എന്‍റെ തിരുവള്ളൂര്‍

ചരിത്രം
സാമൂഹ്യചരിത്രം
(കടപ്പാട്: തിരുവള്ളൂര്‍ ന്യൂസ്)
തിരുവളളൂര്‍ ഗ്രാമപഞ്ചായത്തിനും അതിലെ അംശ ദേശങ്ങള്‍ക്കും ഏറെ ചരിത്രകഥകള്‍ അയവിറക്കാനുണ്ട്. മുറിഞ്ഞവാളും പരിചയുമായി, തന്റെ കളരി ആയോധനാപാടവം കൊണ്ട്, എല്ലാം തികഞ്ഞ തച്ചോളി ഒതേനനുമായി ഏറ്റുമുട്ടുകയും, പരാജയം മനസ്സിലാക്കിയ ഒതേനന്‍ സന്ധിയാവുകയും ചെയ്തുവെന്ന് കേള്‍ക്കുന്ന കഥയിലെ, ഒതേനനോടേറ്റുമുട്ടിയ വെളളന്‍ എന്ന ധീര യോദ്ധാവിന്റെ നാട്, ഈ ഗ്രാമമായിരുന്നത്രെ. വെള്ളന്റെ പേരുമായി ഈ ഗ്രാമത്തിന്റെ സ്ഥലനാമം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയാം. വീരനായ വെള്ളനെ, പൂര്‍വ്വികന്മാര്‍ “തിരു” എന്ന ദ്രാവിഡപദം ചേര്‍ത്തു സംബോധന ചെയ്തിരുന്നു. തിരുവള്ളന്‍ അങ്കം ജയിച്ച നാടിനെ, ഊരെന്ന മറ്റൊരു ദ്രാവിഡ പദം കൂടി ചേര്‍ത്ത് “തിരുവള്ളന്‍ ഊരു” എന്നു വിളിക്കുകയും, ക്രമേണ ഇത് ലോപിച്ച് “തിരുവള്ളൂ”രായി മാറുകയും ചെയ്തുവെന്നു പറയപ്പെടുന്നു. പൂര്‍വ്വികരില്‍ നിന്നും കൈമാറിവരുന്ന മറ്റൊരു കഥ കൂടിയുണ്ട്. കിഴക്കുപടിഞ്ഞാറായി ഒഴുകുന്ന കുറ്റിയാടി പുഴയുടെ പടിഞ്ഞാറുഭാഗം, പണ്ട് സമതലങ്ങളും സസ്യലതാദികളും ചൂരല്‍ക്കാടുകളും തിങ്ങിനിറഞ്ഞ വനപ്രദേശമായിരുന്നു. ഈ ഭൂപ്രദേശത്തുണ്ടായിരുന്ന ചൂരല്‍ക്കാടുകള്‍ വെട്ടിത്തെളിച്ച്, പുനംകൃഷി ചെയ്യാന്‍ വയനാടന്‍ മലയിറങ്ങി വന്ന ഗൌഡ സമൂഹം, മാങ്ങാം മൂഴിയില്‍ നിന്നും വടക്കോട്ടു പോകുന്ന, ഇന്നത്തെ “മാഹി കനാ”ലെന്ന പഴയ പുഴയിലൂടെ തോടനൂര്‍ ഭാഗത്തെത്തുകയുണ്ടായത്രെ. ഈ ആദിഗൌഡ സംഘം തമ്പടിച്ച ഊര് ആദ്യം “ഗൌഡന്നൂ”രായും, പിന്നീട് “തോടനൂ”രായും അറിയപ്പെട്ടു. ഈ ഭൂപ്രദേശങ്ങള്‍ തങ്ങളുടെ അധികാരപരിധിയിലൊതുക്കുവാന്‍, അവര്‍ കടന്നുവന്ന പുഴ അതിരാക്കി ഒരു നടകെട്ടി. അതത്രെ, “ഗൌണ്ടര്‍ നട”യെന്ന ഇന്നത്തെ “കവുന്തന്‍ നട”. ഈ നട കടന്ന്, വെളുത്തകരയും (വെള്ളൂക്കര), തുരുത്തും (തുരുത്തി) അവര്‍ കൈവശപ്പെടുത്തി. ഈ വംശപരമ്പരയിലെ പ്രമുഖന്‍ “തിരുവള്ളുവര്‍” ആയിരുന്നു. ഗൌഡര്‍ നടയിലൂടെ കടന്നു, പിന്നീട് കിഴക്ക് സ്ഥിരതാമസം തുടങ്ങിയ “തിരുവള്ളുവരുടെ ഊരാ”യിരുന്ന പ്രദേശമാണ് ഇന്ന് തിരുവള്ളൂര്‍ ആയി അറിയപ്പെടുന്നത്. തിരുവള്ളുവരുടെ കന്നിക്കും തോഴിമാര്‍ക്കും യാത്രയ്‌ക്കൊരുക്കിയ വഴിയാണ് ഇന്നത്തെ കന്നിനട എന്നറിയപ്പെടുന്ന പ്രദേശമെന്നാണ് ഐതിഹ്യം. കുറെയേറെ കോവിലകങ്ങളും നാടുവാഴിത്തറവാടുകളും ഇല്ലങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു. കളരിമുറകള്‍ അഭ്യസിക്കുന്നത് സര്‍വ്വസാധാരണമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പഞ്ചായത്തിലെ ആദ്യത്തെ ഹൈന്ദവാരാധനാലയം തിരുവള്ളൂര്‍ ശിവക്ഷേത്രവും, മുസ്‌ളീം ആരാധനാലയം കണ്ണമ്പത്തുകര പള്ളിയുമാണ്. ബാവുപാറ ശിവക്ഷേത്രത്തിലെ, മേപ്പാറമേലുള്ള വറ്റാത്ത കിണറും കുളവും ഒരു അത്ഭുതമായി ഇന്നും നിലനില്‍ക്കുന്നു. വടക്കന്‍പാട്ടിലൂടെ ഇന്നും ജനമനസ്സില്‍ ജീവിക്കുന്ന “കപ്പള്ളി പാലാട്ട് കോമന്‍” ജനിച്ചത് ചെമ്മരത്തൂരിലാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഫ്യൂഡല്‍ സംസ്‌കാരവും, ജന്മി യാഥാസ്ഥിതികത്വവും, അതിന്റെ എല്ലാ ദുഷിച്ച സവിശേഷതകളോടുംകൂടി ഇവിടെയും നിലനിന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ഈ പ്രദേശങ്ങളില്‍ കടന്നത്തിയതോടുകൂടി, അനീതിയെയും അനാചാരങ്ങളെയും എതിര്‍ക്കാനും, സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാകാനും ജനങ്ങള്‍ തയ്യാറായി. കേളപ്പജി, കേളുവേട്ടന്‍, പി.ആര്‍.നമ്പ്യാര്‍ തുടങ്ങിയ നേതാക്കന്മാരുടെ പ്രചോദനത്തില്‍ ആകൃഷ്ടരായി, കള്ളുഷാപ്പ് പിക്കറ്റിംഗ്, തിരുവള്ളൂര്‍ സബ്രജിസ്ട്രാര്‍ ആപ്പീസ് പിക്കറ്റിംഗ്, ക്ഷേത്രപ്രവേശന സമരം, ഉപ്പുകുറുക്കല്‍, അയിത്തോച്ചാടനം എന്നിങ്ങനെ നിരവധി പ്രക്ഷോഭങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. ഉപ്പുകുറുക്കല്‍സമരക്കാരെ നേരിടാന്‍ ഒരു പോലീസ് എയ്ഡ് പോസ്റ്റ് തിരുവള്ളൂരില്‍ സ്ഥാപിച്ചിരുന്നു. അയിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമായി സി.എച്ച്.കുഞ്ഞിരാമക്കുറുപ്പ്, എ.രാമക്കുറുപ്പ്, ചാപ്പൊയില്‍ കണ്ണക്കുറുപ്പ്, പാലാട്ട് കൃഷ്ണക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍, ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍, താഴ്ന്ന ജാതിക്കാരെ കുളിപ്പിച്ചുകൊണ്ട് സാമൂഹ്യാനീതിക്കും, അനാചാരത്തിനുമെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിവിട്ടിരുന്നു. മദ്രാസ് നിയമസഭയിലെ ഉപരിസഭാംഗമായിരുന്നു തോടന്നൂരിലെ പുതിയടത്ത് വി.പി.നാരായണന്‍ നമ്പ്യാര്‍. ഇദ്ദേഹത്തിന്റെ കുതിരവണ്ടിക്കു വരാന്‍ വേണ്ടിയായിരുന്നു, അന്ന് എം.എല്‍.സി.റോഡ് എന്നറിയപ്പെടുന്ന ഇന്നത്തെ വടകരഎടോടിതോടനൂര്‍ റോഡ് നിര്‍മ്മിച്ചത്. ചെമ്പൈവൈദ്യനാഥ ഭാഗവതര്‍ ആദ്യകാലത്ത് സംഗീതാര്‍ച്ചന നടത്തിയ വീടുകളിലൊന്നായിരുന്നു വള്ള്യാട് വണ്ണത്താങ്കണ്ടി തറവാട്. വിദ്യാഭ്യാസരംഗത്ത്, 1958ല്‍ സ്ഥാപിച്ച തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂളും, ഗതാഗതരംഗത്ത് തിരുവള്ളൂരിനെ വടകരയുമായി ബന്ധിപ്പിക്കുന്ന കന്നിനടപാലവും, ആരോഗ്യരംഗത്ത് തിരുവള്ളൂര്‍ ആശുപത്രിയും, കാര്‍ഷിക സാമൂഹികരംഗത്ത് 1962ല്‍ തോടനൂരില്‍ പ്രവര്‍ത്തനമാരംഭിച്ച എന്‍.ഇ.എസ് ബ്‌ളോക്കും ഈ നാടിന്റെ വികസനരംഗത്തെ നാഴികക്കല്ലുകളാണ്. കേരളപ്പിറവിക്കു ശേഷമുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ ഫലമായും, ഭൂപരിഷ്‌കരണ നിയമങ്ങള്‍ നടപ്പിലായതോടെയും ഈ പഞ്ചായത്ത് അഭിമാനാര്‍ഹമായ നിരവധി നേട്ടങ്ങള്‍ കൊയ്‌തെടുത്തിട്ടുണ്ട്. വ്യാവസായികരംഗത്ത് തിരുവള്ളൂര്‍ പഞ്ചായത്ത് വളരെയധികം പിന്നിലാണ്. പരമ്പരാഗത വ്യവസായങ്ങളായ പായ, കൊട്ട എന്നിവയുടെ നിര്‍മ്മാണം വെള്ളൂക്കര, തുരുത്തി, തോടനൂര്‍, കാഞ്ഞിരാട്ട് തറ, കോട്ടപ്പള്ളി, കണ്ണമ്പത്ത് കര എന്നിവിടങ്ങളില്‍ നടക്കുന്നുണ്ട്. തോടനൂര്‍, ചെമ്മരത്തൂര്‍ പ്രദേശങ്ങളില്‍ മണ്‍പാത്രനിര്‍മ്മാണവും നടക്കുന്നുണ്ട്.
ഭൂവിനിയോഗചരിത്രം
കുറുമ്പ്രനാട് താലൂക്കിലെ തിരുവള്ളൂര്‍, കോട്ടപ്പള്ളി, ചെമ്മരത്തൂര്‍ എന്നീ അംശങ്ങളുള്‍പ്പെട്ട, ഈ പഞ്ചായത്തില്‍, ഭൂമിയുടെ ആദ്യകാല അധികാര നിയന്ത്രണകേന്ദ്രങ്ങള്‍, കടത്തനാട്, കുറ്റിപ്പുറം കോവിലകങ്ങളും; കാട്ടുമാടം, പൂലൂരില്ലം എന്നീ മനകളുമായിരുന്നു. ജന്മിമാര്‍ക്ക് അവരുടെ കുടിയാന്മാരില്‍ നിന്ന് വാരം, കപ്പം മുതലായവ പിരിച്ചെടുക്കുവാന്‍ പാട്ടാളിമാരും, കാര്യസ്ഥന്മാരും ഉണ്ടായിരുന്നു. നെല്ല്, തെങ്ങ്, മെടഞ്ഞ ഓല, ചക്ക, നെയ്യ്, കോഴി തുടങ്ങിയ വരുമാനങ്ങളില്‍, നല്ലൊരു പങ്കും പാട്ടമായി കുടിയാന്മാരില്‍ നിന്നും വസൂലാക്കിയിരുന്നു. ഏതെങ്കിലും ഒരു തമ്പുരാന്റെ കുടിയാനാവുക എന്നത് അന്തസ്സായി കരുതിയിരുന്ന ചിലര്‍, കൈവശഭൂമിതന്നെ തമ്പുരാന് ഒഴിമുറികൊടുത്ത്, കുടിയാന്മാരായ കഥകളും ഈ നാട്ടിലുണ്ട്. പാട്ടം കൊടുക്കാത്ത ഭൂമി ഒഴിപ്പിച്ചെടുത്തിരുന്നത് നിര്‍ദ്ദയമായ രീതിയിലായിരുന്നു. ചാര്‍ത്ത്, മേല്‍ച്ചാര്‍ത്ത്, ഒറ്റി, കാണം, ഒഴിമുറി തുടങ്ങിയ സമ്പ്രദായങ്ങള്‍ അക്കാലത്ത് നിലവിലുണ്ടായിരുന്നു. 12 വര്‍ഷം മണ്ണില്‍ അധ്വാനിച്ചു കഴിഞ്ഞാല്‍, താന്‍ അനുഭവിച്ചുകൊണ്ടിരുന്ന ഭൂമി, കുടിയാന്‍ ജന്മിക്ക് പൊളിച്ചെഴുതുകയും, പാട്ടത്തുക പുതുക്കുകയും വേണമായിരുന്നു. ആയത് ചെയ്യാതിരുന്നാല്‍ പ്രസ്തുതഭൂമി ഒഴിപ്പിച്ചെടുക്കുവാനുള്ള അധികാരവും ജന്മിമാര്‍ക്കുണ്ടായിരുന്നു. 1957ലെ കാര്‍ഷിക ബന്ധനിയമവും 1970ലെ ഭൂപരിഷ്‌കരണനിയമവും പ്രാബല്യത്തിലായതോടുകൂടി, കുടിയാനെന്ന യഥാര്‍ത്ഥകര്‍ഷകന്‍ ഭൂമിക്കുടമയായി. അതോടെ ജന്മിത്വം അവസാനിച്ചു. വളരെ ഫലഭൂയിഷ്ഠമായ താഴ്വരകളിലും സമതലപ്രദേശങ്ങളിലും കാല്‍ നൂറ്റാണ്ട് മുന്‍പുവരെ വ്യാപകമായി ചോമാല, പള്ളിയാരല്‍ എന്നീ കരനെല്‍കൃഷിയും, ചാമ, മുത്താറി എന്നീ ധാന്യകൃഷിയും, ഉഴുന്ന് ഉള്‍പ്പെടെയുള്ള പയര്‍വര്‍ഗ്ഗകൃഷിയും, മരച്ചീനി, ചേന, ചേമ്പ്, കൂര്‍ക്ക, ചെറുകിഴങ്ങ്, കാച്ചില്‍ എന്നീ പുരയിടകൃഷികളും, കദളി, മൈസൂര്‍ തുടങ്ങിയ നാടന്‍വാഴകളും കൃഷി ചെയ്തിരുന്നു. കൊയ്ത്തിനുശേഷം അതേ പാടത്തുതന്നെ വെള്ളരി, പയര്‍, പച്ചക്കറി മുതലായ കൃഷികളും വ്യാപകമായി നടന്നിരുന്നു.
ഗതാഗതചരിത്രം
മദ്രാസ് നിയമസഭയിലെ ഉപരിസഭാംഗമായിരുന്നു തോടനൂരിലെ പുതിയടത്ത് വി.പി.നാരായണന്‍ നമ്പ്യാര്‍. ഇദ്ദേഹത്തിന്റെ കുതിരവണ്ടിക്കു വരാന്‍ വേണ്ടിയായിരുന്നു, അന്ന് എം.എല്‍.സി.റോഡ് എന്നറിയപ്പെട്ടിരുന്ന, ഇന്നത്തെ വടകരഎടോടിതോടനൂര്‍ റോഡ് നിര്‍മ്മിച്ചത്. കന്നിനടപ്പുഴ ഈ പഞ്ചായത്തിനെ കിഴക്കും പടിഞ്ഞാറുമായി ഭാഗിക്കുകയും, കിഴക്കും തെക്കും തെക്കുപടിഞ്ഞാറുമായി കുറ്റിയാടിപ്പുഴ ഒഴുകുകയും ചെയ്യുന്നതിനാല്‍, ഈ പ്രദേശം മറ്റു സ്ഥലങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകിടന്നിരുന്നു. നടന്നു പോകുവാന്‍ കന്നിനടപ്പുഴയ്ക്കു കുറുകെ ഒരു മരപ്പാലം മാത്രമുണ്ടായിരുന്നു. വര്‍ഷകാലയാത്രയ്ക്ക് തോണികളും, തോടനൂരില്‍ നിന്ന് വടകരയ്‌ക്കെത്താന്‍ ഒരു ചെറിയ നിരത്തും മാത്രമാണുണ്ടായിരുന്നത്. തിരുവള്ളൂരിനെ വടകരയുമായി ബന്ധിപ്പിക്കാന്‍, കന്നിനടയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റു പാലമാണ്, ഗതാഗതരംഗത്ത് ഈ പഞ്ചായത്തിന്റെ വികസനവാതായനം തുറന്നത്. വര്‍ഷങ്ങള്‍ക്കുശേഷം കോട്ടപ്പള്ളിയെ ബന്ധിപ്പിക്കാന്‍, ആയഞ്ചേരി നിരത്തില്‍ ഒരു പാലവും, പിന്നീട് തിരുവള്ളൂരിനെ പേരാമ്പ്രയുമായി ബന്ധിപ്പിക്കാന്‍ ചാനിയം കടവില്‍ കുറ്റിയാടിപ്പുഴയ്ക്കു കുറുകെ വലിയൊരു പാലവും നിര്‍മ്മിക്കപ്പെട്ടു. 1964ല്‍ ആദ്യത്തെ പഞ്ചായത്തു ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ ചാനിയം കടവ്‌വടകര, തോടന്നൂര്‍ചെമ്മരത്തൂര്‍, മീങ്കണ്ടിആയഞ്ചേരി, തിരുവള്ളൂര്‍നാദാപുരം എന്നീ വീതി കുറഞ്ഞതും പൂര്‍ത്തീകരിക്കപ്പെടാത്തതുമായ നിരത്തുകളായിരുന്നു ഉണ്ടായിരുന്നത്.
വിദ്യാഭ്യാസസാംസ്‌കാരിക ചരിത്രം
പാലക്കാടു നിന്നും വന്നത്തിയ എഴുത്തച്ഛന്മാര്‍ എന്നറിയപ്പെട്ട നിലത്തെഴുത്താശ്ശാന്മാരായിരുന്നു, ഈ ഗ്രാമത്തിലേയും ആദ്യവിദ്യാദാതാക്കള്‍. അവര്‍ക്ക് സഹായവും സൌകര്യങ്ങളും ഒരുക്കികൊടുക്കുവാന്‍ നിരവധി കുടുംബങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. തോടന്നൂരിലെ തെക്കയില്‍ താഴ കുനിയില്‍ ആയിരുന്നു അവര്‍ സ്ഥാപിച്ച ആദ്യത്തെ എഴുത്തുപള്ളി. തോടന്നൂര്‍ എലിമെന്ററി സ്‌കൂള്‍ എന്ന ഈ പള്ളിക്കൂടമാണ്, ഇന്ന് തോടന്നൂര്‍ യു.പി.സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മുസ്‌ളീം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ടാണ് പിന്നീട് തോടനൂര്‍ മാപ്പിളസ്‌കൂള്‍ സ്ഥാപിതമായത്. തിരുവള്ളൂരില്‍ പത്മനാഭന്‍ അടിയോടി ഹെഡ്മാസ്റ്റ്‌ററായി എലിമെന്ററി വിദ്യാലയം സ്ഥാപിതമാകുകയും, അത് പിന്നീട് 1958ല്‍ തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂള്‍ ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഈ വിദ്യാലയം ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചത് എം.കുമാരന്‍ മാസ്റ്ററായിരുന്നു. വൈവിധ്യമുള്ള ആചാരങ്ങളും വിശ്വാസങ്ങളുമായി വിവിധ ജനവിഭാഗങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന ഈ ഗ്രാമത്തിനു ധന്യമായൊരു സാംസ്‌കാരിക ചരിത്രമുണ്ട്. ആദികാലങ്ങളിലെ സാംസ്‌കാരിക സിരാകേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. പഴയകാലത്ത് സംഗീതം, നൃത്തം മുതലായ കലാപരിപാടികള്‍ ക്ഷേത്രാങ്കണങ്ങളിലും കോവിലകങ്ങളിലുമായി ഒതുങ്ങിനിന്നിരുന്നു. പാട്ടും, ആട്ടവും അടിസ്ഥാനവര്‍ഗ്ഗത്തിനു ആസ്വദിക്കുവാന്‍ ലഭിച്ചിരുന്ന അവസരങ്ങള്‍ അക്കാലത്തെ ക്ഷേത്രോത്സവങ്ങളും, കോവിലകം ആചാരങ്ങളും മാത്രമായിരുന്നു. ഹിന്ദുമതാചാരവുമായി ബന്ധപ്പെട്ടുള്ള ഓണം, വിഷു, തിരുവാതിരക്കളി മുതലായവ ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നുണ്ട്. തിറയാട്ടം കെങ്കേമമായി നടന്നുവന്നിരുന്ന പഴയ കാലത്ത് ക്ഷേത്രങ്ങളൊക്കെ കുടുംബവക സ്വകാര്യസ്വത്തായിരുന്നു.കടപ്പാട് എല്‍ എസ് ജി

No comments:

Post a Comment