,
കാശ് കൊടുത്തു വാങ്ങണമെന്നത് കൊണ്ട് തന്നെ വെള്ളത്തിന്‍റെ ദൌര്‍ലഭ്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച് വിശദീകരിക്കേണ്ട ആവശ്യമൊന്നും ഇവിടില്ല.
എല്ലാ പള്ളീടെ മുന്നിലുമുണ്ടാകും കുടിവെള്ളത്തിന്‍റെ ടാപ്പ്
അതൊരാശ്വാസമാണ്.
കുടിവെള്ളം മുട്ടില്ലെന്നര്‍ത്ഥം.

നാല്‍പത്തിയൊന്ന് എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും അടക്കം നാല്‍പത്തിനാല് നദികളുണ്ട് കേരളത്തില്‍,
കായലും തോടും കിണറുകളും എണ്ണുകയാണെങ്കില്‍ എസ്പതിനായിരത്തിലധികം വരും,
എന്നാലും നമ്മുടെ പഞ്ചായത്ത് പൈപ്പ് തുറന്നാല്‍ ഗോവിന്താ...
"ശൂ...ശൂ......."
കാറ്റല്ലാതൊന്നുമുണ്ടാകില്ലതില്‍,

അവിടെയാണ് ഗള്‍ഫുനാടുകളിലെ "പഞ്ചായത്ത് പൈപ്പി"ന്‍റെ മേന്മ,
കടലല്ലാതെ പ്രകൃതിയിലെ മറ്റൊരു ജലസ്രോതസ്സും ഇല്ലാഞ്ഞിട്ട് പോലും ഇവിടെ പൈപ്പിലെ വെള്ളം തീര്‍ന്നതായി ആരും പറഞ്ഞ് കേട്ടിട്ട് പോലുമില്ല,
അതുമല്ല കൊല്ലങ്ങളോളം ഉപയോഗിക്കാനുള്ള വെള്ളം
ഓരോ രാജ്യത്തും ശേഖരിച്ച് വെച്ചിട്ടുണ്ടത്രെ,
ഇവിടങ്ങളിലെ ഭരണാധികാരികളെ അഭിനന്ദിക്കാതെ വയ്യ,

പൈപ്പ് വെള്ളത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്,
ഏത് സമയത്തും അല്‍പം കൃത്രിമ ചൂടുണ്ടാവും.
തണുപ്പ് കാലത്തിത് ചില്ലറയൊന്നുമല്ല ആശ്വാസം.

പ്രവാസി എപ്പോഴും ചൂടുള്ള വെള്ളത്തിലാണ്
കുളിക്കാന്‍ വിധിക്കപ്പെട്ടത്,
ചൂട് കാലത്ത് പ്രകൃതിയിലെ ചൂട് കാരണം വെള്ളം
ഓട്ടോമാറ്റിക്കായി ചൂടായിട്ടുണ്ടാവും,
തണുത്ത വെള്ളം വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ തലേന്ന് രാത്രി തന്നെ ബക്കറ്റില്‍ പിടിച്ച് വെക്കണം,
മ്മളെപ്പോലോത്ത മടിയന്മാരുണ്ടോ അതിനൊക്കെ മെനക്കെടുന്നു.. ?
തണുപ്പുകാലത്താണെങ്കില്‍ ഹീറ്ററ് വെച്ച് ചൂടാക്കിയ വെള്ളമായിരിക്കും, അല്ലാതെ കുളിക്കാനൊക്കത്തില്ല.
ചുരുക്കത്തില്‍ ചുട്ടുപൊള്ളുന്ന മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാന്‍ പ്രവാസിക്ക് വിധിയില്ലെന്നര്‍ത്ഥം....