Sunday, April 13, 2014

ഒടുക്കത്തെ തിരക്ക്, എന്നാല്‍ ഒന്നും നേടുന്നില്ല

കഴിഞ്ഞയാഴ്ച ഒരുവന്‍ ഒരു ഡോക്യമെന്‍റ് ട്രാന്‍സ്ലേഷന്‍ ചെയ്യാനായി വന്നു,
എപ്പോ കിട്ടുമെന്ന് ചോദിച്ചപ്പോ ഞാന്‍ പറഞ്ഞു:
രണ്ട് ദിവസം വേണ്ടി വരും,
കുറേ നേരം ചൊറിഞ്ഞ് നിന്നപ്പോ ഞാന്‍ പറഞ്ഞു:
ഓക്കെ, ഒരു ദിവസം കൊണ്ട് തരാം, നാളെ രാവിലെ വരൂ,
അല്ല അവന് ഇന്ന് രാത്രി തന്നെ വേണം,
ഞാന്‍ ചോദിച്ചു, ഇന്ന് രാത്രി അത് കിട്ടിയിട്ട് നിങ്ങക്കൊരു കാര്യവുമില്ലല്ലോ, നാളെ രാവിലെ പോരേ,
അല്ല, അവന് ഇന്ന് രാത്രി തന്നെ വേണം,
ഞാന്‍ വേറെവിടെങ്കിലും പോയി നോക്കട്ടെയെന്നും പറഞ്ഞ് അവന്‍ പോയി,

രണ്ട് ദിവസം കഴിഞ്ഞ് അവന്‍ വീണ്ടും വന്നു അതേ ഡോക്യുമെന്‍റും കൊണ്ട്, അപ്പോഴും തലേന്നത്തെപ്പോലെ രാത്രി തന്നെ കിട്ടണമെന്ന് അവന് വാശി, രണ്ട് ദിവസമുള്ളത് ഒരു ദിവസത്തിനുള്ളില്‍ തരാമെന്ന് പറഞ്ഞിട്ടും പോര,
മറ്റെവിടെയെങ്കിലും കൊടുക്കാമെന്ന് പറഞ്ഞ് വീണ്ടും പോയി,

ഇന്നലെയും വന്നു അവന്‍,
ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പെ തന്നെ ഞാന്‍ പഞ്ഞു,
മോനെ, ട്രാന്‍സ്ലേഷനാണെങ്കീ നീ എവിടെയെങ്കിലും കൊണ്ട് പോയി ചെയ്യൂ,
ഇവിടെ ചെയ്യുന്നില്ല,

ഞാനടക്കം പലരുടെയും മനോഭാവം ഇതാണ്,
ഒടുക്കത്തെ തെരക്കാണ് എല്ലാര്‍ക്കും,
എ.ടി.എമ്മില്‍ നാല് പേരുടെ ക്യൂ കാണുമ്പോഴേക്ക് തൊട്ടപ്പുറത്തുള്ള കൌണ്ടറിലേക്ക് പോകും,
അവിടെ എത്താനുള്ള നേരവും അന്നേരം അവിടെയുള്ളവരുടെ ഊഴവും കഴിയുമ്പോഴേക്ക് ഇരട്ടി സമയമെടുത്തിട്ടുണ്ടാവും.

ചെറിയൊരു ട്രാഫിക് ബ്ലോക്കുണ്ടാവുമ്പോഴേക്ക് ഏതെങ്കിലും ഊടുവഴി പിടിച്ച് പോകും,
ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്ക് സമയം ഒരുപാട് കഴിഞ്ഞിട്ടുണ്ടാവും,

തിരക്ക് പലപ്പോഴും വിപരീതഫലമാണുണ്ടാക്കുക.
സഞ്ചരിക്കാം നമുക്ക്,
തിരക്കുകളുടെ ലോകത്ത് നിന്ന് വിവേകത്തിന്‍റെ ലോകത്തേക്ക്...

(കാര്‍ട്ടൂണ്‍ കടപ്പാട്)

Wednesday, April 9, 2014

മധുരമുള്ള വോട്ടോര്‍മകള്‍


രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം വോട്ടിന് മറ്റൊരു വശം കൂടിയുണ്ട്,
വര്‍ഷത്തിലൊരിക്കല്‍ വരുന്ന പെരുന്നാള്‍, ഓണം, ക്രിസ്തുമസ് പോലോത്ത ആഘോഷ ദിവസങ്ങള്‍ പോലെ, ഒരു പക്ഷെ, അവയെക്കാള്‍ മധുരം നല്‍കാറുണ്ട് അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഒന്നോ രണ്ടോ തവണ വരുന്ന വോട്ട് ദിവസത്തിന്,
ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നും ഇടമില്ലാത്തതാണ് കുഞ്ഞുന്നാളിലുള്ള വോട്ടോര്‍മകള്‍ക്ക്.
വീട് പോളിംഗ് ബൂത്തിനടുത്ത് തന്നെയായത് കൊണ്ടും ഉപ്പ അത്യാവശ്യം രാഷ്ട്രീയത്തിലിടപെടുന്നത് കൊണ്ടും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒരു ആഘോഷത്തിന്‍റെ പ്രതീതിയാവും വീട്ടില്‍.
ആഴ്ചകള്‍ക്ക് മുമ്പെ ആളെ ചേര്‍ക്കാനും വിട്ട് പോയവരെ തെരഞ്ഞ് പിടിക്കാനും മരിച്ചവര്‍, ഗള്‍ഫുകാര്‍ തുടങ്ങിയവരെ അടയാളപ്പെടുത്താനും കല്യാണം കഴിച്ച് പോയ പെണ്ണുങ്ങളുടെയൊക്കെ അഡ്രസ് തേടിപ്പിടിച്ച് വോട്ടുറപ്പിക്കാനുമായി എല്ലാം കൂടി ജഗപൊഗയായിരിക്കും.
തെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്ന് രാത്രി ഉറക്കം കുറവായിരിക്കും,
ഏതാണ്ട് പെരുന്നാള്‍ രാത്രി പോലെ തന്നെ,
നാളെ ധരിക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ ഫോട്ടവും ചിഹ്നവും പതിച്ച തൊപ്പിയും, ബാഡ്ജും എല്ലാം ശരിയാക്കിവെച്ചിട്ടുണ്ടാവും,
വോട്ടുദിവസം ബൂത്തിലിരിക്കാന്‍ വലിയവരെക്കാള്‍ ആവേശമുണ്ടാകും, നാസ്തയും ഉച്ചച്ചോറുമൊക്കെ പാര്‍ട്ടിക്കാരെ വകയായിരിക്കും, അന്നത്തെ സാമ്പാറിനും മീന്‍കറിക്കും പ്രത്യേക ടേസ്റ്റാണ്. അതിനൊക്കെ സജീവസാന്നിദ്ധ്യമായിരിക്കും കുട്ടികള്‍,
പ്രവാസിക്ക് വോട്ടചെയ്യാനവസരം വേണമെന്ന് പറയുന്നത് ഇത് കൊണ്ടൊക്കെത്തന്നെയാണെന്ന് ഞാന്‍ വിചാരിക്കുന്നു,
നിറമുള്ള കുഞ്ഞോര്‍മകള്‍ പൊടിതട്ടിയെടുക്കാന്‍ ഒരു ദിനം, അത്രമാത്രം....
അല്ലാതെ ഭരണചക്രം തിരിച്ച് സായൂജ്യമടയാനൊന്നുമല്ല....

Thursday, March 6, 2014

ഫേസ്ബുക്ക്, അവഗണിക്കാനാകാത്ത മഹാമാധ്യമം

ഫേസ്ബുക്കില്‍ കുറേ പേര്‍ പച്ചയും കത്തിച്ചിരിക്കുന്നത് കൊണ്ട് കുറച്ചെങ്കിലും കാര്യമുണ്ടായില്ലേ,
രണ്ട് മൂന്ന് ഒണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലെ ത്രസിപ്പിക്കുന്ന ഇക്കിളി വര്‍ത്തമാനം മാത്രമായി ഒതുങ്ങുമായിരുന്ന ഒരു വാര്‍ത്ത, അതും ലോകം മുഴുവന്‍ ആരാധകവൃന്ദവും അതിലേറെ കോടിക്കണക്കിന് സമ്പത്തുമായി വിരാജിക്കുകയായിരുന്ന ഒരു പെണ്ണിന്‍റെ തനിനിറം പുറത്ത് കാണിക്കുന്ന ഒരു ഒരു വെളിപ്പെടുത്തല്‍ ഇന്ന് കാണുന്ന രീതിയില്‍ വിവാദമായതിന്‍റെ നൂറ് ശതമാനം ക്രഡിറ്റും ഫേസ്ബുക്കിനാണ്.
ഈ വിവാദമുണ്ടായ അന്ന് പലരും എഴുതിയിരുന്നു ഇത് രണ്ട് ദിവസത്തെ ഫേസ്ബുക്ക് സ്റ്റാറ്റസിനപ്പുറം കടക്കില്ലെന്ന്.
ആരും അതിലപ്പുറം പ്രതീക്ഷിച്ചിട്ടില്ല.
എന്നാല്‍ ആ വാര്‍ത്ത ചാനലുകള്‍ക്ക് തിരസ്കരിക്കാനാകാത്ത വിധം ഫേസ്ബുക്കില്‍ ചര്‍ച്ചയാവുകയുണ്ടായി. ഈ വിഷയത്തില്‍ മുന്‍നിര മാധ്യമങ്ങളുടെ മൌനവും ഏറെ വിമര്‍ശനം വരുത്തിവെച്ചു. അത് പോലെ ചില രാഷ്ട്രീയനേതാക്കളുടെ അസാമാന്യ വിധേയത്വവും. ഇത് പലരും ഫേസ്ബുക്കിലൂടെ തുറന്നെഴുതുകയും ചെയ്തു. ഇതിനെതിരെ നിയമനടപടി ഉണ്ടാവുമെന്ന പത്രവാര്‍ത്തയെയും പലരും പുച്ഛിച്ച് തള്ളി.
അവസാനം പല മാധ്യമങ്ങളും ആ മൌനം ഭജ്ഞിക്കേണ്ടി വന്നു. അല്ല, അതിന് നിര്‍ബന്ധിതരാവേണ്ടി വന്നു എന്ന് വേണം പറയാന്‍.
ഒരു പടി കൂടി കടന്ന് തട്ടിപ്പിന്‍റെ പല കഥകളും തെളിവ് സഹിതം അവതരിപ്പിക്കാന്‍ മുന്നോട്ട് വന്ന ചാനലുകാരെ അഭിനന്ദിക്കാതെ വയ്യ.
ഇന്നലെ കൈരളി ചാനല്‍ എം.ഡി. ജോണ്‍ ബ്രിട്ടാസ് ആരോപണമുന്നയിച്ച് സ്ത്രീയെ അങ്ങോട്ട് പോയി കണ്ട് അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്യുകയുണ്ടായി. അഭിമാനം തോന്നുന്നു, മാധ്യമധീരത ഇനിയും അവശേഷിക്കുന്നുണ്ടല്ലോ.

ഇനി മഠത്തിനും അമ്മക്കും ചെയ്യാവുന്ന ഒന്നുണ്ട്.
ഈ വെളിപ്പെടുത്തലിനെതിരെ കേസ് കൊടുക്കുക. ഇത് പ്രക്ഷേപണം ചെയ്ത ചാനലിനെതിരെയും. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തേ അമ്മ ഇത് ചെയ്യാത്തത്. വെളിപ്പെടുത്തല്‍ വന്ന അന്ന് ഇതിനെതിരെ പ്രതികരിക്കാതിരുന്നത് ന്യായീകരിക്കാം, വെറുതെ പ്രതികരിച്ച് കുളമാക്കണ്ട എന്ന് കരുതിയായിരിക്കാം,
ഇതിപ്പോ ഇത്ര വ്യക്തമായും സ്പഷ്ടമായും പേര് സഹിതവും ചാനല്‍ പുറത്ത് വിട്ടിരിക്കുകയാണ്. അതും കേരളം കേള്‍ക്കെ മകള്‍ വിളിച്ച് പറഞ്ഞിരിക്കുന്നു അമ്മയുടെ ചീഞ്ഞു നാറുന്ന ഇക്കിളിക്കഥകള്‍.

ഇപ്പോള്‍ ഒന്ന് മനസ്സിലായി ഫേസ്ബുക്ക് വെറും മുഖപുസ്തകം മാത്രമല്ല,
പലരുടെയും മുഖം മൂടി പിച്ചിച്ചീന്താനുള്ള ഒരു പുസ്തകം കൂടിയാണ്.

മറ്റൊന്ന് മുന്‍നിര ചാനല്‍ പത്ര മുതലാളിമാര്‍ മനസ്സിലാക്കണം,
നിങ്ങളൊക്കെ മൂടിവെച്ചാല്‍ കുഴിച്ച്മൂടാനാവില്ല ഈ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് യുഗത്തിലെ വാര്‍ത്തകളെ,
പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമായിരിക്കും.
പക്ഷെ, ഇവിടെ കണ്ണും കാതും കൂര്‍പ്പിച്ച് ഫേസ്ബുക്ക് എന്ന മഹാമാധ്യമവും അതിലെ അംഗങ്ങളും ലൈവാണ്.

Wednesday, February 26, 2014

സുധീര-സുകുമാര പതനം

സാധാരണയായി ഏത് വിവാദമുണ്ടായാലും ഏതെങ്കിലും ഒരു ഭാഗത്തിന് ഗുണവും മറുഭാഗത്തിന് ദോശവുമായി ഭവിക്കാറാണ് പതിവ്.
എന്നാല്‍ ഇന്നലെയുണ്ടായ സുകുമാര-സുധീര വിവാദത്തില്‍ രണ്ട് പേരുടെയും ഇമേജിന്‍റെ ഗ്രാഫ് താഴോട്ട് കൂപ്പുകുത്തുകയാണുണ്ടായത്.
സുധീരന്‍റെത് 80 ല്‍ നിന്ന് 55 ലേക്ക്,
സുകുമാരന്‍ നായരുടെത് 30 ല്‍ നിന്ന് 15 ലേക്ക്.

രാഷ്ട്രീയ നേതാക്കള്‍ സമുദായ സംഘടനകളുടെ ആസ്ഥാനത്തേക്ക് പോകരുതെന്ന വിലക്കൊന്നുമില്ല. മുസ്ലിം - ഹൈന്ദവ - കൃസ്ത്യന്‍ ആസ്ഥാനങ്ങളിലേക്ക് സാധാരണയായി രാഷ്ട്രീയ നേതാക്കള്‍ പോകാറുമുണ്ട്. രാഷ്ട്രീയത്തിനുപരി മതത്തിന് പരിഗണന കൊടുക്കുന്ന കേരളീയരുടെ ചിന്താഗതി കാരണം നാല് വോട്ട് കിട്ടണമെങ്കില്‍ ഇത് ചെയ്തേ ഒക്കൂ.

എന്നാല്‍ എല്ലാ സമുദായ ആസ്ഥാനങ്ങളെയും പോലെയല്ല എന്‍.എസ്.എസ് ആസ്ഥാനം.
അവിടെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് സന്ദര്‍ശനം നടത്തിയാല്‍ അതിന് കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിക്കാറുണ്ട്. എതിരാളികള്‍ അതിനെ വോട്ടുകച്ചവടമെന്നും അരമന കയറി നിരങ്ങിയെന്നൊക്കെ വിളിച്ച് ആക്ഷേപിക്കാറുമുണ്ട്.
തൊട്ടടുത്ത ദിവസം ആക്ഷേപിച്ചവര്‍ തന്നെ അങ്ങോട്ടേക്ക് ടിക്കറ്റ് തരപ്പെടുത്തുകയും ചെയ്യും.
വേദിയില്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ തറ ടിക്കറ്റെടുത്ത് സദസ്സിലിരിക്കാനും ഇവര്‍ മടികാണിക്കാറില്ല.
കേരളത്തിലെ വലിയൊരു വോട്ടുബാങ്കായ നായന്മാരുടെ ആസ്ഥാനമാണിതെന്നത് തന്നെയാണ് കാരണം.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ പോയിട്ട് മുഴുവന്‍ നായന്‍മാരുടെ പിന്തുണ തന്നെ ഇവര്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും പണ്ടുമുതലേയുള്ള ഒരു കീഴ്വഴക്കം ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ഇന്നലെ ആദര്‍ശ ധീരനായ ശ്രീമാന്‍ സുധീരനും അങ്ങോട്ടേക്ക് പോവുകയുണ്ടായി. സമുദായ നേതാക്കള്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് തെറിച്ച് പോട്ടെ എന്നൊക്കെ പ്രസ്താവിച്ച വി.ഡി സതീഷന്‍റെയും പ്രതാപന്‍റെയുമൊക്കെ ഉസ്താദായ സുധീരനാണിതെന്നോര്‍ക്കണം.
ഗ്രൂപ്പ് / സമുദായിക / പ്രാദേശിക പരിഗണനകളൊക്കെ കാറ്റില്‍ പറത്തി ആദ്യമായി കേരളത്തിലൊരു കെ.പി.സി.സി. പ്രസിഡന്‍റിനെ കണ്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ജനാധിപത്യ വിശ്വാസികളായ പരശ്ശതം കേരളീയര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ വരവിനെ സ്വാഗതം ചെയ്തത്.
അധികാരക്കസേരയും ആദര്‍ശവും ഒത്ത് നോക്കുമ്പോള്‍ സുധീരന്‍റെ മനസ്സിന് അല്‍പം ചെരിവുണ്ടായെങ്കില്‍ തെറ്റ് പറയുന്നവര്‍ കേരള രാഷ്ട്രീയം ആഴത്തില്‍ പഠിച്ചില്ലെന്ന് മനസ്സിലാക്കണം.
വിളിച്ചിട്ടല്ല ചെന്നതെന്ന നായരുടെ പ്രസ്താവനയും തെരഞ്ഞെടുപ്പ് അടുത്തതും എല്ലാം കൂട്ടിവായിച്ചാല്‍ സുധീരന്‍റെ നടപടിയും സ്വാഭാവിക തിണ്ണ നെരങ്ങലായേ കണക്കാക്കിക്കൂടൂ.

പിന്നെയുള്ളത് സുകുമാരന്‍ നായര്‍,
മന്നത്ത് പത്മനാഭന്‍ മുതല്‍ നാരായണപ്പണിക്കര്‍ വരെയുള്ള സമുന്നതരായ നേതാക്കളിരുന്ന കസേരയിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് നായര്‍.
ശരീരഭാഷയും മുഖത്തെ ഭാവങ്ങളും കണ്ടാല്‍ അഭിമാനിയാണെന്ന് തോന്നിക്കുമെങ്കിലും വായ തുറന്നാല്‍ മനസ്സിലാവും അത് അഹന്തയുടെയും അഹങ്കാരത്തിന്‍റെതുമാണെന്ന്.
എത്ര എതിര്‍പ്പുള്ളയാളാണെങ്കിലും വീട്ടില്‍ കയറി വന്നാല്‍ മാന്യതയോടെ സ്വീകരിക്കുന്ന "അഥിതി ദേവോ ഭവ" എന്ന ഭാരതസംസ്ക്കാരം നായര്‍ മറന്ന് പോയതോ, അതോ അന്ധമായ വ്യക്തി വൈരാഗ്യവും അഹന്തയും കാരണം മറന്ന് കളഞ്ഞതോ.
എസ്.എന്‍.ഡി.പിയുമായി കൈ കോര്‍ത്തുണ്ടാക്കിയ സഖ്യം ദിവസങ്ങള്‍ കൊണ്ട് പടിയടച്ച് പിണ്ഡം വെച്ചതും ഈ അഹങ്കാരം കാരണം തന്നെ.

ഏതായാലും ഒന്നുണ്ട്,
കേരളത്തിലെ എന്‍എസ്എസെന്ന മഹത്തായ പ്രസ്ഥാനത്തെ കൊളം തോണ്ടിയിട്ടേ ഇയാള്‍ അടങ്ങുള്ളൂ.
അതില്ലാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

Thursday, February 20, 2014

ഉമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം

ഇന്ന് നാട്ടില്‍ നിന്ന് ഏട്ടന്‍ വരികയുണ്ടായി...
വന്നപാടെ നീട്ടിതന്നത് ഒരു പൊതി
അതിലുണ്ടായിരുന്നത് ഉമ്മാന്‍റെ കൈ കൊണ്ടുണ്ടാക്കിയ
കുയ്യപ്പ (ഉണ്ണിയപ്പം) വും ചക്ക പൊരിച്ചതും...

അതങ്ങനെയാ ഗള്‍ഫുകാര്‍ തിരിച്ച് വരുന്പോള്‍ അത്യാവശ്യ സാധനങ്ങളെക്കാള്‍ ഉണ്ടാവുക കോഴിയടയും അച്ചാറും വാഴക്കാ ചിപ്സുമാണ്....
പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ മറന്നാലും
കോഴിയട എടുക്കാതെ ആരും തിരിച്ച് വരാറില്ല...

പണ്ടൊക്കെ പലപ്പോഴും പലരുടെയും പെട്ടി കെട്ടുംപോള്‍ ചിന്തിക്കാറുണ്ട്,
ഇവരൊക്കെ ഗള്‍ഫില്‍ പോവുന്നത് തിന്നാനാണോയെന്ന്...
ഇപ്പോഴാ അതിന്‍റെയൊക്കെ ഒരു ഗുട്ടന്‍സ് പിടികിട്ടുന്നത്.
അഞ്ച് റിയാല്‍ കൊടുത്താല്‍‌ ഉണ്ണിയപ്പത്തിന്‍റെ ഒരു പാക്കറ്റ് കിട്ടും എല്ലാ ഗ്രോസറികളിലും...
എന്നാലും ഉമ്മാന്‍റെ കൈ കൊണ്ടുണ്ടാക്കിയത് തിന്നുന്പോള്‍ വേറൊരു ടേസ്റ്റാണ്...
ഓരോ സുലൈമാനിയിലും മുഹബ്ബത്തുണ്ട് എന്ന് പറഞ്ഞ പോലെയാ,
ഓരോ ഉണ്ണിയപ്പത്തിലും ഉമ്മാന്‍റെ സ്നേഹം ചാലിച്ചിട്ടുണ്ട്....

കോളേജില്‍ പഠിക്കുന്ന കാലത്ത് മാസത്തിലൊരിക്കല്‍
ഉപ്പ വരുന്പോള്‍ കടലമിട്ടായി കൊണ്ട് വരാറുണ്ട്,
അന്നൊക്കെ അത് ഒറ്റക്ക് തിന്ന് തീര്‍ക്കലായിരുന്നു...
ആര്‍ത്തി മാത്രമല്ല കാരണം,
ആര്‍ക്കെങ്കിലും കൊടുത്താലും അവര്‍ക്കത് കടലമിട്ടായിയുടെ ഒരു കഷ്ണം മാത്രം,
എനിക്കാണെങ്കില്‍ അത് ഉപ്പ കൊണ്ടത്തന്നതാണ്, അത് തന്നെ വ്യത്യാസം.

പക്ഷെ, ഇവിടെയങ്ങനെയല്ല കെട്ടോ, ഇവിടെ ആര് എന്ത് നാട്ടില്‍ നിന്ന് കൊണ്ട് വന്നാലും എല്ലാരും കൂടി തിന്നങ്ങ് തീര്‍ക്കും...
ആര് കൊണ്ടുവന്നതായാലും ഏതെങ്കിലും ഒരു ഉമ്മ ഉണ്ടാക്കിയതല്ലേ....

കഥ പറയുന്ന കുഞ്ഞുപുസ്തകം

പാസ്പോര്‍ട്ട്,
കാണുന്നവര്‍ക്കത് ഒരു കുഞ്ഞുപുസ്തകം,
ഉള്ളില്‍ തുടക്കത്തിലും അവസാനത്തിലും കുറച്ച് വ്യക്തികത വിവരങ്ങള്‍ മാത്രം,
ബാക്കിയെല്ലാം കാലി പേജുകള്‍,

എന്നാല്‍ പലതും വായിച്ചെടുക്കാനുണ്ടിതില്‍...
ഒരായുസ്സിന്‍റെ മുഴുവന്‍ ചരിത്രങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടതില്‍,
ആദ്യമായി പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുന്നവര്‍ സ്വപ്നങ്ങളുടെ ആകാശക്കോട്ടകള്‍ കെട്ടുമതില്‍,
ആ സ്വപ്നങ്ങളിലെ രാജകുമാരനായി താനൊരിക്കല്‍ വാഴുമെന്ന പ്രതീക്ഷയും,

പ്രവാസിയായിക്കഴിഞ്ഞാല്‍ കഥ മാറി,
ഓരോ പേജിലും പരാധീനതകളുടെയും പരിഭവങ്ങളുടെയും രേഖപ്പെടുത്തലുകള്‍,
മണപ്പിച്ച് നോക്കിയാല്‍ വിയര്‍പ്പും ഫോറിന്‍ അത്തറും
കൂടിച്ചേര്‍ന്ന ഗന്ധം,
കാതോരം ചേര്‍ത്ത് വെച്ചാല്‍ പലരുടെയും ആട്ടും തുപ്പും
സ്വന്തം ദീനരോദനവും കൂടിച്ചേര്‍ന്ന ശബ്ദം കേള്‍ക്കാം.

പ്രവാസം മതിയാക്കിയവനത് കാണുമ്പോ ഒരു തരം വെറുപ്പായിരിക്കും,
തന്‍റെ കൌമാര സ്വപ്നങ്ങളുടെയെല്ലാം തല്ലിക്കെടുത്തിയ കാലനോടെന്നപോലെ,

ഉള്ളതും കെട്ടിപ്പെറുക്കി കനവുകളുടെ മരഭൂവിലേക്ക്
വിമാനം കയറാന്‍ എല്ലാര്‍ക്കും വ്യഗ്രതയാണ്.
അകലങ്ങളില്‍ നിന്ന് നോക്കിക്കണ്ട പ്രവാസമല്ല യാഥാര്‍ത്ഥ്യങ്ങളുടെ പ്രവാസമെന്ന് മനസ്സിലാക്കാന്‍ അധികം വേണ്ടി വരില്ല,
പിന്നെ നാട്ടില്‍ പിടിക്കാനുള്ള വ്യഗ്രതയായി,
അതോടെ പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ സീലുകളുടെ എണ്ണവും കൂടും....

'ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം' എന്ന പറഞ്ഞ പോലെ പാസ്പോര്‍ട്ട് കണ്ടാലറിയാം ആളുടെ സാമ്പത്തിക സ്ഥിതി,
സ്ഥിരമായി വന്നും പോയുമിരിക്കുന്ന ശരാശരിക്ക് മുകളില്‍ സാമ്പത്തികാവസ്ഥയുള്ളവരാണെങ്കില്‍ പാസ്പോര്‍ട്ട് പഴകിയപോലിരിക്കും,
ഉള്ളില്‍ എല്‍.പി. സ്കൂള്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ കുത്തിവരച്ച പോലെ അവിടെയുമിവിടെയും സീലടിച്ച് നിറച്ചിട്ടുണ്ടാവും
അല്ലാത്തവന്‍റെത് ഒന്നാം റാങ്കുകാരന്‍റെ ആന്‍സര്‍ഷീറ്റ് പോലെയും.....

ചുരുക്കത്തില്‍ എല്ലാത്തിനും സാക്ഷിയായി ഈ കുഞ്ഞുപുസ്തകം....

പ്രവാസിയുടെ ഫോണ്‍വിളി

വിളിച്ചില്ലല്ലോ,
ബാപ്പ വിളിച്ചില്ലല്ലോ...
ഫോണ് വിളിച്ചില്ലല്ലോ,
എന്‍റെപുന്നാര ബാപ്പാ.....

കത്ത് പാട്ടുകളില്‍ എന്നും നിറഞ്ഞ് നിന്നിരുന്ന വിഷയമായിരുന്നു പ്രവാസിയുടെ ഫോണ്‍വിളി,
കാലാന്തരങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നെന്നത് നേര് തന്നെ,
പണ്ടൊക്കെ ഫോണ്‍ വിളിക്കാന്‍ കിലോ മീറ്ററോളം നടന്ന് പോയി ലൈന്‍ നിന്ന് ബുക്ക് ചെയ്ത് വിളിക്കേണ്ടി വന്നിരുന്നെന്ന് പഴയകാല പ്രവാസികള്‍ പറയുന്നത് കേള്‍ക്കുമ്പോ ന്യൂജനറേഷന്‍ പ്രവാസികള്‍ക്ക് ഒരു പുച്ഛമാണ്.
പല ഗ്രോസറികള്‍ക്ക് മുന്നിലും പഴയ പ്രൌഡിയൊന്നുമില്ലാതെ ഒറ്റക്കാലില്‍ നില്‍ക്കുന്ന പബ്ലിക് ടെലഫോണുകള്‍ ആ കാലത്തേക്ക് വലിച്ച് കൊണ്ട് പോകും...

ടെലഫോണും മൊബൈലുമൊന്നും സജീവമാകാത്ത കാലത്ത് അക്കരെ നിന്നെത്തുന്ന ഫോണ്‍വിളി ഏറെ മധുരമുള്ളതായിരുന്നു. ടെലഫോണുള്ള വീട്ടിലെ കുട്ടികള്‍ക്കായിരുന്നു പണി കൂടുതല്‍,
ഫോണ്‍ നമ്പറുകള്‍ കൈമാറുമ്പോ അയല്‍വാസിയുടെ നമ്പറാണെങ്കില്‍ ബ്രാക്കറ്റില്‍ (PP) എന്ന് കൂടി നല്‍കും. "പോയി പറയുക" എന്നായിരുന്നു ഇതിന്‍റെ പൂര്‍ണരൂപം. ഈ പോയിപ്പറയല്‍ കുട്ടികളുടെ ട്യൂട്ടിയായിരിക്കും.
അങ്ങനെ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലെത്തുന്ന മാരന്‍റെ ശബ്ദത്തിനെങ്ങിനെ മധുരമില്ലാതിരിക്കും....

മൊബൈലുകള്‍ സജീവമായതോടെ പിന്നെ ട്രങ്ക് കോളുകളായി,
നാട്ടിലെ നമ്പറില്‍ നിന്ന് വിളിച്ച് പറയും, നിങ്ങള്‍ക്ക് ഗള്‍ഫില്‍ നിന്നൊരു കോളുണ്ടെന്ന്, ശേഷം ഗള്‍ഫില്‍ നിന്ന് കോണ്‍ഫ്രന്‍സ് കോളെത്തും. എന്തോ തരികിട പണിയാണെന്നത് കൊണ്ട് തന്നെ ഇതിന്‍റെ വിശദാംശങ്ങളന്വേഷിക്കാന്‍ പോയിട്ടില്ല.

നെറ്റ് കോളുകള്‍ വന്നതോടെ ഇതിനെല്ലാം മാറ്റം വന്നു.
ഗള്‍ഫ് വിളിക്ക് മധുരവും കുറഞ്ഞു.
വിളിക്കുന്നത് നെറ്റില്‍ നിന്നാണെങ്കില്‍ മൊബൈലില്‍ നമ്പര്‍ തെളിയും
+3354216 Calling......
അപ്പോ തന്നെ ഉപ്പ പറയും,
"ഞാന്‍ ഇവിടില്ലാന്ന് പറഞ്ഞേക്ക്,"
മോന്‍ പറയും
"ഞാന്‍ കളിക്കാന്‍ പോയെന്ന് പറഞ്ഞേക്ക്"
ആ സ്ഥിതിയായിപ്പോ കാര്യങ്ങള്‍...,
കാരണം മറ്റൊന്നുമല്ല, ഇത്ര ചീപ്പ്റേറ്റിന് വിളിക്കാനുള്ളത് കൊണ്ട് ഫോണ്‍ വെക്കൂല, പറയാനാണെങ്കീ വിഷയവുമുണ്ടാകില്ല...
"പിന്നെന്താ", "പിന്നെന്താ" എന്ന് ഒരു നൂറ് വട്ടം ചോദിക്കും,
പിന്നൊന്നും പറയാനില്ല, അത് തന്നെ കാരണം.
മൊബൈലില്‍ നിന്നാവുമ്പോ കാര്യം മാത്രം പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്തോളുമല്ലോ...

നെറ്റ് കോളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ സെറ്റ് ചെയ്ത് വെക്കുന്നവരുമുണ്ട്, അങ്ങനെ വെച്ചാല്‍ രണ്ടുണ്ട് കാര്യം,
വിളിക്കുമ്പോ മറുതലക്കന്ന് ചോദിക്കും,
" അല്ലാ, ഞ്ഞി മൊബൈല്ന്നാണോ വിളിക്കുന്നത്, പൈസ പോവൂലെ,"
"ആ, അതൊന്നും പ്രശ്നല്ല, ങ്ങള് പറീ..."
എന്ന് പറയുമ്പോ കിട്ടുന്ന വെയിറ്റ്...
അഥവാ അധികം പറയാനൊന്നൂല്ലെങ്കീ
" ആ, ഞാന്‍ പിന്നെ നെറ്റ്ന്ന് വിളിക്കാം"
ന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കുകയും ചെയ്യാലോ.....

പ്രവാസികളുടെ പരസ്പര ബന്ധത്തിന് വരെ നെറ്റ്കോളുകള്‍ കാരണമായിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാവില്ല, നെറ്റ് വിളി കാരണം പരസ്പരം സംസാരിക്കാന്‍ പോലും പലര്‍ക്കും നേരം കിട്ടാറില്ല പോലും....
വിളിവിളിച്ച് അപ്പുറത്തുള്ളവന്‍റെ ഉറക്കം കളയുകയും ചെയ്യും.

ന്നാലും കല്യാണം കഴിഞ്ഞെത്തുന്ന പുയ്യാപ്ലമാര്‍ക്ക് ഇത് വല്യ അനുഗ്രഹം തന്നെ, അതിനെ പറ്റിപ്പറയാന്‍ ഈ അവിവാഹിതനറിയാത്തത് കൊണ്ട് നിര്‍ത്തുന്നു...
ന്നാ ശരി....