ഏകദേശം ഒരു വര്‍ഷം മുമ്പാണ് സംഭവം,
രാത്രി രണ്ട് മണിയായിക്കാണും.
ഖത്തറില്‍ ഒരു കോണ്‍ട്രാക്റ്റിംഗ് കമ്പനി നടത്തുന്ന ബന്ധുവിന്‍റെ നമ്പറില്‍ നിന്ന് അപ്രതീക്ഷിതമായ ഒരു കോള്‍,
കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ശ്രീലങ്കക്കാരന്‍ മരണപ്പെട്ടുവത്രെ,
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവാണമെങ്കില്‍ ഇഖാമ കാന്‍സല്‍ ചെയ്യണം. സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം അത്യാവശ്യ സര്‍വീസുകള്‍ ചെയ്യേണ്ടി വരാറുണ്ട്.
റോഡില്‍ നിര്‍ത്തിയിട്ട വണ്ടിയിലെത്തിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ മുന്നിലിരിക്കുന്ന വെളുത്ത നീളന്‍ കുപ്പായവും ചുവന്ന തലേക്കെട്ടും കൈയ്യില്‍ ഒരു വടിയുമായി വളരെ പ്രായം തോന്നിപ്പിക്കുന്ന ആളെ കണ്ടു.
ഹാജിക്ക എന്ന തൃശൂരുകാരന്‍ അബ്ദുല്‍ഖാദര്‍ ഹാജിയെ പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായാണ്.
ദോഹയില്‍ മരണപ്പെടുന്ന വിദേശികളുടെ മൃതദേഹം കുളിപ്പിക്കുന്നത് മുതല്‍ നാട്ടിലേക്ക് വിമാനം കയറ്റുന്നത് വരെ എല്ലാത്തിനും ഹാജിക്ക പ്രതിഫലേച്ഛയില്ലാതെ മുന്നിലുണ്ടാകും.
ഇത് വരെയായി മുവ്വായിരത്തോളം മയ്യത്തുകളുടെ അന്ത്യകര്‍മങ്ങള്‍ സ്വന്തം കൈ കൊണ്ട് ചെയ്തിട്ടുണ്ടത്രെ.
പ്രായം അറുപത്തഞ്ച് കഴിഞ്ഞിട്ടും ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാതിരുന്നിട്ടും നട്ടപ്പാതിരക്ക് പോലും ഹാജിക്ക ആര്‍ക്കോ വേണ്ടി ഓടിപ്പായുന്നു.
അത്യപൂര്‍വമായി മാത്രം കാണുന്ന വ്യക്തിത്തങ്ങളിലൊരാള്‍,
പിന്നെയും പല പ്രാവശ്യം ഹാജിക്ക എന്നെ വിളിച്ചു. എല്ലാം രാത്രി പന്ത്രണ്ട് മണിക്ക് ശേഷം തന്നെ, മരണപ്പെട്ടവരുടെ പേപ്പറുകള്‍ ശരിയാക്കാന്‍,
ഒരു ദിവസം പേപ്പറുകള്‍ ശരിയാക്കിക്കൊടുത്തതിന്‍റെ പിറ്റേന്ന് ഹാജിക്ക എന്നെ വിളിച്ചു
"മോനെ, ഇന്നലെ വന്ന കക്ഷികള്‍ മോന് എന്തെങ്കിലും തന്നോ"
"തന്നല്ലോ,"
"എത്ര തന്നു,"
"സര്‍വീസ് ചാര്‍ജ്, പത്ത് രിയാല്‍"
ഫോണ്‍ കട്ടു ചെയ്ത ഉടനെ ഹാജിക്ക നേരിട്ട് വന്നു എന്റടുത്തേക്ക്,
കീശയില്‍ നിന്ന് നൂറ് റിയാലെടുത്ത് എനിക്ക് തന്നു,
വേണ്ടാന്ന് പറഞ്ഞപ്പോള്‍ ഹാജിക്ക പറഞ്ഞു
"ഇത് മോനുള്ളതാണ്, നട്ടപ്പാതിര നേരത്ത് എനിക്ക് ഇനിയും വിളിക്കാനുള്ളതാണ് മോനെ, അത് കൊണ്ട് ഇത് വെച്ചോ,"
ആര്‍ക്കോ വേണ്ടി ചെയ്ത സര്‍വീസിന് സ്വന്തം കീശയില്‍ നിന്ന് കാശെടുത്തു തരാന്‍ മറ്റൊന്നാലോചിക്കേണ്ടി വന്നില്ല ഹാജിക്കാക്ക്,
വിദേശിയായ ഒരാള്‍ ഖത്തറില്‍ മരണപ്പെട്ടാല്‍ ചെയ്യേണ്ട നിയമ നടപടികള്‍ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷിലുള്ള ഒരു ചാര്‍ട്ട് എന്‍റടുത്ത് തന്നു ഹാജിക്ക, അറബിയിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍,
ട്രാന്‍സ്ലേറ്റ് ചെയ്ത ഡോക്യുമെന്‍റ് വാങ്ങാന്‍ ഹാജിക്ക വന്നില്ല, രണ്ട് മാസത്തിന് ശേഷം വിളിച്ചു എന്നിട്ട് പറഞ്ഞു
"മോനെ, ഞാന്‍ സുഖമില്ലാതെ ഹോസ്പിറ്റലിലാണ്, അത് കൊണ്ടാണ് പേപ്പര്‍ വാങ്ങാന്‍ വരാതിരുന്നത്, ഇന്‍ശാ അല്ലാ വരാം,"
പിന്നീടും പലപ്പോഴായി വിളിച്ചു, ആ പേപ്പര്‍ വാങ്ങാന്‍ വരാതിരുന്നതിന് ക്ഷമാപണം ചോദിച്ചുകൊണ്ട്.
ഇപ്പോഴും കൈയ്യിലുണ്ട് ആ ഡോക്യുമെന്‍റുകള്‍,
വാങ്ങാന്‍ ഹാജിക്ക വരില്ലെന്ന് മാത്രം...
ഇന്നലെ ഹാജിക്കയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.
ഒരു പാട് പേരുടെ മയ്യിത്ത് നാട്ടിലേക്കയക്കാന്‍ വളരെയേറെ ബുദ്ധിമുട്ടിയ ഹാജിക്ക പക്ഷെ, സ്വന്തം മയ്യത്ത് നാട്ടിലെത്തിക്കാന്‍ ആരും ബുദ്ധിമുട്ടരുതെന്ന് വിചാരിച്ച് കാണണം,
അത്കൊണ്ട് തന്നെയാണ് ഖത്തറില്‍ ജീവിച്ച് ഇവിടെത്തന്നെ മരിച്ച് ഇവിടെതന്നെ ഖബറടക്കണമെന്ന് പല അഭിമുഖങ്ങളിലുമായി അദ്ദേഹം പറഞ്ഞ് വെച്ചത്.
ആഗ്രഹം പോലെ ഹാജിക്കയുടെ മയ്യത്ത് നാട്ടിലേക്കെടുക്കേണ്ടി വന്നില്ല, ഖത്തറില്‍ തന്നെ ഖബറടക്കി,
ഖത്തറിനെയും ഇവിടത്തെ വിദേശികളെയും ഒരു പാട് സ്നേഹിച്ച ഒരു മനുഷ്യസ്നേഹിയുടെ ആഗ്രഹം പോലെത്തന്നെ....
നാഥന്‍ അദ്ദേഹത്തിന്‍റെ പരലോകം ധന്യമാക്കിക്കൊടുക്കുമാറാകട്ടെ....

No comments:
Post a Comment