Showing posts with label പിന്നോട്ട്. Show all posts
Showing posts with label പിന്നോട്ട്. Show all posts

Thursday, February 20, 2014

ഏത് സദ്യവട്ടത്തിലിരുന്നാലും മതിയാകില്ലെനിക്ക്,

ഏത് സദ്യവട്ടത്തിലിരുന്നാലും
മതിയാകില്ലെനിക്ക്,
ഈ ഇരുത്തത്തിന്‍റെ
സുഖം തന്നെ കിട്ടണം.

ബെല്ലടിച്ചാല്‍ പ്ലേറ്റുമെടുത്ത് ഓടണം,
ചോറ് വിളമ്പിക്കൊടുക്കുമ്പോള്‍
വരി നില്‍ക്കുന്നവരുടെ ഇടയിലൂടെ
വരി തെറ്റിച്ച് മുന്നിലെത്തണം,

ചോറും വാങ്ങി
സ്കൂളിന്‍റെ പിന്നിലെ
ഓലപ്പുരയിലെ
മണ്ണ് തേച്ച നിലത്തിരിക്കണം,

പച്ചമാങ്ങ കൂട്ടിയരച്ച്
വാഴയിലയില്‍ പൊതിഞ്ഞ്
ഉമ്മയുണ്ടാക്കിത്തന്ന
മുളകുചമ്മന്തി പകുത്തെടുക്കണം

അമ്പത് പൈസയുടെ
നാരങ്ങയച്ചാര്‍ വാങ്ങി മൂഞ്ചണം,
മൂഞ്ചിക്കഴിഞ്ഞ അച്ചാര്‍ പേക്കറ്റ്
വായിലിട്ട് ചവക്കണം

കോഴിബിരിയാണിയെക്കാള്‍
രുചിയുള്ള
ആ ചോറും ചെറുപയര് കറിയും
ഒന്ന് കൂടി നുണയാന്‍ പൂതി

ഓര്‍മകളേ നീയിന്നെവിടെ
ഒരുവട്ടം കൂടിയെ-
ന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...

ഉമ്മാമ; ഓര്‍മകള്‍ മധുരിക്കുന്നു, ഒപ്പം വേദനയും

ചെറുപ്പം മുതലേ മധുരമുള്ള ഓര്‍മയാണ് ഉമ്മാമ
വീട്ടില്‍ കുട്ടികളെന്ന പോലെയാണ് ഓരോ വീട്ടിലും ഉമ്മാമമാരുടെയുടെ സാന്നിദ്ധ്യം,
മദ്രസയില്‍ പോകുമ്പോള്‍ ദിവസവും അന്‍പത് പൈസയുടെ വീതം വെപ്പുണ്ടാവും,

ഉമ്മാമയുടെ അളമാറയായിരുന്നു ബാങ്ക് ലോക്കര്‍,
അതിന്‍റെ ചാവി അരയിലെ ചരടില്‍ കോര്‍ത്ത് വെച്ചിട്ടുണ്ടാവും,
അളമാറ തുറക്കുമ്പോള്‍ ജന്നാത്തുല്‍ ഫിര്‍‌ദൌസ് അത്തറിന്‍റെ മണമുണ്ടാകും,
അമ്പത് പൈസ എനിക്ക്,
അമ്പത് അനിയന്,
ചെറിയ അനിയനോട് പറയും,
"നിനക്ക് ഇരുപത്തഞ്ച് പൈസ മതി, ഓല് ബല്യതല്ലേ, ഓല്ക്ക് അമ്പതിരിക്കട്ടെ,"
നേരിട്ട് കിട്ടിയ അമ്പതും ഉമ്മാമ കാണാതെ അടിച്ച് മാറ്റിയ അമ്പത് പൈസയും കൂടി എന്‍റടുത്ത് മൊത്തം ഒരു രൂപയായിട്ണ്ടാകും, അപ്പോഴേക്ക്.

അഥവാ കൈയ്യില്‍ നയാപൈസയില്ലെങ്കില്‍ ഉമ്മാമ പറയും
"കുഞ്ഞിക്കണ്ണന്‍റെ പീട്യേ പോയി അമ്പത് പൈസ വാങ്ങിക്കോ, ഞാന്‍ പറഞ്ഞാന്ന് പറഞ്ഞാ മതി"
ഉമ്മാമക്കറിയാം ഞാന്‍ പീട്യേ പോയി ഒരു രൂപ വാങ്ങിക്കൂംന്ന്.

കുരുത്തക്കേട് കളിച്ചാല്‍ ഉപ്പാന്‍റടുത്ത്ന്ന് അടി കിട്ടു
മ്പോ പിടിച്ച് വെക്കാന്‍ ഉമ്മാമ തന്നെ വേണ്ടിയിരുന്നു.

വയ്യാതായി കിടപ്പിലാകുന്നത് വരെ വീട്ടുപണികളില്‍ പലതും ചെയ്യാന്‍ ഉമ്മാമ മുന്നിലുണ്ടായിരുന്നു,

രോഗം മൂര്‍ച്ചിച്ച് ഹോസ്പിറ്റലിലായപ്പോള്‍ കൂട്ടിനിരിക്കേണ്ടി വന്നപ്പോള്‍ മരുന്ന് കൊടുക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴൊക്കെ കാണിച്ച വാശി കണ്ടപ്പോള്‍ മനസ്സിനോട് പറഞ്ഞു,
"മനസ്സേ വെറുക്കരുതേ"
ചെറുപ്പത്തിലെ എന്‍റെ പിടിവാശികള്‍ ഉമ്മാമക്കൊരിക്കലും വെറുപ്പ് തോന്നിയിട്ടുണ്ടാവില്ലല്ലോ....

ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ട് വീട്ടിലേക്ക് തിരികെ വന്ന് ഒരു മാസത്തോളമുണ്ടായിരുന്നു ഉമ്മാമ വീട്ടില്‍,
ഉള്ളിയേരിയിലെ ജോലിസ്ഥലത്ത് നിന്ന് ഒന്നിടവിട്ട് വരാറുണ്ടായിരുന്നു,
കുടുംബക്കാരെല്ലാം അടുത്തുണ്ടെങ്കിലും എനിക്ക് കാണണമല്ലോ ചെറുപ്പത്തിലെന്നെ കൊഞ്ചിച്ച് വളര്‍ത്തിയ ആ മുഖം...

മരണ ദിവസം ഒരു വ്യാഴാഴ്ചയായിരുന്നു,
ഉമ്മയുടെ വിളി വന്നപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല,
എന്നാലും വേഗം വീട്ടിലെത്തി,
കണ്ടപ്പോള്‍ ഹൃദയം തകര്‍ന്ന് പോയി,
ഉമ്മാമയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍,
മക്കളും പേരമക്കളുമായി തലമുറകളേറെയുണ്ട്,
എല്ലാവരുടെയും മുഖത്ത് കണ്ണീര് മാത്രം,
ഞാന്‍ ഖുര്‍ആനെടുത്ത് ഉസ്താദ് ഓതാന്‍ പറഞ്ഞ സൂറത്ത് ഏഴ് പ്രാവശ്യം ഓതി,
ഏഴാമത്തെ പ്രാവശ്യം ഓതി ഉമ്മാമയുടെ മുഖത്തേക്ക് ഊതിയ നിമിഷം....
ഉമ്മാമയുടെ ഈ ലോകത്തെ അവസാന നിമിഷമായിരുന്നത്...
പള്ളിയില്‍ നിന്ന് മഗരിബ് ബാങ്കുയര്‍ന്നു,
മരിക്കാന്‍ വെള്ളിയാഴ്ച രാവ് കാത്തിരുന്ന പോലെ,
ഉടനെ ശക്തമായ കാറ്റും മഴയും, കൂടെ ഇടിയും മിന്നും,
അരമണിക്കൂറോളം ആരെയും വിളിച്ചറിയിക്കാന്‍ പോലുമായില്ല ഫോണ്‍വിളിക്കാന്‍ പേടി തോന്നുന്നത്ര ഇടിയും മിന്നും,
എന്‍റുമ്മാമയുടെ മരണത്തില്‍ ആകാശം പോലും
കരഞ്ഞെന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം,

ഖബറിലേക്ക് വെച്ച് അവസാനം മൂന്ന് പിടി മണ്ണ് വാരിയിടാന്‍ പോലും കൈകള്‍ മടിച്ച് പോയി,
കുഞ്ഞുന്നാളില്‍ തലവെച്ചുറങ്ങിയ മാറത്തെങ്ങിനെ മണ്ണുവാരിയിടും....
മരിക്കാത്ത ഓര്‍മകള്‍ ഇന്നും കൂട്ടിനുണ്ട്....

പ്രാര്‍ത്ഥന മാത്രമാണ് പകരം നല്‍കാനുള്ളത്,
നാഥാ ആ ഖബറിടം സ്വര്‍ഗീയമാക്കിക്കൊടുക്കണേ...
ആമീന്‍....

Wednesday, February 5, 2014

ജീവിതത്തില്‍ കിട്ടിയ വലിയൊരു അംഗീകാരം.....

ഒരു നോമ്പിനായിരുന്നു സംഭവം,
ഉള്ള്യേരിയിലെ ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകവേ കൊയിലാണ്ടിയിലേക്കുള്ള ബസ്സിലായിരുന്നു യാത്ര
നോമ്പ് തുറക്കാന്‍ അല്‍പസമയം കൂടിയേ ബാക്കിയുള്ളു,
ഉള്ള്യേരിയില്‍ നിന്ന് നോമ്പ് തുറക്കാനുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സില്‍ കയറി,
ബസ് പകുതി പിന്നിട്ടിട്ടേയുള്ളു,
ഭയങ്കര തിരക്കും,
നോമ്പ് നോറ്റ് ക്ഷീണിച്ചത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും ഒന്നിരിക്കാന്‍ സീറ്റ് കിട്ടിയാല്‍.....

അതാ, മുന്നിലൊരുവന്‍ എണീക്കാനൊരുങ്ങുന്നു,
സീറ്റ് കിട്ടി,
ബസ്സ് ഒരു സ്റ്റോപ്പ് പിന്നിട്ടിട്ടേയുള്ളു,
രണ്ട് സീറ്റ് പിന്നില്‍ നിന്നൊരാള്‍ തോണ്ടുന്നു,
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു വൃദ്ധന്‍,
കറുത്ത മുണ്ടുടുത്ത് കഴുത്തില്‍ മാലയും ധരിച്ചിട്ടുണ്ട്,
ശബരിമലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും,
എന്നോട് പറഞ്ഞു,
മോനെ, മുട്ട് വേദനയാണ്, നില്‍ക്കാന്‍ വയ്യ,

നോമ്പ് നോറ്റ് ക്ഷീണിച്ചത് കൊണ്ട് തന്നെ എഴുന്നേറ്റ് കൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍,
മാത്രവുമല്ല, അയാളുടെ അടുത്തുള്ള സീറ്റിലൊക്കെ കൊറേ പേര്‍ ഇരിക്കുന്നുണ്ട്,
എന്നിട്ടും എന്നോട് തന്നെ,

എന്നാലും എഴുന്നേറ്റ് കൊടുത്തു,
ആ വൃദ്ധന്‍ അവിടെ ഇരുന്നു
പിന്നെ കൊയിലാണ്ടി എത്തുന്നത് വരെ നിന്നനില്‍പില്‍,

ഇറങ്ങാന്‍ നേരത്ത് അയാള്‍ വരുന്നുണ്ട് എന്‍റടുത്തേക്ക്,
എന്നിട്ടെന്നോട് പറയാ,
മോനേ, കാല് കൊണ്ട് വയ്യാഞ്ഞിട്ടാ,
സീറ്റിലിരിക്കുന്നവരുടെയൊക്കെ മുഖത്ത് നോക്കി, ആരും എണീറ്റ് തരുന്ന ലക്ഷണമില്ല, മോന്‍റെ വേഷവും മുഖഭാവവുമൊക്കെ കണ്ടപ്പോള്‍ എഴുന്നേറ്റ് തരുമെന്ന് തോന്നി,
അത് കൊണ്ടാ മോനോട് തന്നെ പറഞ്ഞത്,

ജീവിതത്തില്‍ കിട്ടിയ വലിയൊരു അംഗീകാരം.....

കാറ്റടിച്ചാല്‍ മാഞ്ചോട്ടിലേക്കൊടുന്ന കാലം

നല്ല പൊളപ്പന്‍ പഴുത്ത മാങ്ങ (മാമ്പഴം എന്ന് പറഞ്ഞാല്‍ രുചി കുറയും) കണ്ടാല്‍ ഇന്നും നാവില്‍ വെള്ളമൂറും,
മനസ്സ് കാതങ്ങളകലെയുള്ല നാട്ടുമാവിന്‍ചോട്ടിലേക്കോടും,

മാമ്പഴക്കാലമായാല്‍ പിന്നെ ഉല്‍സവമേളമാണ്,
രാവിലെ നേരത്തെയെഴുന്നേറ്റ് ഓടും മാച്ചോട്ടിലേക്ക്,
സുബഹിക്കെഴുന്നേല്‍ക്കാന്‍ പൊതുവേ മടിയായിരുന്നേലും മാമ്പഴക്കാലമായാല്‍ ആവേശം കൂടും
തലേന്ന് രാത്രി നല്ല കാറ്റുണ്ടായിരുന്നെങ്കില്‍ ഓട്ടത്തിന് സ്പീഡ് കൂടും,
ഒളര്‍ മാങ്ങ യായിരുന്നു വീട്ടില്‍ കൂടുതലും,
മാങ്ങ മൂത്ത് പാകമായാല്‍ കയറ്റക്കാരന്‍ കണാരേട്ടനെ വിളിച്ച് കൊണ്ടുവരാനും മാങ്ങ പറിച്ച് ചൊന കളഞ്ഞ് തുടച്ച് പേപ്പറില്‍ ചുരുട്ടി ചാക്കിലാക്കി വെക്കാനും എല്ലാത്തിനും ഞങ്ങള്‍ കുട്ടികള്‍ക്കായിരുന്നു ആവേശം കൂടുതല്‍,
പഴുത്ത് പാകമാകുന്നതിന് മുമ്പ് തന്നെ ഓരോന്നോരോന്നായി എടുത്ത് ഞെക്കിപ്പഴുപ്പിച്ച് തിന്നാന്‍ തുടങ്ങും,
ക്ഷമ വേണ്ടേ ക്ഷമ,

ഹോസ്റ്റലില്‍ പോകാന്‍ തുടങ്ങിയതോടെ പലപ്പോഴും ഈ മാമ്പഴ സൌഭാഗ്യം കിട്ടാതെ പോയിട്ടുണ്ട്,
എന്നാലും എന്‍റെ ലീവിന്‍റെ ഒരാഴ്ച മുമ്പ് ഉമ്മ തന്നെ ആളെ വിളിപ്പിച്ച് മാങ്ങ പറിപ്പിച്ച് വെക്കും,
എനിക്ക് കിട്ടിയില്ലേല്‍ എന്നെക്കാള്‍ ടെന്‍ഷന്‍ ഉമ്മാക്കാ,
ഒരിക്കല്‍ ഞാന്‍ വരുമ്പോഴേക്ക് മാങ്ങ കെട്ട് പോകൂന്ന് കരുതി അപ്പറത്തെ വീട്ടിലെ ഫ്രിഡ്ജില്‍ ഒരാഴ്ചയോളം മാങ്ങ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഉമ്മ,
മാങ്ങയെക്കാള്‍ ഉമ്മാന്‍റെ സ്നേഹത്തിനായിരുന്നു അന്ന് മധുരം കൂടുതല്‍......

മറ്റൊരു കിടിലന്‍ സാധനമുണ്ട്, നാട്ടുമാങ്ങ
കാന്താരിമൊളകിനെപ്പോലെയാ,
ആള് ചെറുതാണെങ്കിലും ഉള്ളത് ഒന്നൊന്നരയാ,
സ്ക്കൂളിന് പരിസരത്തെ നാട്ടുമാവുകളെല്ലാം കാണാപാഠമാ,
ബെല്ലടിച്ചാല്‍ പിന്നെ കൂട്ടയോട്ടമായിരിക്കും,
ചിലപ്പോ ബെല്ലടിക്കുന്നതിന് മുമ്പ് തന്നെ മൂത്രമൊഴിക്കാന്‍ പോട്ടേന്ന് മാഷിനോട് കള്ളം പറഞ്ഞും ഓടും,
കുട്ടിക്കാലത്തെ കുസൃതികളെല്ലാം കൂടിച്ചേര്‍ന്ന മധുരമാണ് നാട്ടുമാങ്ങക്ക്......
ഇന്ന് അങ്ങാടീന്ന് വാങ്ങുന്ന മല്‍ഗോവന്‍ മാമ്പഴത്തിന് പോലുമുണ്ടാകില്ല ആ മധുരം...

അത്ര ഇഷ്ടമുള്ളത് കൊണ്ടായിരിക്കണം ആദ്യമായി പ്രവാസത്തിലേക്ക് വരുമ്പോള്‍ കൈയ്യിലുള്ള ഇരുപത്തേഴ് കിലോ ബാഗേജില്‍ ഇരുപതും പഴുത്തമാങ്ങയായിരുന്നു....

നബിദിനം, ഗൃഹാതുരത്വം വേട്ടയാടുന്ന ഓര്‍മകള്‍

നബിദിനം,
ഗൃഹാതുരത്വം വേട്ടയാടുന്ന നിമിഷങ്ങള്‍,
വ്യത്യസ്തമായ ഓര്‍മകള്‍.....

എഴുതിപ്പഠിച്ച പാട്ടും പ്രസംഗവും സ്റ്റേജില്‍ കയറി പാടി/പറഞ്ഞ് തീര്‍ക്കുന്ന കുട്ടിയുടെ വ്യഗ്രതയാണ് മദ്റസയിലെ നബിദിനത്തിന്,
മനഃപാഠമാക്കിയത് ഓര്‍മ വരാതാവുമ്പോള്‍ കേള്‍വിക്കാരുടെ ചിരി, നേരത്തെ പാട്ട് മറന്ന് കരഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിപ്പോന്ന കൂട്ടുകാരനപ്പോള്‍ ഇരട്ടി സന്തോഷമാവും.
സമ്മാനം കിട്ടിയ സോപ്പ്/പെന്‍/ പ്ലൈറ്റ്/ഗ്ലാസ് എന്നിവ വീട്ടുകാരെ കാണിക്കുമ്പോഴുണ്ടാകുന്ന സന്തോഷം വേറത്തന്നെ, വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ സമ്മാനം കിട്ടിയ പ്ലേറ്റില്‍ ഉമ്മ ഭക്ഷണം വിളമ്പും,
കഴിക്കുമ്പോ ഉമ്മ പറയും,
"ഓന് സമ്മാനം കിട്ടിയ പ്ലേറ്റാ അത്"
എന്നെക്കാള്‍ സന്തോഷം ഉമ്മാന്‍റെ മുഖത്തായിരിക്കുമപ്പോള്‍...

കോളേജിലെത്തിയതോടെ ഗ്രൂപ്പ് മല്‍സരങ്ങളായി,
അതോടെ നബിദിന ഓര്‍മകള്‍ക്ക് അല്‍പം വീറും വാശിയും വന്ന് ചേര്‍ന്നു. കണക്ക് കൂട്ടലുകളും തന്ത്രം മെനയലുകളും തകൃതിയായിരിക്കും,
സമ്മാനം കിട്ടിയ ഫൈബര്‍ പ്ലേറ്റ് സുഹൃത്തിന്‍റെ കൈയില്‍ നിന്ന് വീണ് പൊട്ടിയിട്ടും കവര്‍ പൊളിക്കാതെ മാസങ്ങളോളം പെട്ടിയില്‍ സൂക്ഷിച്ചത് ഇപ്പോഴും മറന്നിട്ടില്ല.

അധ്യാപക ജീവിതമാരംഭിച്ചതോടെ മല്‍സരങ്ങള്‍ നടത്തിപ്പുകാരനായി / വിധി കര്‍ത്താവായി മാറേണ്ടി വന്നു,
മല്‍സരങ്ങളില്‍ കുട്ടികളുടെ ആവേശം കാണുമ്പോള്‍ അവരിലൊരാളായില്ലല്ലോ എന്ന ദുഃഖം അന്നേ ഉണ്ടായിരുന്നു.
മല്‍സരത്തില്‍ ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന കുട്ടികളോട്, "ഒന്നും രണ്ടും മൂന്നും ഇല്ലെങ്കിലും നീ നാലാം സ്ഥാനത്താ" എന്ന് ഓരോരുത്തരോടും സ്വാകര്യമായി പറഞ്ഞ് സമാധാനിപ്പിക്കുമ്പോള്‍, അവരുടെ മുഖത്തുള്ള സന്തോഷം മനസ്സിലേക്ക് ആവാഹിക്കുമ്പോഴുള്ള നിര്‍വൃതി....

എല്ലാം നിറമുള്ള ഓര്‍മകള്‍.....
എല്ലാര്‍ക്കും ഹൃദ്യമായ നബിദിനാശംസകള്‍....